Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണ്ണിന്റെ മകൾ അച്ഛന്റെ സ്നേഹത്തിലേക്ക്...

Sitha വര : ബേബിഗോപാൽ

യാഗഭൂമി ഉഴുതപ്പോൾ മിഥിലാ രാജ്യത്തെ ജനകമഹാരാജാവിന് ഉഴവുചാലിൽ നിന്നൊരു കുഞ്ഞിനെ കിട്ടി. നല്ല ഓമനത്തമുള്ള പെൺകുഞ്ഞ്. വാത്സല്യത്തോടെ കുഞ്ഞിനെ വാരിയെടുത്തു സ്വന്തം കുഞ്ഞായി വളർത്തിവലുതാക്കി. സീതയെന്നു പേരുമിട്ടു. ഈ സുന്ദരിക്കുട്ടിക്ക് മൂന്ന് അനുജത്തിമാർ കൂടിയുണ്ടായി– ശ്രുതകീർത്തി, ഊർമിള, മാണ്ഡവി. അങ്ങനെ മഹാരാജാവിനു നാലു പെൺമക്കൾ. ഏറെ ആഹ്ലാദത്തോടെയാണ് അദ്ദേഹം പെൺമക്കളെ വളർത്തിയത്. ജനകൻ എന്ന വാക്കിന് അർഥം അച്ഛൻ എന്നാണ്. മിഥിലാപുരിയിലെ ജനകൻ പേരിൽ മാത്രമല്ല, എല്ലാ അർഥത്തിലും നല്ല അച്ഛനായിരുന്നു.

പെൺമക്കൾക്കു വിവാഹപ്രായമായി. ശൈവചാപം ഖണ്ഡിച്ച സാക്ഷാൽ രാമനു സീതയെ വിവാഹം കഴിച്ചുനൽകി. രാമന്റെ അനുജന്മാർക്കു സീതയുടെ അനുജത്തിമാരെയും വിധിപ്രകാരം നൽകി. അതിനു ശേഷം ജനകമഹാരാജാവ്, സീതയെ കിട്ടിയ കാര്യം വസിഷ്ഠനോടും വിശ്വാമിത്രനോടും പറയുകയാണ്:

‘‘യാഗഭൂദേശം വിശുദ്ധ്യർഥമായുഴുതപ്പോ– ളേകദാ സിതാമധ്യേ കാണായി കന്യാരത്നം ജാതയായൊരു ദിവ്യകന്യകതനിക്കു ഞാൻ ‘സീത’യെന്നൊരു നാമം വിളിച്ചേനതു മൂലം’’

ഉഴവുചാലിലൊരു പെൺകുഞ്ഞിനെ കണ്ടപ്പോൾ എടുത്തുവളർത്തിയതാണ് എന്ന കാര്യം സത്യസന്ധമായി പറയാൻ കൂടി തയാറാകുന്നു ആ അച്ഛൻ. (സാക്ഷാൽ ലക്ഷ്മീദേവി ഭൂമിദേവിയുടെ മകളായ സീതയായി അവതരിച്ചതാണ് എന്ന കാര്യം നാരദർ പറഞ്ഞപ്പോഴാണു ജനകൻ പോലും അറിയുന്നത്.)

കാത്തുകാത്തിരുന്നൊരു കുഞ്ഞിക്കാലു കണ്ടാൽ അതു പെൺകുഞ്ഞാണെങ്കിൽ പലർക്കും മുഖം ചുളിയുന്നു, ഈ പുത്തൻയുഗത്തിലും. പിറക്കാനിരിക്കുന്നതു പെണ്ണാണെങ്കിൽ ഗർഭത്തിൽ വച്ചു തന്നെ നശിപ്പിക്കാൻ കുറെ പേരെങ്കിലും തയാറായതുകൊണ്ടാണല്ലോ ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം കുറ്റകരമാക്കി ആധുനികലോകത്തിനു നിയമമുണ്ടാക്കേണ്ടിവന്നത്. പെൺകുഞ്ഞു പിറന്നാൽ ആരും കാണാതെ വഴിയിൽ വലിച്ചെറിയാൻ പോലും മടിയില്ലാത്തവർ‌ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലുമുണ്ട്. ഇവിടെയാണ് ഉഴവുചാലിൽ നിന്നു കിട്ടിയ പെൺകുഞ്ഞിനെ സ്വന്തം മകളാക്കി വളർത്തിയെടുത്ത ജനകന്റെ കഥയ്ക്കു പ്രസക്തി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.