Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർവ്വദോഷനിവൃത്തിക്ക് സ്കന്ദഷഷ്ഠി

ജ്യോതിഷം

ഉദ്ദിഷ്ഠകാര്യസാധ്യത്തിനാണ് ഷഷ്ഠി വ്രതം എടുക്കുന്നത്. അതിൽ തുലാമാസത്തിലെ സ്കന്ദഷഷ്ഠിക്കാണ് പ്രാധാന്യം. ആറുഷഷ്ഠി എടുക്കുന്നതിനു തുല്യമാണ് ഒരു സ്കന്ദഷഷ്ഠി എടുക്കുന്നത്. സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലെ പ്രധാന അനുഷ്ഠാനങ്ങളിൽ ഒന്നായാണ് ഷഷ്ഠിവ്രതത്തെ കാണുന്നത്.

സന്താന സൗഭാഗ്യത്തിനും സന്താനങ്ങളുടെ അഭിവൃദ്ധിക്കു വേണ്ടിയും, സർപ്പദോഷ നിവാരണത്തിനും സർവ്വദോഷ നിവൃത്തിക്കു വേണ്ടിയുമാണ് ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത്. ചൊവ്വാദോഷമുള്ളവർ, മകയിരം, ചിത്തിര തുടങ്ങിയ നാളുകാരും ഷഷ്ഠിവ്രതം എടുക്കുന്നതും സുബ്രഹ്മണ്യ ഭജനം നടത്തുന്നതും ശ്രേയസ്ക്കരമാണ്. ആദ്യമായി ഷഷ്ഠി വ്രതാചരണം തുടങ്ങേണ്ടതും തുലാമാസത്തിലെ ഷഷ്ഠിയിലാണെന്നു പറയുന്നു.

സൂര്യോദയത്തിനു ശേഷം ആറുനാഴിക ഷഷ്ഠി ഉള്ള ദിവസമാണ് ഷഷ്ഠിവ്രതം നോൽക്കുന്നത്. വെളുത്ത പഞ്ചമിനാളിൽ ഒരിക്കൽ എടുത്തു സുബ്രഹ്മണ്യ ഭജനം നടത്തണം. ഷഷ്ഠി ദിവസം വ്രതശുദ്ധിയോടെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനവും വഴിപാടും നടത്തുന്നു. ഉച്ചസമയത്തെ ഷഷ്ഠി പൂജയും തൊഴുത് ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന പടച്ചോറും ഉണ്ടാണ് വ്രതം പൂർത്തിയാക്കുന്നത്. വൈകുന്നേരം സുബ്രഹ്മണ്യ ഭജനവും ഷഷ്ഠീദേവി സ്തോത്രവും ചൊല്ലുന്നതും ഉത്തമമാണ്. പിറ്റേന്നു തുളസിയിട്ട തീർത്ഥം സേവിച്ച് പാരണ വീട്ടുന്നു.

ഷഷ്ഠിവ്രതത്തെ ബന്ധപ്പെടുത്തി പുരാണത്തിൽ പല കഥകളും പറയുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടത് പാർവ്വതി ദേവിയുമായി ബന്ധപ്പെടുത്തിയാണ്. സർപ്പാകൃതിയിൽ മറഞ്ഞ സുബ്രഹ്മണ്യനെ പ്രത്യക്ഷനാക്കാൻ പാർവ്വതി ദേവി എടുത്ത വ്രതമാണ് ഷഷ്ഠിവ്രതം. ദേവി നൂറ്റെട്ട് ഷഷ്ഠിവ്രതം എടുത്തു എന്നാണ് പറയുന്നത്. മറ്റൊരു കഥ താരകാസുര വധവുമായി ബന്ധപ്പെടുത്തിയാണ്. ദേവാസുര യുദ്ധസമയത്ത് താരകാസുര നിഗ്രഹത്തിനായി സുബ്രഹ്മണ്യനെ യുദ്ധക്കളത്തിൽ കൊണ്ടുവരാൻ ദേവൻമാർ ഷഷ്ഠിവ്രതം എടുത്തതായും പറയുന്നു.

പൂർണ്ണ ഭക്തിയോടുകൂടി ഷഷ്ഠിവ്രതം എടുക്കുന്നവർക്ക് അതിന്റെ ഫലപ്രാപ്തിയുമുണ്ടാകുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.