Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫലമറിയാൻ രാമായണം നൂലിട്ട് നോക്കാം...

star-prediction-by-using-ra

നക്ഷത്ര ജ്യോതിഷത്തിനപ്പുറം ഫലമറിയാൻ മനുഷ്യർ വിവിധ മാർഗങ്ങൾ സ്വീകരിച്ചുവരുന്നു. ഓരോ സമൂഹത്തിലും പല രീതിയിൽ ഇത് നിലനിന്നിരുന്നു. കേരളത്തിൽ മുൻകാലങ്ങളിൽ നിത്യജീവിതവുമായി അഭേദ്യബന്ധമുണ്ടായിരുന്ന ഒന്നാണ് രാമായണം ഉപയോഗപ്പെടുത്തി പോന്നത്. കല്യാണ ആലോചന, വസ്തുവാങ്ങൽ, ധനാഗമം, ശത്രുക്കളുടെ സ്ഥിതി, താൽപര്യമുള്ള ഒരു വ്യക്തിയുടെ അപ്പോഴത്തെ സ്ഥിതി തുടങ്ങി — ഒരു തീരുമാനം എടുക്കാൻ ബുദ്ധിമുട്ടുള്ളവ തീരുമാനം എടുക്കാനായി ഈ മാർഗം സർവപ്രകാരേണ ഉപയോഗിച്ചിരുന്നു.

ശരീരശുദ്ധിയും മനഃശുദ്ധിയും വരുത്തി, പ്രാർഥനാ പൂർവം രാമായണമെടുത്തു ഒരു നൂലോ ഈർക്കിലോ കൊണ്ട് രാമായണത്തിൽ കടത്തി അപ്പോൾ ലഭിക്കുന്ന രാമായണ ഭാഗത്തിലെ ആദ്യത്തെ ഏഴുവരിയും ഏഴക്ഷരവും തള്ളിക്കളഞ്ഞ് ശേഷം വരുന്ന ഭാഗത്തെ ആദ്യത്തെ നാലുവരിയിലെ ആശയമാണ് ഫലം അറിയേണ്ട ആൾ സ്വീകരിക്കുന്നത്. ഇതിനെയാണ് രാമായണം നൂലിട്ട് നോക്കൽ എന്നറിയപ്പെട്ടിരുന്നത്. ഇന്ന് ഈ സമ്പ്രദായം ഏറെക്കുറെ പ്രചാരമായിക്കഴിഞ്ഞു.

ചരിത്രാഖ്യായകാരനായ സി.വി, രാമൻ പിള്ളയുടെ മാർത്താണ്ഡവർമ നോവലിൽ രാമായണം നൂലിട്ട് നോക്കുന്ന സന്ദർഭമുണ്ട്. മാർത്താണ്ഡവർമയിലെ നായികയായ പാറുക്കുട്ടി കാമുകനായ അനന്തപദ്മനാഭനെകാണാതെ ഉഴലുകയായിരുന്നു. അനന്തപദ്മനാഭൻ മരിച്ചുവെന്ന് മറ്റുള്ളവരെല്ലാം പറഞ്ഞിട്ടും മനഃസാക്ഷിയിൽ അനന്തപദ്മനാഭൻ മരിച്ചിട്ടില്ലെന്ന ഉൾപ്രേരണ തുടർന്നപ്പോൾ പാറുക്കുട്ടി സത്യമറിയാൻ രാമായണം നൂലിട്ടുനോക്കുന്നു. അപ്പോൾ പാറുക്കുട്ടിക്ക് ലഭിച്ചത് രാമായണത്തിലെ ഈ വരികളാണ്.

“അവരജനുമഖിലകപികുലബലവുമായ്... ആശുവരുവതിനില്ലൊരു സംശയം” — അതായത് മോഷ്ടിച്ച് തടവിലാക്കിയെങ്കിലും കപികുല സഹായത്താൽ ഈ ആപത്തിൽനിന്നും സീത രക്ഷപ്പെടും, മോചിതയാകും എന്ന ഭാഗമാണ് ലഭിച്ചത്. അതോടെ അനന്തപദ്മനാഭൻ മരിച്ചിട്ടില്ലെന്നും ആപത്തിൽപ്പെട്ടതേയുള്ളൂവെന്നും തിരിച്ചെത്തുമെന്നും പാറുക്കുട്ടി ഉറച്ചു വിശ്വസിക്കുന്നു. അത് ശരിയായിരുന്നുതാനും. പൂർവികകാലത്ത് നാട്ടിൽ ജീവിതബന്ധിയായിരുന്ന ഒരു ഫലാന്വേഷണ മാർഗം സർഗനിധിയായ സി.വി. തന്റെ നോവലിൽ സന്നിവേശിപ്പിച്ചതാണ് ഈ സന്ദർഭം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.