Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുചേലനെ കുബേരനാക്കുന്ന സ്വർ‌ഗവാതിൽ‌ ഏകാദശി

vishnu

ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശി വൈകുണ്ഠ ഏകാദശി അഥവാ സ്വർഗവാതിൽ ഏകാദശി എന്നറിയപ്പെടുന്നു. ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശി ഡിസംബർ 21 നും കറുത്ത പക്ഷ ഏകാദശി ജനുവരി അഞ്ചിനുമാണ്‌. കൃഷ്ണൻ സഹപാഠിയായിരുന്ന കുചേലനെ കുബേരനാക്കിയ ദിനമാണു സ്വർഗവാതിൽ അഥവാ വൈകുണ്ഠ ഏകാദശി എന്നാണ്‌ ഐതിഹ്യം. സ്വർഗവാതിൽ ഏകാദശി ദിവസം തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ശ്രീകോവിലിനകത്തുളള ഒരു വാതിൽ സ്വർഗവാതിലായി കണക്കാക്കി പ്രത്യേക പൂജകൾ നടക്കും. തിരുവിതാകൂർ രാജകുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ രാത്രി നടക്കുന്ന ശീവേലിയിൽ ഭഗവാനെ ഇറക്കി എഴുന്നളളിക്കുകയും ചെയ്യും. ഈ ദിവസം വിഷ്ണുക്ഷേത്ര ദർശനം നടത്തുകയും ക്ഷേത്രത്തിലെ ഒരു നടയിലൂടെ കയറി മറ്റൊരു നടയിലൂടെ പുറത്തിറങ്ങുകയും ചെയ്യുന്നതു സ്വർഗത്തിൽ എത്തിയ പുണ്യം ലഭിക്കുമെന്നാണു വിശ്വാസം. ഒരു വര്‍ഷത്തിൽ 24 ഏകാദശികളാണു വരുന്നത്. ധനുമാസത്തിൽ വരുന്ന രണ്ട് ഏകാദശികളും അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

വ്രതാനുഷ്്ഠാനം

ഏകാദശിയുടെ തലേന്നു ദശമി ദിവസം ഒരിക്കലൂണ്. ഏകാദശി ദിനം പൂർണമായി ഉപവസിക്കുന്നതു നല്ലത്. അതിനു സാധിക്കാത്തവർ ഒരു നേരം പഴങ്ങളോ അരിയാഹാരമൊഴിച്ചു മറ്റു ധാന്യാഹാരങ്ങളോ കഴിക്കുക. എണ്ണ തേച്ചു കുളിക്കരുത്, പകലുറക്കം പാടില്ല. പ്രഭാത സ്നാനത്തിനു ശേഷം ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കില്‍ വിഷ്ണു ക്ഷേത്ര ദർശനം നടത്തി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയവ കൊണ്ടുളള അര്‍ച്ചന നടത്തുകയും ചെയ്യുക. അന്നു മുഴുവൻ അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കുക. വിഷ്ണുസഹസ്രനാമം ചൊല്ല‌ുന്നത് ഉത്തമം. കഴുകി വൃത്തിയാക്കിയ വെളുത്ത വസ്ത്രം ധരിക്കുക, തുളസി നനയ്ക്കുന്നതും തുളസിത്തറയ്ക്കു മൂന്നു പ്രദക്ഷിണം വയ്ക്കുകയും ചെയ്യുക. ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. ഭഗവത്ഗീത ജയന്തിദിനവുമാണ് അന്നേ ദിവസം. ഏകാദശിയുടെ പിറ്റേന്നു ദ്വാദശി ദിവസം രാവിലെ മലരും തുളസിയിലയും ഇട്ട തീർഥം സേവിച്ചു വ്രതം അവസാനിപ്പിക്കാം.

ഏകാദശി വ്രതത്തിന്റെ ഫലങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമുണ്ട്‌. വിഷ്ണുപ്രീതിയിലൂടെ മോക്ഷം ‌ലഭിക്കാൻ‌ ഏറ്റവും ഉത്തമ മാർ‌ഗമാണ് ഏകാദശി വ്രതം. ഏകാഗ്രതയോടും തികഞ്ഞ ഭക്തിയോടു കൂടി വ്രതമനുഷ്്ഠിച്ചാൽ മാത്രമേ പൂർണഫലം ലഭിക്കുകയുളളൂ.

കൃഷ്ണ അഷ്ടകം

വസുദേവ സുതം ദേവം കംസ ചാണൂര മർദനം ദേവകീപരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും.

അതസീ പുഷ്പസങ്കാശം ഹാരനൂപുര ശോഭിതം. രത്നകങ്കണകേയൂരം കൃഷ്ണം വന്ദേ ജഗദ്ഗുരും.

കുടിലാലക സംയുക്തം പൂർണചന്ദ്ര നിഭാനനം വിലസത് കുണ്ഡലധരം കൃഷ്ണം വന്ദേ ജഗദ്ഗുരും.

മന്ദാരഗന്ധ സംയുക്തം ചാരുഹാസം ചതുർഭുജം ബർഹിപിഞ്ഛാവചൂഡാംഗം കൃഷ്ണം വന്ദേ ജഗദ്ഗുരം.

ഉത്ഫുല്ല പദ്മപത്രാക്ഷം നീലജീമൂത സന്നിഭം. യാദവാനാം ശിരോരത്നം കൃഷ്ണം വന്ദേ ജഗദ്ഗുരും.

രുക്മിണീ കേളി സംയുക്തം പീതാംബര സുശോഭിതം. അവാപ്ത തുലസീഗന്ധം കൃഷ്ണം വന്ദേ ജഗദ്ഗുരും.

ഗോപികാനാം കുചദ്വന്ദ കുങ്കുമാങ്കിത വക്ഷസം ശ്രീനികേതം മഹേഷ്വാസം കൃഷ്ണം വന്ദേ ജഗദ്ഗുരും.

ശ്രീവത്സാങ്കം മഹോരസ്കം വനമാലാ വിരാജിതം ശംഖചക്രധരം ദേവം കൃഷ്ണം വന്ദേ ജഗദ്ഗുരും.

കൃഷ്ണാഷ്ടകമിദം പുണ്യം പ്രാതരുത്ഥായ യഃ പഠേത് കോടിജന്മകൃതം പാപം സ്മരണേന വിനശ്യതി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.