Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊണ്ടുപോകാൻ പറ്റില്ലല്ലോ തിരുവാതിരയെ...!

astro-rain

‘‘രാക്കിളി തൻ വഴി മറയും നോവിൻ പെരുമഴക്കാലം. കാത്തിരിപ്പിൻ തിരി നനയും ഈറൻ പെരുമഴക്കാലം...’’

അതെ, ഈ ഈറൻപെരുമഴക്കാലം നമ്മിലേക്കു പെയ്തുചൊരിയുന്നതു കുറെയേറെ നോവുകൾ കൂടിയാണ്- ഗൃഹാതുരതയുടെ നോവുകൾ. അതുകൊണ്ടുതന്നെയാണു മലയാളി ചോദിച്ചത്- ഞാറ്റുവേലക്കിളിയേ നീയൊരു പാട്ടു പാടി വരുമോ... എന്ന്. ഇതാ ഞാറ്റുവേലക്കിളി തിരുവാതിരമഴയുടെ പാട്ടുപാടി വന്നിരിക്കുന്നു. ഞാറ്റുവേലക്കിളിയുടെ പാട്ടു കേൾക്കാൻ പുത്തിലഞ്ഞിച്ചോട്ടിൽ കാത്തുനിൽക്കുന്ന മലയാണ്മയുടെ മനസ്സുകളിൽ കുളിരു പെയ്യുന്ന നാളുകൾ.

തിരുവാതിര ഞാറ്റുവേലയെ മലയാളി അത്രയേറെ സ്നേഹിക്കുന്നു. അത്രയേറെ ഹൃദയത്തിൽ കൊണ്ടുനടക്കുന്നു. ഓരോ കൊല്ലവും മലയാളമണ്ണിനു കൊതി തീരുവോളം കുളിരു നൽകിയാണു തിരുവാതിര ഞാറ്റുവേല മടങ്ങുന്നത്. ഇതാ ഇക്കൊല്ലവും മലയാണ്മയുടെ കൊതി തീർക്കാൻ തിരുവാതിരയെത്തി. പ്രകൃതിക്കു നേരെയും മനുഷ്യൻ കയ്യോങ്ങാൻ തുടങ്ങിയതോടെ തിരുവാതിര ഞാറ്റുവേലയിലും മഴ കുറഞ്ഞുവെന്നതു നേര്. എങ്കിലും, ജൂൺ 21നു രാത്രി കടന്നുവന്ന തിരുവാതിര ഞാറ്റുവേല ജൂലൈ അഞ്ചിലെ രാത്രിവരെ കുളിരു പകർന്ന് ഇവിടെയുണ്ടാകും.

എന്താണു ഞാറ്റുവേല...?

ഞാറ്റുവേല എന്ന വാക്കിൽത്തന്നെയുണ്ട് അതിന്റെ അർഥവും. ഞായറിന്റെ വേല ഞാറ്റുവേല. ഞായർ എന്നാൽ സൂര്യൻ. അപ്പോൾ സൂര്യന്റെ വേല തന്നെ ഞാറ്റുവേല. സൂര്യന്റെ പല വേലകളിലൊന്ന്! സമയം അഥവാ കാലം എന്നർഥത്തിലുള്ള വേളയാണ് ഇവിടെ വേലയായി മാറിയത്. അപ്പോൾ സൂര്യനെ അടിസ്ഥാനമാക്കി കണക്കാക്കുന്ന കാലയളവു തന്നെ ഞാറ്റുവേല. മഴക്കാലത്തെയാണു ഞാറ്റുവേല എന്നു പറയുന്നത് എന്നാണു പലരുടെയും ധാരണ. എന്നാൽ, അങ്ങനെയല്ല. വേനൽക്കാലത്തും മഞ്ഞുകാലത്തുമെല്ലാം ഞാറ്റുവേലയുണ്ട്. പക്ഷേ, തിരുവാതിര ഞാറ്റുവേല മഴക്കാലത്തിന്റേതു മാത്രം. 

ഞാറ്റുവേലയും സയൻസും

ഭൂമി സൂര്യനെ ചുറ്റുന്നത് ഒരു വർഷം കൊണ്ടാണല്ലോ. ഈ ഒരു വർഷത്തെ 27 തുല്യഭാഗങ്ങളാക്കി വിഭജിക്കുമ്പോൾ കിട്ടുന്ന ഓരോ ഭാഗത്തെയുമാണു ഞാറ്റുവേല എന്നു പറയുന്നത്. ഓരോ ഞാറ്റുവേലയും 13-14 ദിവസം വീതം ഉണ്ടാകും. കൊല്ലം മുഴുവൻ ഞാറ്റുവേലയുണ്ട്. പക്ഷേ, തിരുവാതിര ഞാറ്റുവേലയ്ക്കു മാത്രമേ ഇത്ര പേരുകിട്ടിയുള്ളൂ. ഒരു വർഷത്തെ 27 ഭാഗങ്ങളാക്കിയുള്ള ഈ ഞാറ്റുവേലകൾ 27 നക്ഷത്രങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. അശ്വതി മുതൽ രേവതി വരെയുള്ള എല്ലാ നക്ഷത്രങ്ങളുടെ പേരിലും ഞാറ്റുവേലയുണ്ട്. മേടം ഒന്നിന് ആദ്യത്തെ ഞാറ്റുവേലയായ അശ്വതി ഞാറ്റുവേല ആരംഭിക്കും. അതുകഴിഞ്ഞാൽ ഭരണി ഞാറ്റുവേല. അങ്ങനെ...

തിരി മുറിയാതെ മഴ

എല്ലാക്കൊല്ലവും മിഥുനമാസത്തിൽ 6-7 ദിവസം പിന്നിടുമ്പോഴാണു തിരുവാതിര ഞാറ്റുവേല ആരംഭിക്കുക, ജൂൺ 21-22ന് അടുത്ത്. ജൂലൈ 5-6ന് അടുത്ത ദിവസങ്ങളിൽ അവസാനിക്കുകയും ചെയ്യും. തെക്കുപടിഞ്ഞാറൻ കാലവർഷം കേരത്തിന്റെ മണ്ണിൽ തിമർത്തുപെയ്യുന്ന നാളുകൾ. തിരുവാതിര ഞാറ്റുവേലയിൽ തിരി മുറിയാതെ മഴ എന്നതു വെറുമൊരു പഴഞ്ചൊല്ലല്ല, മലയാളിയുടെ അനുഭവമാണത്. കൊമ്പൊടിച്ചുകുത്തിയാൽ പോലും പൊടിക്കുന്ന കാലം. ഒന്നാം വിള നെല്ലിന്റെ ഞാറു പറിച്ചു നടുന്ന നാളുകൾ. കുരുമുളകുവള്ളിക്കു മുള പൊട്ടാൻ പറ്റിയ വേള. മണ്ണിന്റെ മണമുള്ള മലയാളി തിരുവാതിരയെ പ്രണയിച്ചതു വെറുതെയല്ല.

കൊണ്ടുപോകാൻ പറ്റില്ലല്ലോ തിരുവാതിരയെ...!

വിദേശികളായ കച്ചവടക്കാർ പണ്ടു കേരളത്തിൽ വന്നു. ഇവിടെനിന്നു കുരുമുളകുവള്ളികൾ കൊണ്ടുപോകാൻ അനുമതി ചോദിച്ചു. അന്നത്തെ സാമൂതിരി രാജാവ് അനുമതി കൊടുത്തു. വള്ളി കൊണ്ടുപൊയ്ക്കോട്ടെ, അവർക്കു നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാൻ പറ്റില്ലല്ലോ എന്നായിരുന്നു സാമൂതിരിയുടെ ന്യായം. സഹ്യന്റെ മടിയിൽ കിടക്കുന്ന കേരളത്തിന്റെ മാത്രം അനുഗ്രഹമാണു തിരുവാതിരയുടെ പെരുമഴക്കാലം എന്ന ശാസ്ത്രസത്യമാണു സാമൂതിരി തുറന്നുപറഞ്ഞത്.

Your Rating: