Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളികൾക്കു വിദ്യാരംഭം 23നു തന്നെ

pooja-navarathri

കർണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെയും കേരളത്തിലെയും വിജയദശമി വിദ്യാരംഭം വ്യത്യസ്ത ദിവസങ്ങളിലായി വന്നിരിക്കുകയാണ് ഇത്തവണ. കൊല്ലൂരിൽ ഈ മാസം 22നു വിജയദശമിയായി ആചരിക്കാനാണു തീരുമാനം എന്നറിയുന്നു. എന്നാൽ, കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലും 23നു തന്നെയാണു വിജയദശമി– വിദ്യാരംഭച്ചടങ്ങുകൾ ആചരിക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ വിജയദശമിയും മഹാനവമിയും മറ്റും കണക്കാക്കുന്ന രീതി നാം മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്.

ചാന്ദ്രമാസങ്ങളിലൊന്നായ ആശ്വിനമാസത്തിൽ വെളുത്ത പക്ഷത്തിലെ ദശമിയാണു വിജയദശമി. ഈ ദശമി വരുന്ന ദിവസം വിജയദശമി ദിവസമായും വിദ്യാരംഭദിനമായും ആചരിക്കുന്നു. ദശമി രണ്ടു ദിവസങ്ങളിലായി വന്നാൽ ഏതു ദിവസം സ്വീകരിക്കണം എന്ന കാര്യത്തിലും വ്യക്തതയുണ്ട്. പിറന്നാൾപക്ഷം സ്വീകരിക്കുക എന്നതാണ് ആ വ്യക്തത. അതായത് ഏതു ദിവസമാണോ സൂര്യോദയം മുതൽ ആറോ അതിലധികമോ നാഴിക വരെ ദശമി വരുന്നത് ആ ദിവസമാണു വിജയദശമി ദിവസമായി സ്വീകരിക്കുന്നത്.

ഇക്കൊല്ലം ഒക്ടോബർ 22നു പകൽ 11.55ന് ആണു ദശമി തുടങ്ങുന്നത്. ഇത് അവസാനിക്കുന്നത് 23നു രാവിലെ 9.49നും. 23നു വെള്ളിയാഴ്ച രാവിലെ ഒൻപതു നാഴിക ഒരു വിനാഴിക വരെ ദശമിയുണ്ട്. അതുകൊണ്ടുതന്നെ, കേരളീയരീതി അനുസരിച്ചു വിജയദശമി–വിദ്യാരംഭം ആചരിക്കേണ്ടത് ഒക്ടോബർ 23നു തന്നെ.

മഹാനവമിയും വിജയദശമിയും കണക്കാക്കുന്നത് ‘‘വാണ്യർച്ചാശ്വിനമാസി ശുക്ലനവമീ മധ്യാഹ്നഗാ യദ്ദിനേ...’’ എന്നു തുടങ്ങുന്ന ശ്ലോകത്തിൽ പറയുന്ന നിയമപ്രകാരമാണ്. ആശ്വിനമാസത്തിൽ വെളുത്തപക്ഷ നവമി മധ്യാഹ്നത്തിൽ വരുന്ന ദിവസം മഹാനവമി. പകലിനെ അഞ്ചു ഭാഗമാക്കിയാൽ അതിൽ മൂന്നാമത്തെ (മധ്യത്തിലെ) ഭാഗമാണു മധ്യാഹ്നം. ഇതനുസരിച്ച് ഇക്കൊല്ലം മധ്യാഹ്നത്തിൽ നവമി വരുന്നത് 22ന് ആണ്. അതുകൊണ്ടു മഹാനവമി ഒക്ടോബർ 22നു തന്നെ. അങ്ങനെ, വിജയദശമിയുടെ തലേന്നു മഹാനവമിയും ഇതിന്റെ തലേന്നു ദുർഗാഷ്ടമിയും വരുന്നു.

ദുർഗാഷ്ടമിക്കു പിറന്നാൾപക്ഷമാണു കണക്കാക്കുന്നത്. അതായത് സൂര്യോദയം മുതൽ ആറുനാഴിക വരെയെങ്കിലും അഷ്ടമി വരുന്ന ദിവസം ദുർഗാഷ്ടമി. എന്നാൽ അഷ്ടമി സന്ധ്യയ്ക്കു വരുന്ന ദിവസമാണു കേരളത്തിൽ പൂജവയ്പ് പൊതുവേ നടത്തുന്നത്. സന്ധ്യയ്ക്കുള്ള പൂജയോടെയാണു തുടക്കവും.

ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ഇക്കൊല്ലം കേരളത്തിൽ സ്വീകരിക്കാവുന്ന രീതി ഇങ്ങനെ: നവരാത്രി പൂജവയ്പ് ഒക്ടോബർ 20ന്, ദുർഗാഷ്ടമി 21ന്, മഹാനവമി 22ന്, വിജയദശമി–വിദ്യാരംഭം 23ന്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.