Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യോഗങ്ങൾക്കു പ്രസക്തിയേറെ

astro-18

വലിയ ശാസ്ത്രമായ ജ്യോതിഷത്തിന്റെ അടിസ്ഥാനഘടകങ്ങൾ പന്ത്രണ്ടു രാശികളും ഒൻ‌പതു ഗ്രഹങ്ങളുമാണ്. ഭൂത വർത്തമാന ഭാവികാര്യങ്ങളെക്കുറിച്ചു മാത്രമല്ല മറ്റെല്ലാ കാര്യങ്ങളെക്കുറിച്ചും പറയുന്നതിന്റെയും പ്രധാന ഘടകങ്ങൾ ഇതു തന്നെയാണ്. ഇതിൽ രാശികൾ ആധാരങ്ങളും ഗ്രഹങ്ങള്‍ ആധേയങ്ങളുമാകുന്നു (Place of resort and thing that is resorted). ആധാര– ആധേയങ്ങളിൽ ആധേയത്തിനാണു പ്രാധാന്യം. രാശികളെ ജഡങ്ങളായും ഗ്രഹങ്ങളെ ജീവനുളളതായും കൽപിച്ചിരിക്കുന്നു–

‘‘ഗൃഹ ശബ്ദേന രാശീനാം ജഡത്വം സൂചിതം. അധിപശബ്ദേന ഗ്രഹാണാം ചേതനത്വം അപി സൂച്യതേ’’

ഇതിൽ നിന്നെല്ലാം രാശിയെക്കാൾ പ്രാധാന്യം ഗ്രഹത്തിനാണെന്നു വ്യക്തം.

ഗ്രഹങ്ങളെ രണ്ടു പ്രകാരത്തിൽ തരം തിരിച്ചിരിക്കുന്നു– ശുഭഗ്രഹങ്ങളെന്നും പാപഗ്രഹങ്ങളെന്നും. വാക്കിന്റെ അർഥം പോലെത്തന്നെ, നല്ല ഫലത്തെ തരുന്നതു ശുഭഗ്രഹങ്ങളും മോശപ്പെട്ട ഫലങ്ങൾ തരുന്നതു പാപഗ്രഹങ്ങളുമാകുന്നു. ചന്ദ്രൻ, ബുധൻ, വ്യാഴം, ശുക്രൻ എന്നീ ഗ്രഹങ്ങൾ ശുഭഗ്രഹങ്ങളും സൂര്യൻ, ചൊവ്വ, ശനി, രാഹു, കേതു എന്നിവ പാപഗ്രഹങ്ങളുമാകുന്നു. ശുഭഗ്രഹങ്ങളിൽ ഏറ്റവും നല്ല ശുഭഗ്രഹം വ്യാഴം. പാപഗ്രഹങ്ങളിൽ ഏറ്റവും പാപത്വമുളളതു ശനിക്കുമാകുന്നു. ജാതകത്തിലായാലും പ്രശ്നത്തിലായാലും ഗ്രഹങ്ങളുടെ ബലാബലം വളരെ പ്രധാനപ്പെട്ടതുമാണ്. ജാതകത്തിൽ ശുഭഗ്രഹങ്ങൾക്കാണു പൂർ‌ണബലമെങ്കിൽ അങ്ങനെയുളള വ്യക്തികൾ‌ക്കു നല്ല ഫലങ്ങളും പാപഗ്രഹങ്ങള്‍ക്കാണ് അധികം ബലമെങ്കിൽ മോശപ്പെട്ട ഫലങ്ങളുമാണ് അനുഭവിക്കുക. ഫലഭാഗത്തിൽ ചിന്തിക്കേണ്ട പ്രധാനപ്പെട്ട ഈ വിഷയത്തെക്കുറിച്ചു ജ്യോതിഷത്തിലെ പ്രധാന ഗ്രന്ഥങ്ങളിലൊന്നായ ‘സാരാവലി’യിൽ പറഞ്ഞിട്ടുണ്ട്:

‘‘ആചാരസത്യശുഭശൗചയുതാസ്സുരൂപാ–

സ്തേജസ്വിനഃ കൃതവിദോ ദ്വിജദേവഭക്താഃ

സ്രഗ്വസ്ത്രഗന്ധജലഭൂഷണസംപ്രിയാശ്ച

സൗമ്യഗ്രഹൈർബലയുതൈഃ പുരുഷാ ഭവന്തി’’

ജാതകത്തില്‍ പാപഗ്രഹങ്ങളെ അപേക്ഷിച്ച് ശുഭഗ്രഹങ്ങളൾക്ക് അധികം ബലമുണ്ടായിരുന്നാൽ അപ്പോൾ ജനിക്കുന്നവർ ആചാരം, സത്യം, ശുഭം, ശുചിത്വം ഇവയോടു കൂടിയവരായും തേജസ്വികളായും ഉപകാരസ്മരണയുളളവരായും ഈശ്വരഭക്തി ഉളളവരായും വസ്ത്രത്തിലും അലങ്കാരത്തിലും താൽപര്യമുളളവരായും ഭവിക്കും എന്നർഥം.

‘‘ലുബ്ധാഃ കുകർ‌മനിരതാ നിജകാര്യനിഷ്ഠാഃ

സാധുദ്വിഷസ്സകലഹാശ്ച തമോഭിഭൂതാഃ

ക്രൂരാസ്സദാ വധരതാ മലിനാഃ കൃതഘ്നാഃ‌‌ഃ

പാപഗ്രഹൈർ‌ബലയുതൈഃ പിശുനാഃ കുരൂപാഃ

ശുഭഗ്രഹങ്ങളെ അപേക്ഷിച്ചു പാപഗ്രഹങ്ങൾക്കാണു ജാതകത്തിൽ കൂടുതൽ ബലമെങ്കിൽ അപ്പോൾ ജനിക്കുന്നവർ പിശുക്കന്മാരായും നിന്ദ്യ കർ‌മങ്ങളിൽ താൽപര്യമുളളവരായും തന്റെ കാര്യങ്ങളിൽ മാത്രം ശ്രദ്ധിക്കുന്നവരായും ക്രൂരന്മാരായും ഹിംസ മുതലായ ദുഷ്കർ‌മങ്ങളിൽ താൽപര്യമുളളവരായും മലിനന്മാരായും ഉപകാരസ്മരണ ഇല്ലാത്തവരായും ഏഷണിക്കാരായും വിരൂപന്മാരായും ഭവിക്കും എന്നർ‌ഥം.

ജാതകത്തിൽ ഗ്രഹങ്ങളെക്കൊണ്ടു പ്രത്യേകം ചിന്തിക്കേണ്ട മറ്റൊരു യോഗമാണു ദ്വിഗ്രഹയോഗം. ഒരു രാശിയിൽ രണ്ടു ഗ്രഹ‌ങ്ങൾ നിൽക്കുന്നതാണു ദ്വിഗ്രഹയോഗം. ശുഭഗ്രഹങ്ങൾ തമ്മിൽ കൂടിയ ദ്വിഗ്രഹയോഗത്തെ നല്ലതായും പാപഗ്രഹങ്ങൾ തമ്മിലുളള ദ്വിഗ്രഹയോഗത്തെ മോശമായുമാണു പറഞ്ഞിട്ടുളളത്. ജ്യോതിഷത്തിലെ സുപ്രധാന താത്വിക ഗ്രന്ഥമായ ‘വരാഹമിഹിരൻ’ രചിച്ച ‘ഹോരാ’ ശാസ്ത്രത്തിലെ ചില ദ്വിഗ്രഹയോഗങ്ങൾ നോക്കാം.

സൂര്യനും ചൊവ്വയും കൂടി ഒരു രാശിയിൽ നിൽക്കുമ്പോൾ ഒരാൾ ജനിക്കുകയാണെങ്കിൽ അയാൾക്കു പാപകർ‌മങ്ങളിൽ താൽപര്യമുണ്ടാകുമെന്നു പറയുന്നു. സൂര്യനും ബുധനും കൂടി നിന്നാൽ അതിനെ ‘നിപുണ’ യോഗമെന്നു പറയും. ഈ യോഗമുണ്ടായാൽ എല്ലാ കർ‌മങ്ങളിലും സാമർ‌ഥ്യത്തോടും ബുദ്ധിബലത്തോടും കീർത്തിയോടും സുഖത്തോടും കൂടിയിരിക്കും. ചന്ദ്രനും വ്യാഴവുമാണ് ഒരു രാശിയിൽ നിൽക്കുന്നത്‌ എങ്കിൽ‌ വളരെ നല്ല ഫലമാണു പറഞ്ഞിരിക്കുന്നത്. പരാക്രമശാലിയായിട്ടും കുലമുഖ്യനായിട്ടും അഥവാ പ്രധാനിയായിട്ടും ഒരു കാര്യത്തിൽ സ്ഥിരനിശ്ചയമുളളതായിട്ടും വളരെ ധനത്തോടുകൂടിയുമിരിക്കും.

ചൊവ്വയും ശുക്രനും കൂടി നിന്നാൽ യുദ്ധസ്വഭാവവും എല്ലാ കാര്യങ്ങളിലും സാമർഥ്യവും പരസ്ത്രീബന്ധവും ഉണ്ടാകുമെന്നു പറയുന്നു. ചൊവ്വയും ശനിയും ഒരു രാശിയിൽ നിന്നാൽ വളരെ ദുഃഖമുള്ളവനായും അസത്യസ്വഭാവമുളള വ്യക്തിയായും നിന്ദിതനായും ഭവിക്കും. ബുധനും വ്യാഴവും കൂടി വന്നാൽ അരങ്ങത്തുളള പ്രവൃത്തികളെക്കൊണ്ടു ജീവിക്കും. പാട്ടിലും നൃത്തത്തിലും താൽപര്യമുണ്ടാകുകയും ചെയ്യും. ബുധനും ശുക്രനും കൂടി നിന്നാല്‍ സ്വന്തമായി കൂടുതൽ ഭൂമിയുണ്ടായിരിക്കും. നേതൃഗുണം ഉണ്ടാകുകയും ചെയ്യും.

വ്യാഴവും ശുക്രനും കൂടി നിന്നാലും നല്ല ഫലത്തെ തരുന്നു. നല്ല വിദ്യയും കൂടുതൽ ധനവും ഉണ്ടാകും. നല്ല ഭാര്യയുണ്ടാകും. കൂടുതൽ ഗുണങ്ങളോടു കൂടിയ വ്യക്തി ആകുകയും ചെയ്യും. ശനിയും ശുക്രനും കൂടിയാണ് നിൽക്കുന്നതെങ്കിൽ കണ്ണിന് ഏതെങ്കിലും തരത്തിൽ അസുഖം ഉണ്ടാകുമെന്നു പറഞ്ഞിരിക്കുന്നു.
ജാതകത്തിൽ വിശേഷമായി ചിന്തിക്കേണ്ട ഈ യോഗങ്ങൾക്കു കർതൃത്വം വഹിക്കുന്ന ഗ്രഹങ്ങളുടെ ബലാബലവും ലഗ്നാൽ ഇഷ്ടഭാവസ്ഥിതിയും കൂടി നോക്കി വേണം ഫലങ്ങളുടെ ഏറ്റക്കുറച്ചിൽ കണക്കാക്കുവാൻ. ഇതുപോലെ ത്രിഗ്രഹയോഗവും (മൂന്നു ഗ്രഹങ്ങൾ ഒരു രാശിയിൽ നിൽക്കുന്നത്) ചതുർഗ്രഹയോഗവും (നാലു ഗ്രഹങ്ങൾ ഒരു രാശിയിൽ നിൽക്കുന്നത്) ഉണ്ട്. ഇതിനെല്ലാം വ്യത്യസ്തമായ ഫലങ്ങളും പറഞ്ഞിരിക്കുന്നു. ഋഷീശ്വരന്മാർ യോഗങ്ങൾക്കുളള ഗ്രഹഘടനയും അവയ്ക്കുളള ഫലങ്ങളും എങ്ങനെ കണ്ടുപിടിച്ചുവെന്നത് അദ്ഭുതസംഭവമായിത്തന്നെ കിടക്കുകയാണ്. ജാതകത്തിലൂടെ ഒരാളുടെ ജീവിതഗതി നിർ‌ണയിക്കുവാൻ സാധിക്കുമെന്നു പറയുന്നത് ഇത്തരത്തിലുളള സവിശേഷമായ യോഗങ്ങളെയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ്.

ലേഖകന്റെ വിലാസം :‌

A.S. രമേഷ് പണിക്കർ, കളരിക്കൽ വീട്

ചിറ്റഞ്ഞൂർ. പി.ഒ., കുന്നംകുളം, തൃശൂർ ജില്ല

Mob: 9847966177, Resi : 04885 220886

Email : remeshpanicker17@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.