Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആത്മീയതയുടെയും ദിവ്യ പ്രണയത്തിന്റെയും രത്നം-ഇന്ദ്രനീലം

Blue-Sapphire

നവരത്നങ്ങളിൽ ശ്രേഷ്ഠമായ ഇന്ദ്രനീലം ശനിയുടെ രത്നമായാണ് അറിയപ്പെടുന്നത്. നവരത്ന മോതിരത്തിൽ പടിഞ്ഞാറ് ഭാഗത്താണ് വരുന്നത്. ഇവയ്ക്ക് സംസ്കൃതത്തിൽ നീലമണി, നീലരത്ന, ശനിരത്ന, ഇന്ദ്രനീൽ തുടങ്ങിയ പേരുകളുണ്ട്. ആത്മീയതയുടെയും, ദിവ്യമായ പ്രണയത്തിന്റെയും രഹസ്യങ്ങളുടെയും രത്നമായാണ് ഇത് അറിയപ്പെടുന്നത്. ഭയം കലർന്ന ഒരു ബഹുമാനം ഇവ ആർജിച്ചിരുന്നു. ഒരു ഭീമാകാരമായ ഇന്ദ്രനീലമാണ് ഭൂമിയെ താങ്ങി നിറുത്തിയിരിക്കുന്നതെന്നും അതിന്റെ പ്രഭ മൂലമാണ് ആകാശത്തിന് നീല നിറം വന്നതെന്നും ആദിമ മനുഷ്യർ വിശ്വസിച്ചിരുന്നു. എക്കാലത്തും ദൈവീക പരിവേഷമുള്ള കല്ലാണ് ഇത്. അതിന് കാരണമായി വളരെ പുരാതന കാലം മുതലേയുള്ള ചില വിശ്വാസങ്ങളുണ്ട്. ദൈവം മോസസിന് പത്തു കൽപനകൾ കൊടുത്തത് ദൈവത്തിന്റെ കല്ലുകളായ ഇന്ദ്രനീലക്കല്ലുകളിൽ ആലേഖനം ചെയ്തായിരുന്നു എന്ന് പുരാതനകാലത്ത് വിശ്വസിച്ചിരുന്നു. 12-ാം നൂറ്റാണ്ടിൽ റോമിലെ പോപ്പിന്റെ ആജ്ഞ അനുസരിച്ച് എല്ലാ വൈദീകരും ഇന്ദ്രനീലം സ്വർണത്തിൽ കെട്ടി ധരിച്ചിരുന്നു. ഇന്ദ്രനീലം ധരിച്ചാൽ മനസ് പതറുകയില്ല. കുർബാന രഹസ്യങ്ങൾ സൂക്ഷിക്കാൻ കഴിയും, ആത്മീയതയിൽ നിന്നും വ്യതിയാനമുണ്ടാകില്ല എന്നീ അടിയുറച്ച വിശ്വാസങ്ങളായിരുന്നു അതിന് കാരണം.

ഇന്ദ്രനീലത്തിന്റെ ശാസ്ത്രീയവശം രത്നങ്ങളിൽ വച്ചേറ്റവും കാഠിന്യമേറിയത് വജ്രമാണ്. അത് കഴിഞ്ഞാൽ കാഠിന്യം കൂടിയത് കോറണ്ടം കുടുംബത്തിൽ ഉൾപ്പെടുന്ന രത്നങ്ങളാണ്. കോറണ്ടം കുടുംബത്തിൽ ഉൾപ്പെടുന്നവയാണ് മാണിക്യം അഥവാ റൂബി. പുഷ്യരാഗം അഥവാ സഫയർ തുടങ്ങിയ രത്നങ്ങൾ കോറണ്ടത്തിൽ ചുവന്ന നിറമുള്ളവയെ മാണിക്യം എന്നും മഞ്ഞയെ മഞ്ഞപുഷ്യരാഗം, നീലയെ ഇന്ദ്രനീലമെന്നും, വെള്ളയെ വെള്ളപുഷ്യരാഗമെന്നും അറിയപ്പെടുന്നു. ഇവയെല്ലാം ഒരു കുടുംബത്തിലെ രത്നങ്ങളാണ് ഓക്സൈഡ് കലർന്നവയാണ് കോറണ്ടം കല്ലുകൾ അതിൽ ഇരുമ്പും ടൈറ്റാനിയവും കൂടുതൽ കലർന്നതിനാലാണ് ഇന്ദ്രനീലരത്നത്തിന് നീല നിറം ലഭിക്കാൻ കാരണം. തണുത്ത പ്രകൃതമുള്ള ഈ രത്നത്തിന്റെ കാഠിന്യം 9.00 ആയിരിക്കും. ഏറ്റവും മനോഹരങ്ങളായ കല്ലുകൾ ലഭിക്കുന്നത് ഇന്ത്യയിൽ കാശ്മീരിലെ ഖനികളിൽ നിന്നുമാണ്. കാഴ്ചയ്ക്ക് കടുംനീല സിൽക്ക് കൊണ്ട് ആവണം ചെയ്യപ്പെട്ടത് പോലെ തോന്നിക്കുന്നവയാണ് ഇവ. ഇളം നീല നിറത്തിൽ കാണുന്നവ ബർമ്മ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നും, കടും നീല (കണ്ടാൽ കറുപ്പാണെന്ന് തോന്നിപ്പിക്കുന്നവ) ഓസ്ട്രേലിയ. തായ്‌ലന്റ്, കൊളംബിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ലഭിക്കുന്നു.

ശുദ്ധ ഇന്ദ്രനീലം തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങൾ താഴെ പറയുന്നു നല്ല ഇന്ദ്രനീലത്തെ സൂര്യരശ്മിയിൽ കാണിച്ചാൽ അതിൽ നിന്നും നീല കിരണങ്ങൾ പുറപ്പെടുന്നതായി തോന്നും. നല്ല നീലക്കല്ല് പശുവിൻ പാലിലിട്ടാൽ പാലിൽ നീല നിറം വ്യാപിക്കുന്നതായി തോന്നും. ശോഭ മങ്ങിയവ, പരുപരുത്ത പ്രതലമുള്ളവ, കല്ലിനകത്ത് വലപോലെ വരകൾ കാണുന്നവ, പാലിന്റെ നിറമുള്ളവ, വെളുത്ത രേഖകൾ ഉള്ളവ, പുകയടഞ്ഞവയായി തോന്നുന്നവ, മലിനമായി കാണുന്നവ, മുറിപ്പാടു കാണുന്നവ, രണ്ടുനിറം ഉള്ളതായി തോന്നുന്നവ, കുഴിവ് കാണുന്നവ തുടങ്ങിയവയെല്ലാം ദോഷയുക്തമായ രത്നങ്ങളാണ്. ഇവ ധരിച്ചാൽ ഫലം ലഭിക്കില്ലെന്നു മാത്രമല്ല, ദോഷഫലങ്ങൾ ഉണ്ടാവുകയും ചെയ്യും.

കൃത്രിമ കല്ലുകൾ കൃത്രിമ ഇന്ദ്രനീലം ഇന്ന് സുലഭമായി ലഭിക്കുന്നുണ്ട്. അവ കൃത്രിമമാണോയെന്ന് വ്യാപാരികൾക്ക് പോലും തിരിച്ചറിയാൻ കഴിയില്ല. പൊതുവേ വില കൂടിയ രത്നമാണ് ഇന്ദ്രനീലം. അതിനാൽ തന്നെ അതിന്റെ കൃത്രിമ കല്ലുകളും ധാരാളമായി മാർക്കറ്റിൽ സുലഭമാണ്. കൂടുതൽ കൃത്രിമ കല്ലുകൾ കാണുന്നത് കടുംനീല കല്ലുകളിലാണ്. അവ സിന്തറ്റിക് ആകാം. നാച്ചുറൽ കൊറണ്ടം കല്ലുകളിൽ കൃത്രിമമായി കടും നിറങ്ങൾ കലർത്തിയവയുമാകാം. നീലി അഥവാ നീല സിർക്കോൺ കല്ലുകളും ഇന്ദ്രനീലം എന്ന പേരിൽ വിറ്റഴിക്കപ്പെടുന്നുണ്ട്. ശ്രീലങ്കയിൽ നിന്നും വരുന്ന ഇളം നീല കല്ലുകളിൽ കൃത്രിമം കുറവാണ്. അവ വളരെ ഭംഗിയുള്ളവയുമാണ്. ടെസ്റ്റ് ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ ഇളം നീല കല്ലുകൾ ധരിക്കുന്നത് ഉത്തമമാണ്.

അതിനാൽ വളരെ വിശ്വസനീയമായ സ്ഥങ്ങളിൽ അഥവാ സ്ഥാപനങ്ങളിൽ നിന്നു മാത്രം കല്ല്/രത്നം വാങ്ങുക. രത്നത്തിന് നിർദേശിച്ചിരിക്കുന്ന തൂക്കം ഉണ്ടോയെന്നും ഉറപ്പു വരുത്തണം. കൂടാതെ ഗവ സർട്ടിഫിക്കറ്റ് സഹിതം ലഭിക്കുന്ന രത്നം തന്നെ ധരിക്കാൻ ശ്രദ്ധിക്കണം. വ്യാജരത്നം ധരിച്ചാൽ ഉദ്ദേശിച്ച ഫലം ലഭിക്കില്ലെന്ന് മാത്രമല്ല, വിപരീത ഫലങ്ങൾ ഉണ്ടാവുകയും ചെയ്യും. തിരുവനന്തപുരത്ത് കേശവദാസപുരത്ത് കേരള സർക്കാരിന്റെ ജിയോളജിക്കൽ വകുപ്പ് സ്ഥിതി ചെയ്യുന്നുണ്ട്. അവരുടെ രത്നക്കൽ രാസപരിശോധനശാലയിൽ കല്ല് പരിശോധിച്ച് അതിന് സർട്ടിഫിക്കറ്റ് കൊടുക്കുന്നുണ്ട്. രത്നം ധരിച്ചിട്ടുള്ളവർക്കും അവിടെ പോയി ധരിച്ചിരിക്കുന്ന രത്നം ശുദ്ധമാണോ എന്ന് പരിശോധിച്ചറിയാൻ കഴിയും.

ഇന്ദ്രനീലത്തിന്റെ സ്വാധീനം വലാസുരൻ എന്ന അസുരന്റെ ശരീരഭാഗങ്ങളിൽ നിന്നാണ് രത്നങ്ങൾ ഉണ്ടായതെന്നാണ് പുരാണം പറയുന്നത്. അസുര രാജാവിന്റെ നേത്രങ്ങളാണ് ഇന്ദ്രനീലക്കല്ലുകളായി മാറിയത്. നേത്ര സംബന്ധമായ അസുഖങ്ങൾ വരുന്നത് ഞരമ്പുകളുടെ തകരാറ് കൊണ്ടാണ്. അതിനാൽ അടിസ്ഥാനപരമായ കാര്യങ്ങളെ ചെറുക്കാൻ ഇന്ദ്രനീലം ധരിക്കുന്നത് ഉത്തമമായിരിക്കും. കൂടാതെ ശനിയുടെ കാരകത്വങ്ങളായ കാല്, എല്ല്, മാംസപേശികൾ, പല്ല്, ത്വക്ക്, തലമുടി, നാഡികൾ, ലിംഫ് ഗ്രന്ഥികൾ, വൻകുടലിന്റെ അവസാന ഭാഗം, മലദ്വാരം തുടങ്ങിയ അവയവങ്ങളുമായി ബന്ധപ്പെട്ട രോഗങ്ങൾ ബാധിച്ചവർക്കും, അത്തരം അസുഖം ഭാവിയിൽ വരാതിരിക്കാനും ഇന്ദ്രനീലം ധരിക്കുന്നത് നല്ലതാണ്. നേത്രസംബന്ധമായ അസുഖങ്ങൾക്ക് ഇന്ദ്രനീലം ഒരു ഔഷധമായി പണ്ട് ഉപയോഗിച്ചിരുന്നു.

ഉയർച്ചയുടെയും താഴ്ചയുടെയും, ധനത്തിന്റെയും, ദാരിദ്യ്രത്തിന്റെയും കാരകനാണ് ശനി. അതിനാൽ ഒരാളെ പെട്ടെന്ന് ധനവാനാക്കുവാനും പ്രശസ്തനാക്കുവാനും ഇന്ദ്രനീലത്തിന് കഴിയും. കൂടാതെ അനാവശ്യ ചിന്തകൾ മനസിൽ വരുകയില്ല. അനാവശ്യ പ്രവർത്തികൾ ചെയ്യാൻ മടിക്കും. ആത്മീയ ചിന്തയുണ്ടാകും. ദൈവവിശ്വാസമുണ്ടാകും, പുരാതന ആശയങ്ങളെ വിലമതിക്കും, വേണ്ടപ്പെട്ടവരെയും മുതിർന്നവരെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യും. അനുകമ്പ, വിശ്വസ്തത എന്നീ ഗുണസ്വഭാവങ്ങൾ ഉണ്ടായിരിക്കും. ഭാവനാശക്തി വളരും, പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കാനാവശ്യമായ ഉപായങ്ങൾ മനസിൽ തെളിയും, പ്രണയത്തിലും കുടുംബത്തിലും വിശ്വസ്തത പുലർത്തും. ഭൂതപ്രേത പിശാചുക്കളുടെയും ശത്രുക്കളുടെയും ശല്യമുണ്ടാകില്ല, ധൈര്യം കൂടും, കായിക രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ ശോഭിക്കാൻ കഴിയും. വിധി നിർണയിക്കാൻ കഴിവുള്ള രത്നവും കൂടിയാണ് ഇന്ദ്രനീലം. അതിനാൽ ഇന്ദ്രനീലത്തെ ബഹുമാനിക്കുക ഫലം ലഭിക്കും.

വിവിധ ലഗ്നക്കാർക്ക് മരതകം എല്ലാ ലഗ്നക്കാർക്കും ഇന്ദ്രനീലം ഗുണം ചെയ്യില്ല. ജാതകത്തിൽ ശനി അനുകൂല ഭാവാധിപൻ അല്ലെങ്കിൽ ഈ കല്ല് ധരിക്കാൻ പാടില്ല. ധരിച്ചാൽ വിപരീത ഫലങ്ങളാകും ഉണ്ടാകുക. എടവം, തുലാം, മകരം, കുംഭം എന്നീ ലഗ്നങ്ങളിലും രാശികളിലും ജനിച്ചവർക്ക് ഈ കല്ല് വളരെ ഗുണം ചെയ്യും. മിഥുനം, കന്നി, ധനു എന്നീ രാശികളിൽ ജനിച്ചവർ ഒരു ജ്യോതിഷിയുടെ അഭിപ്രായ പ്രകാരം മാത്രം ഇന്ദ്രനീലം ധരിക്കുക.

ശുക്രന്റെ രത്നമായ വജ്രം/വെള്ള സിർക്കോൺ/വെള്ള പുഷ്യരാഗം, ബുധന്റെ രത്നമായ മരതകം എന്നിവ ഇന്ദ്രനീലത്തിനൊപ്പം ധരിക്കാവുന്നതാണ് മറ്റു രത്നങ്ങൾ പ്രത്യേകിച്ചും മാണിക്യം, പവിഴം, മുത്ത് എന്നിവ ഇന്ദ്രനീലരത്നത്തോടൊപ്പം ധരിക്കാൻ പാടുള്ളതല്ല. ഇത് മോതിരമായി വലതോ ഇടതോ കയ്യിലെ നടുവിരലിലോ, ലോക്കറ്റായോ ധരിക്കാവുന്നതാണ്. ഓരോ രത്നങ്ങൾക്കും പ്രത്യേക ലോഹങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ദ്രനീലത്തിന്റെ ലോഹം ഇരുമ്പും വെള്ളിയും സ്വർണവും ആണ്. ആദ്യമായി ധരിക്കുമ്പോൾ ശനിയാഴ്ച രാവിലെ ശനിയുടെ കാലഹോരയിൽ ധരിക്കുന്നതാണ് ഉത്തമം (ഉദിച്ച് ഒരു മണിക്കൂറിനകം.)

രത്നത്തിന്റെ തൂക്കം-ഇന്ദ്രനീലക്കല്ലിന് തൂക്കം അഥവാ കാരറ്റ് കൂടുന്തോറും വില വർധിക്കും. എങ്കിലും ജ്യോതിഷിയുടെ നിർദ്ദേശമനുസരിച്ച് തൂക്കം നിജപ്പെടുത്തുക. ചിലർക്ക് ജാതകത്തിൽ ശനിക്ക് ആവശ്യത്തിന് ബലം ഉണ്ടെങ്കിൽ 1.75-2.00 കാരറ്റ് ധരിച്ചാൽ മതിയാകും. ശനിക്ക് ബലം കുറയുന്തോറും കാരറ്റ് വർധിപ്പിക്കണം. എന്തായാലും 4 കാരറ്റിന് മുകളിൽ വേണ്ടി വരില്ല. കഴിയുന്നതും 1.75 കാരറ്റിന് താഴെയുള്ള രത്നം ധരിച്ചിട്ട് കാര്യമില്ല.

ഉപരത്നങ്ങൾ ഇന്ദ്രനീലം പൊതുവേ വില കൂടിയ രത്നമാണ്. അത് വാങ്ങി ധരിക്കാൻ കഴിയാത്തവർ, കുട്ടികൾ തുടങ്ങിയവർ അമെത്തിസ്റ്റ്, അയലറ്റ്, ലാപിസ് ലാസുലി, സിട്രിൻ, കയനേറ്റ്, നീലി തുടങ്ങിയ ഉപരത്നങ്ങൾ ധരിക്കാം. പല ഉപരത്നങ്ങളും പ്രധാന രത്നങ്ങളെ പോലെ ഫലം തരുന്നവയാണ്. തൂക്കം കൂടിയവ ധരിക്കാൻ ശ്രദ്ധിക്കുക.

*ലേഖകൻ * ശിവറാം ബാബു കുമാർ പ്രശാന്തി

പേരൂർക്കട

തിരുവനന്തപുരം

ഫോൺ: 0471 2430207, 9847187116

ഇമെയിൽ:sivarambabu@hotmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.