Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉൗർജ്ജവും ധൈര്യവും പകരുന്ന ഗോമേദകം രത്നം

Hessonite-Garnet

നവരത്നങ്ങളിൽ ശ്രേഷ്ടമായ ഗോമേദകം (Hessonite Garnet) രാഹുവിന്റെ രത്നമായാണ് അറിയപ്പെടുന്നത്. നവരത്ന മോതിരത്തിൽ മരതകം തെക്ക് പടിഞ്ഞാറ് ഭാഗത്താണ് വരുന്നത്. ഇവയ്ക്ക് സംസ്കൃതത്തിൽ ഗോമേദക്, തമോമണി ,രാഹുരത്നം തുടങ്ങിയ പേരുകളുണ്ട്. ധൈര്യം, വലിയ ആഗ്രഹങ്ങൾ, ആത്മവിശ്വാസം, പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള കഴിവ് എന്നിവയുടെ രത്നമായാണ് അറിയപ്പെടുന്നത്. ക്രിസ്തുവിന് 3100 വർഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇൗജിപ്തുകാർ ഗാർനെറ്റ് പതിച്ച ആഭരണങ്ങൾ ധരിച്ചിരുന്നതായും, അന്നത്തെ യോദ്ധാക്കൾ ഇഷ്ടരത്നമായ ഇവയെ അവരുടെ ആയുധങ്ങളിൽ പതിച്ചിരുന്നതായും ചരിത്രം രേഖപ്പെടുത്തുന്നു. സോളമൻ ചക്രവർത്തിയുടെ വിജയങ്ങൾക്ക് പിന്നിൽ ഇൗ വിശിഷ്ടരത്നത്തിന്റെ അനുഗ്രഹം ഉണ്ടായിരുന്നൂവെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ബൈബിളിലെ നോഹക്കും ആത്മവിശ്വാസവും വെളിച്ചവും പകർന്നു നൽകിയവയിൽ ഒരു പങ്ക് ഗാർനെറ്റിന് ഉണ്ടായിരുന്നു. ഇൗജിപ്തിൽ മരണപ്പെടുന്ന വിശിഷ്ടരുടെയും യോദ്ധാക്കളുടെയും ശവശരീരത്തിൽ ഗാർനെറ്റ് പതിക്കുന്ന ചടങ്ങും നിലനിന്നിരുന്നു. 19-ാം നൂറ്റാണ്ടിൽ വെടിയുണ്ടയുടെ ( ബുള്ളറ്റ് ) ആകൃതിയിൽ ഇൗ കല്ല് രൂപപ്പെടുത്തി വെടി വക്കാനും ഒരു വിഭാഗം ആൾക്കാർ ഉപയോഗിച്ചിരുന്നു.

ഗോമേദകത്തിന്റെ ശാസ്ത്രീയവശം

വജ്രം, പുഷ്യരാഗം എന്നീ രത്നങ്ങളെ പോലെ കാഠിന്യം അത്ര കൂടിയവയല്ല. ഗാർനെറ്റിന്റെ കാഠിന്യം 7 - 7.5 ആകുന്നു. ഗാർനെറ്റ് കാൽസ്യത്തിന്റെയും അലുമിനിയത്തിന്റെയും സിലിക്കേറ്റ് ആണ്. ഗാർനെറ്റ് കുടുംബത്തിൽ പല തരം കല്ലുകളുണ്ട്. ജ്യോതിഷപരമായി കൂടുതലും ഉപയോഗിക്കപ്പെടുന്നവ അഥവാ ഇവിടെ ലഭിക്കുന്നവ ഗ്രോസ്സുലർ വിഭാഗത്തിൽ പെടുന്ന ഹെസ്സനേറ്റ് ഗാർനെറ്റ് ( hessonite garnet ) അണ്. അവ കാഴ്ചയ്ക്ക് നല്ല ചുവപ്പ് നിറത്തിൽ തരിതരിയായ വര്‍ണത്തിൽ ( Grossular or granular shades ) ചാലിച്ചെടുത്തവയാണ്. ഇവ നല്ല തിളക്കമുള്ളവയാണ്. അൾട്രാവയലറ്റ് കോസ്മിക് രശ്മികളോട് ബന്ധമുള്ളതായിട്ടാണ് അനുഭവപ്പെടുന്നത്. ഇവിടെ ലഭിക്കുന്ന മറ്റൊരു വിഭാഗം പൈറോപ് ഗാര്‍നെറ്റ് ( Pyropr garnet ) ആണ്. അവ തവിട്ടു കലര്‍ന്ന ചുമപ്പ്, മഞ്ഞ എന്നീ നിറങ്ങളാണ്. അകത്ത് നേരിയ ഷെയ്ഡുകൾ ഉള്ളവയും ഇല്ലാത്തവയും ഉണ്ട്. രണ്ടായാലും ഉപരത്നങ്ങളെ പോലെ വില കുറവാണ്. ഗാർനെറ്റിനെ ഉൾപ്പെടുത്തിയിരിക്കുന്നതും ഉപരത്നങ്ങളുടെ വിഭാഗത്തിലാണ്. ഗാർനെറ്റ് പച്ചയുൾപ്പെടെ പല നിറങ്ങളിലും ലഭ്യമാണ്. ഇവ ചെക്കോസ്ളാവാക്യ, ശ്രീലങ്ക, ഇന്‍ഡ്യ, സൗത്ത് ആഫ്രിക്ക, റഷ്യ, അമേരിക്ക, ബ്രസിൽ, ബർമ്മ എന്നിവടങ്ങളിലെ ഖനികളിൽ നിന്നു ലഭിക്കുന്നു. 19-ാം നൂറ്റാണ്ടിന് മുമ്പ് റെഡ് സ്പിനല്‍ പോലെ ഗാർനെറ്റിനെയും റൂബി ആണെന്ന് ധരിച്ചിരുന്നു. അമേരിക്കയിലെ അരിസോനായിൽ നിന്നും ലഭിക്കുന്നവയെ ‘ അരിസോന റൂബി ’, ‘ അരിസോനാ സ്പിനൽ ’ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു.

ശുദ്ധ ഗാർനെറ്റ്/ ഗോമേദകം തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങൾ താഴെ പറയുന്നു

ശോഭ മങ്ങിയവ, പരുപരുത്തവ, വല പോലെ കാണുന്നവ, പൊട്ടലിന്റെ ചിഹ്നം കാണുന്നവ, വളരെ ശോഭയുള്ള രത്നങ്ങൾ തന്നെ തിരഞ്ഞടുക്കുവാൻ ശ്രദ്ധിക്കണം. അഴക് കുറഞ്ഞവ, അഭ്രപാളികൾ പോലെ കാണുന്നവ, ഇരുനിറം ഉള്ളവ തുടങ്ങിയവയെല്ലാം ദോഷയുക്തമായ രത്നങ്ങളാണ്. ഇവ ധരിച്ചാൽ ഫലം ലഭിക്കയില്ല എന്നു മാത്രമല്ല, ദോഷഫലങ്ങൾ ഉണ്ടാവുകയും ചെയ്യും.

കൃത്രിമ കല്ലുകൾ

പൊതുവേ വില കുറഞ്ഞ രത്നമാണ് ഗോമേദകം . എന്നാലും ഗ്ളാസ്സ് കൊണ്ടുണ്ടാക്കിയ കൃത്രിമ കല്ലുകൾ ധാരാളം മാർ‌ക്കറ്റിൽ ഉണ്ട്. നാച്ചുറൽ കല്ല് തന്നെ ധരിക്കാൻ ശ്രദ്ധിക്കണം.

ഗോമേദകത്തിന്റെ സ്വാധീനം

ഗോമേദകത്തിന്റെ പ്രത്യേകതകൾ പരിശോധിക്കാം. വലാസുരൻ എന്ന അസുരന്റെ ശരീരഭാഗങ്ങളിൽ നിന്നാണ് രത്നങ്ങൾ ഉണ്ടായതെന്നാണ് പുരാണം പറയുന്നത്. അസുരരാജാവിന്റെ ശരീരത്തിലെ കൊഴുപ്പാണ് ഗോമേദകക്കല്ലുകളായി മാറിയത്. അതിനാൽ കൊഴുപ്പ് കൊണ്ടുള്ള അസുഖങ്ങളായ കൊളസ്ട്രോൾ മുതലായവയെയും , ഹൃദയസംബന്ധവായെയും തുടങ്ങിയവയെ ചെറുക്കാനും നിയന്ത്രിക്കാനും ഗോമദകം ധരിക്കുന്നത് ഉത്തമമായിരിക്കും. കൂടാതെ രാഹുവിന്റെ കാരകത്വങ്ങളായ രക്തം, തലച്ചോറ്, ത്വക്ക്, നാഡികൾ തുടങ്ങിയവ അവയവങ്ങളുമായി ബന്ധപ്പെട്ട രോഗങ്ങൾ ബാധിച്ചവർക്കും, അത്തരം അസുഖങ്ങൾ ഭാവിയിൽ വരാതിരിക്കാനും ഗോമദകം ധരിക്കുന്നത് നല്ലതാണ്. കൂടാതെ വിഷഭയം , വിഷജന്തുഭയം, കൃമിരോഗങ്ങള്‍, മാറാരോഗങ്ങള്‍, കണ്ടുപിടിക്കാൻ കഴിയാത്ത രോഗങ്ങൾ, ത്വക് രോഗങ്ങൾ, കുഷ്ടം എന്നീ രോഗങ്ങളെ ചെറുക്കാനും ഗോമേദകം ധരിക്കുന്നത് ഉത്തമമാണ്.

പുരാണകഥകൾ പ്രകാരം സൈംഹികേയൻ എന്ന അസുരനാണ് രാഹു. ഉടലില്ലാതെ തലയുമായി ദേവൻമാരോടുള്ള പ്രതികാരം ഉള്ളിലടക്കി കറങ്ങിക്കൊണ്ടിരിക്കയാണ്. രാഹുകേതുക്കളെ നിഴൽ ഗ്രഹങ്ങളെന്നാണ് പറയുന്നത്. അതിനാൽ രാഹുവിന്റെ പ്രധാന കാരകത്വം വലിയ ആഗ്രഹങ്ങളാണ്. ഗോമേദകം ധരിച്ചാൽ പല ആഗ്രഹങ്ങളും നേടാൻ ആവശ്യമായ ഉപായങ്ങൾ തെളിഞ്ഞുവരും. അപകർഷതാബോധം മാറും, പ്രതിബന്ധങ്ങൾ തട്ടി മാറ്റി മുമ്പോട്ട് കുതിക്കാനുള്ള ധൈര്യം കൈവരും, ബിസിനസുകാരുടെ ഇഷ്ട രത്നം ഗോമേദകം ആയത് ഇൗ ഗുണം കൊണ്ടാണ്.

നഷ്ടസാധ്യതയുള്ള ബിസിനസിൽ അഥവാ ചൂതുകളിയിൽ ഏർപ്പെടുന്നവർക്കും ഗോമേദകം ധരിച്ചാൽ ജയിക്കാനുള്ള ഉപായങ്ങൾ മുന്നിൽ തെളിഞ്ഞു വരും. പ്രണയിക്കുന്നവർക്ക് അവരുടെ പ്രണയം നിലനിറുത്താനും, അന്യോന്യം സ്നേഹിക്കുന്ന കൂട്ടുകാർക്ക് അവരുടെ സ്നേഹം എന്നെന്നും നിലനിറുത്താനും ഗോമേദകത്തിന് വലിയ കഴിവുണ്ടത്രേ. കായികം, രാഷ്ട്രീയം, പൊലീസ്, പട്ടാളം, സർജൻ തുടങ്ങിയ വിഭാഗത്തിൽപ്പെടുന്നവർക്ക് ആവശ്യമായ ഉൗർജ്ജം പകർന്നു നൽകാൻ ഗോേമദകത്തിന്റെ ശക്തി വളരെ വലുതാണ്. ഭൂതപ്രേതാദികളുടെ ഉപദ്രവം ഉണ്ടാകില്ല. സര്‍പ്പദോഷം പൂർവ്വ ജൻമദോഷം എന്നിവയിൽ നിന്നും മോചനം ലഭിക്കാനും, സന്താനഗുണം ഉണ്ടാകാനും ഇൗ കല്ലിന് സഹായിക്കാനാവും .ആത്മീയ രംഗത്തുള്ളവർക്ക് പൂര്‍വ്വജന്മം, ഭാവി എന്നിവയെ കുറിച്ചുള്ള ഉൾക്കാഴ്ച ലഭിക്കാനും ഇത് ധരിക്കുന്നത് ഉത്തമമാണ്.

വിവിധ ലഗ്നക്കാർക്ക് ഗോമേദകം

എല്ലാ ലഗ്നക്കാർക്കും/ രാശിക്കാർക്കും ഗോമേദകം ഗുണം ചെയ്യില്ല. രാഹുവിനും കേതുവിനും ജ്യോതിഷത്തിൽ പ്രത്യേക രാശികളില്ലാത്തതാണ് കാരണം. രാഹുവിന്റെ ഉച്ചരാശിയെ കുറിച്ച് / ശത്രുമിത്രങ്ങളെക്കുറിച്ച് തുടങ്ങി ഭാവങ്ങളിൽ രാഹു നിന്നാൽ എന്തു സംഭവിക്കാം എന്നതിലൊക്കെ ഗ്രന്ഥങ്ങളിൽ വിഭിന്നമായ അഭിപ്രായങ്ങളാണ് രേഖപ്പെടുത്തി കാണുന്നത്. ധാരാളം പ്രായോഗിക അനുഭവങ്ങളുള്ള ജ്യോതിഷ പണ്ഡിതരുടെ അഭിപ്രായ പ്രകാരം രാഹുവിന്റെ ബലം കണക്കാനുള്ള രീതി ഇപ്രകാരമാണ്. രാഹു നിൽക്കുന്ന രാശിയുടെ നാഥൻ രാഹുവിന്റെ കേന്ദ്രത്രികോണങ്ങളിൽ നിൽക്കുക, രാഹുവിന് ശുഭദൃഷ്ടി ലഭിക്കുക, ലഗ്നത്തിന്റെ കേന്ദ്രത്രികോണത്തിൽ നിൽക്കുകയും അതിനെ മറ്റൊരു കേന്ദ്ര ത്രികോണാധിപത്യമുള്ള ഗ്രഹം വീക്ഷിക്കുകയും ചെയ്യുക. ഇതൊക്കെ രാഹുവിന്റെ ബലം വർദ്ധിപ്പിക്കും. അങ്ങനെയുള്ള രാഹുവിന്റെ ദശാപഹാര കാലം മോശമായിരിക്കില്ല. 3, 6, 11 -ല്‍ നിൽക്കുന്ന രാഹു ജാതകന് എന്നും ധൈര്യവും മറ്റു വൈഭവങ്ങളും പ്രദാനം ചെയ്യും. എന്നുവച്ച് ദശാപഹാരകാലം നന്നായിരിക്കണമെന്നില്ല. അതിനാൽ രാഹുവിന്റെ പ്രീതി നേടാൻ രത്നം ധരിക്കുന്നത് എപ്പോഴും മിടുക്കനായ ഒരു ജ്യോതിഷിയുടെ ഉപദേശപ്രകാരം തന്നെയാകണം.

രാഹുവിന് മേൽപ്പറഞ്ഞ സ്വാഭാവങ്ങള്‍ മാത്രമല്ല. വക്രത്തിൽ മാത്രം സഞ്ചരിക്കുന്ന ഗ്രഹമാണ് രാഹു. അതിനെ കൂടുതൽ ബലവാനാക്കുന്നത് ശ്രദ്ധിക്കണം. ജാതകൻ ചെയ്യുന്നതൊക്കെ തിരിഞ്ഞുപോയെന്ന് വരും. രാഹു വളരെ താഴ്ന്ന ജാതിയിലുള്ള ആള്‍ക്കാരെയും അവരുടെ സ്വാഭാവങ്ങളെയും പ്രതിധാനം ചെയ്യുന്നു. രാഹുവിനെ സർപ്പമായാണ് ചിത്രീകരിച്ചിരിക്കുന്നത്. സർപ്പം ജീവിക്കുന്നത് പൊത്തിനകത്താണ്. അത് പ്രായോഗിക ജീവിതത്തിൽ അപകർഷതാബോധം കൊണ്ട് പുറത്തിറങ്ങാത്ത സ്വഭാവത്തെ കാണിക്കുന്നു. ദു:ഖത്തിന്റെ നിറമായ കറുപ്പാണ് രാഹുവിന്റെ നിറം. രാഹുവിന്റെ സ്വഭാവത്തിൽ മോഷണം, ചതി, കള്ളം പറയൽ എന്നിവയുമുണ്ട്. അതിനാൽ രത്നം ഇതെല്ലാം കൂടുതൽ ഉത്തേജിപ്പിക്കണോ വേണ്ടയോ എന്നത് ഒരു ജ്യോതിഷിക്ക് മാത്രം വിശകലനം ചെയ്യാൻ പറ്റുന്ന കാര്യമാണ്. അതുകൊണ്ട് തത്കാല കാര്യസാദ്ധ്യത്തിന് വേണ്ടി ജ്യോതിഷിയുടെ ഉപദേശപ്രകാരമല്ലാതെ ഗോമേദകം ധരിക്കാതിരിക്കുക.

രത്നത്തിന്റെ തൂക്കം ധരിക്കേണ്ട സമയം, ലോഹം, വിരൽ

ഗോമേദകം മറ്റു രത്നങ്ങളോടൊപ്പം ഒരു മോതിരത്തിലോ ലോക്കറ്റിലോ ധരിക്കാൻ പാടില്ല. അത് പ്രത്യേകമായി തന്നെ ധരിക്കണം. ഇൗ രത്നം മോതിരമായി വലതോ ഇടതോ കൈയ്യിലെ നടുവിരലിലോ, ലോക്കറ്റായോ ധരിക്കാവുന്നതാണ്. രാഹു ശനിയോപോലെയും കേതു ചൊവ്വയെപോലെയുെമന്നാണ് പറയുന്നത്. അതുകൊണ്ടാണ് ശനിയുടെ വിരലായ നടുവിരലിൽ മോതിരം ധരിക്കണമെന്ന് പറയുന്നത്. ഒാരോ രത്നങ്ങൾക്കും പ്രത്യേക ലോഹങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. രാഹുവിന്റെ ലോഹം പഞ്ചലോഹം ആണ്. എങ്കിലും സ്വര്‍ണത്തിലും െവള്ളിയിലും ധരിക്കാം. ആദ്യമായി ധരിക്കുമ്പോൾ ശനിയാഴ്ച രാവിലെ ശനിയുടെ കാലഹോരയിൽ ധരിക്കുന്നതാണ് ഉത്തമം (ഉദിച്ച് ഒരു മണിക്കൂറിനകം).

രത്നത്തിന്റെ തൂക്കം- ഗോമേദകം വിലയുടെ കാര്യത്തിലും ലഭ്യതയുടെ കാര്യത്തിലും ഒരു ഉപരത്നം തന്നെയാണ്. കഴിയുന്നതും കുറഞ്ഞത് 3 കാരറ്റ് തൂക്കമുള്ള ഗോമേദകം ഉപയോഗിക്കുന്നത് നന്ന്.

ഉപരത്നങ്ങൾ

ഗോമേദകം പൊതുവേ വില കുറഞ്ഞ ഉപരത്നമാണ്. അതിനാൽ കേരളത്തിൽ മറ്റൊരു ഉപരത്നവും നിർദ്ദേശിച്ച് കണ്ടിട്ടില്ല. വടക്കേ ഇന്ത്യയില്‍ ടുസ്സാ, സാഫി, ആംബർ എന്നീ രത്നങ്ങൾ ഗോമേദകത്തിന് പകരം ഉപയോഗിക്കുന്നുണ്ട്.

ലേഖകൻ

ശിവറാം ബാബുകുമാർ

പ്രശാന്തി

നെടുമ്പ്രം ലെയിൻ

പേരൂർക്കട

തിരുവനന്തപുരം

ഫോൺ:- 9847187116.

Email:sivarambabu@hotmail.com

sivaram.babu@yahoo.com,

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.