Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനം മയക്കും ചന്ദ്രകാന്തം

ചന്ദ്രകാന്തം ഗുണമേന്മ ഏറ്റവും കൂടിയതാണ് നീല ചന്ദ്രകാന്തം

വർണരശ്മികൾ വിസ്മയം സൃഷ്ടിക്കുന്ന സവിശേഷ രത്നക്കല്ല്. ചന്ദ്രകാന്തം അഥവാ മൂൺസ്റ്റോൺ അങ്ങനെയാണ് അറിയപ്പെടുന്നത്. ആ കല്ല് അനക്കുമ്പോഴൊക്കെ കാഴ്ചയ്ക്ക് തീർത്തു വ്യത്യസ്തമാകും. ചന്ദ്രന്റെ അർധചന്ദ്രാകൃതിയും മങ്ങിമങ്ങിപോകുന്ന അവസ്ഥയും അതിൽ പ്രതിഫലിക്കുന്നതായി കരുതപ്പെട്ടിരുന്നു. ശ്രീലങ്കയിലാണ് മൂൺസ്റ്റോണിന്റെ ഉത്ഭവം. മങ്ങിയ നീലനിറത്തിൽ മിക്കവാറും സുതാര്യമായ അവസ്ഥയിലാണ് മൂൺസ്റ്റോണുകൾ ലഭിക്കുന്നത്. ഇന്ത്യയിൽ നിന്നു ലഭിക്കുന്ന ചന്ദ്രകാന്തത്തിന് ഇളം തവിട്ടുനിറം, പച്ച, ഓറഞ്ച്, നല്ല തവിട്ടുനിറം എന്നിവയുടെ പ്രകാശ നിഴൽ രൂപങ്ങളാണ് കാണപ്പെടുന്നത്. ചന്ദ്രകാന്തത്തിന്റെ ഈ വർണഭംഗി ആഭരണമുണ്ടാക്കാൻ അവയെ മികവുറ്റതാക്കുന്നു. ഇവ പ്രചാരം നേടിയിട്ട് ഒരു നൂറ്റാണ്ടിലേറെ കാലമായി.

ചന്ദ്രകാന്തത്തെ ചുറ്റിപറ്റി നിഗൂഢതയുടെയും തന്ത്രങ്ങളുടെയും നിരവധി കഥകൾ നിലനിൽക്കുന്നു. അറേബ്യൻ രാജ്യങ്ങളിൽ സ്ത്രീകൾ മറ്റാരും കാണാത്തവിധം വസ്ത്രങ്ങളിൽ മൂൺസ്റ്റോണുകൾ തുന്നിപിടിപ്പിച്ചിരുന്നു. ഉൽപാദനക്ഷമതയുടെ പ്രതീകമായി ഈ രത്നക്കല്ലുകളെ അവർ കണക്കാക്കിയിരുന്നു. നമ്മുടെ ഉപബോധമനസിനെയും മനശക്തിയേയും ഉണർത്താൻ ഇവയ്ക്കാകുമെന്നും ചിലർ വിശ്വസിച്ചു. ലവേഴ്സ് സ്റ്റോൺ എന്നും ഇതറിയപ്പെട്ടു. കാര്യങ്ങൾ മുൻകൂട്ടി കാണാനും ശരിയായി മനസിലാക്കാനും ഈ രത്നക്കല്ലുകൾ സഹായിക്കുമെന്നും കരുതപ്പെട്ടിരുന്നു. ഫെൽസ്പാർ എന്നറിയപ്പെടുന്ന ധാതുവിഭാഗത്തിൽ പെട്ടതാണ് ചന്ദ്രകാന്തം. ഈ ധാതുവിഭാഗത്തിൽ പെട്ട രത്നക്കല്ലുകൾ യൂറോപ്പിലെ ആൽപ്സ് പ്രദേശത്തും ഗ്രീസിലും കണ്ടുവരുന്നു.

പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന രൂപത്തിൽ അവയ്ക്ക് ആകർഷകത്വം കുറവായിരിക്കും. വിദഗ്ധമായി മുറിച്ചു രൂപപ്പെടുത്തുമ്പോഴാണ് മൂൺസ്റ്റോൺ അദ്ഭുതകരമായി മിന്നിത്തിളങ്ങാൻ തുടങ്ങുന്നത്. അതിന് പ്രത്യേക രീതിയിൽ കല്ല് മുറിച്ചൊരുക്കേണ്ടതുണ്ട്. വൈദഗ്ധ്യം നേടിയവർക്കേ അത് സാധിക്കൂ. ആദ്യകാലത്ത് ഏറ്റവും മികച്ച സുതാര്യമായ മൂൺസ്റ്റോണുകൾ ശ്രീലങ്കയിൽ നിന്നാണ് ലഭിച്ചിരുന്നത്. പിന്നീട് അമേരിക്ക, ബ്രസീൽ, ഓസ്ട്രേലിയ, മിയാന്മർ, മഡഗാസ്കർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കണ്ടെടുക്കപ്പെട്ടു. ഗുണമേന്മ ഏറ്റവും കൂടിയതാണ് നീല ചന്ദ്രകാന്തം. വളരെ അപൂർവമായേ അത് ലഭിക്കാറുള്ളൂ. അതിനാൽ അവയുടെ വില അടുത്ത കാലത്ത് കുതിച്ചുയർന്നുകൊണ്ടിരിക്കുന്നു.

സമീപ കാലത്തായി പച്ച നിറത്തിലും തവിട്ടുനിറത്തിലും ഓറഞ്ച് നിറത്തിലുമുള്ള മൂൺസ്റ്റോണുകൾ വിപണിയിൽ എത്താൻ തുടങ്ങിയിരിക്കുന്നു. ഇന്ത്യയിൽ നിന്ന് കറുപ്പും ചുവപ്പും നിറത്തിലുള്ളതും വിൽപനയ്ക്കെത്തുന്നുണ്ട്. പൂച്ചയുടെ കണ്ണുകൾ പോലെയും നക്ഷത്രം പോലെയുമാണ് അവയിൽ ചിലത് ശോഭിക്കുക. ആഭരണങ്ങൾക്കു വേണ്ടിയല്ലാതെ കൊത്തുപണികൾക്കും ഈ കല്ല് ഉപയോഗിച്ചുവരുന്നു. കുട്ടികളുടെ മുഖവും ചന്ദ്രന്റെ വിവിധ രൂപങ്ങളുമൊക്കെ അതിൽ കൊത്തിവയ്ക്കും. കടുപ്പക്കുറവാണ് ചന്ദ്രകാന്തത്തിന്റെ ഒരു ന്യൂനത. അതിനാൽ വളരെ സൂക്ഷിച്ചുവേണം അത് കൈകാര്യം ചെയ്യാൻ. എന്നാൽ അവയിൽ ചെറിയ പോറലൊക്കെ വീണാലും ആഭരണ നിർമാതാക്കൾക്ക് പോളിഷ് ചെയ്ത് അതില്ലാതാക്കാനും പഴയതുപോലെ പ്രകാശിപ്പിക്കാനും സാധിക്കും.

മൂൺസ്റ്റോൺ പതിച്ച ആഭരണങ്ങൾക്ക് പലതരം വിലയാണ്. നല്ല നിറവും വലിപ്പവും സുതാര്യതയും ഉള്ളവയ്ക്ക് വിലക്കൂടുതലായിരിക്കും. ത്രിമാന സ്വഭാവത്തിലുള്ള നീല വർണ രശ്മികൾ പുറത്തുവിടുന്ന ചന്ദ്രകാന്തം വളരെ ആകർഷകമാണ്. വളരെ അപൂർവമാണ് അത്തരം രത്നക്കല്ലുകൾ. അതിനാൽ വില വളരെ കൂടുതലായിരിക്കും. ചന്ദ്രകാന്തത്തിന്റെ ഈ അദ്ഭുത ശോഭ പ്രകൃതിയുടെ വരദാനമായി കണക്കാക്കാം.

Your Rating: