Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൂൺ മാസത്തിന്റെ രത്നം

Gemology

മുത്ത് മനഃശാന്തിയുടെയും, മാതൃത്വത്തിന്റെയും രത്നമാണ്,മുത്ത് ജൂൺ മാസത്തിന്റെ രത്നമാണ്. ഭാഗവതത്തിൽ ശ്രീകൃഷ്ണന്റെ ബാലാരിഷ്ടത മാറാനായി മുത്ത് മാലരൂപത്തിൽ ധരിപ്പിച്ചതായുള്ള പരാമർശം കാണാം. കുട്ടികളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഗ്രഹത്തിന്റെ അതായത് അമ്പിളി അമ്മാവന്റെ രത്നമാണ് മുത്ത്. മാതൃകാരകനായ ചന്ദ്രന്റെ രത്നം കടൽജീവിയായ മുത്തുച്ചിപ്പികളിൽ നിന്നു ലഭിക്കുന്നു. ചന്ദ്രനെ ഇഷ്ടപ്പെടാത്ത ഒരു കുട്ടിയും ഭൂമിയിൽ ഉണ്ടാകാനിടയില്ല. ലോകത്തൊട്ടാകെ അമ്മമാർ രാത്രി കുട്ടികൾക്കു ഭക്ഷണം കൊടുക്കുന്നത് ഈ അമ്പിളി അമ്മാവനെ കാണിച്ചാണ്. ഈ ഭക്ഷണം കൊടുക്കലിന് അമൃതേറ്റിയ ഭക്ഷണം എന്നു പറയും. ഈ രീതിയിൽ ഭക്ഷണം കൊടുത്താൽ കുഞ്ഞുങ്ങൾ വേഗം വളരും എന്നാണു പാരമ്പര്യ വിശ്വാസം. വിശേഷിച്ച് കറുത്ത വാവ് കഴിഞ്ഞ് വരുന്ന പഞ്ചമി മുതൽ പൂർണ ചന്ദ്രൻ കഴിഞ്ഞ് വരുന്ന പഞ്ചമി വരെ, അതായത് ചന്ദ്രനു പക്ഷബലം ഉള്ള സമയത്ത് ഈ രീതിയിൽ കുട്ടികൾക്കു ഭക്ഷണം കൊടുക്കുന്നത് ഉത്തമമാണ്. നിങ്ങളുടെ ജാതകത്തിൽ ചന്ദ്രനു ബലക്കുറവ് ഉണ്ടെങ്കിൽ മുത്ത് ധരിക്കാം. ശാന്തിയുടെ രത്നമാണു മുത്ത്.

മുത്തിന്റെ ജ്യോതിഷപരമായ ഗുണങ്ങൾ

മാതൃത്വം ലഭിക്കാനും ഉത്തമ സന്താനലാഭത്തിനും സ്ത്രീസൗന്ദര്യം ആന്തരികമായും ബാഹ്യമായും വർധിക്കാനും വിവാഹം വേഗത്തിൽ നടക്കാനും വിവാഹിതർക്കു സുമംഗലീയോഗം നിലനിൽക്കാനും ശരീരഭംഗി വർധിക്കാനും മുത്ത് സഹായിക്കും. വിദ്യാർഥികൾക്ക് ഓർമശക്തിയും ആലോചനാശേഷിയും വർധിക്കാൻ മുത്ത് വിശേഷപ്പെട്ടതാണ്.

പലവിധ രോഗങ്ങളുടെ തീവ്രത കുറയ്ക്കാനും അനുകൂല ഫലങ്ങൾ ലഭിക്കാനും മുത്ത് ധരിക്കാം. ആർത്തവത്തകരാറുകൾ, ഗർഭാശയ വൈകല്യങ്ങൾ, പ്രസവസംബന്ധമായ പ്രശ്നങ്ങൾ, വന്ധ്യത, ഉറക്കം ഇല്ലായ്മ, ഉയർന്ന രക്തസമ്മർദം, മാനസികപ്രയാസങ്ങൾ, മാനസികരോഗങ്ങൾ, ഉന്മാദം, ഉദരരോഗങ്ങൾ, നേത്രരോഗങ്ങൾ, ദാമ്പത്യ സംബന്ധിയായ രോഗങ്ങൾ എന്നിവ മാറാൻ മുത്ത് സഹായിക്കും. വിവാഹസമയത്തു മുത്തുമാല ധരിച്ചാൽ വൈധവ്യം ബാധിക്കില്ല എന്ന വിശ്വാസം രജപുത്ര സ്ത്രീകൾ പിന്തുടർന്നുവരുന്നു. മുത്ത് മൂക്കുത്തിയായും ധരിക്കുന്നു. ഏഴു വയസ്സു വരെയുള്ള കുട്ടികളുടെ ബാലാരിഷ്ടത സംബന്ധമായ പ്രശ്നങ്ങൾക്കും മറ്റു ദുർദശകൾ മാറാനും മുത്തു നല്ലതാണ്. മുത്തും ചന്ദ്രകാന്തവും കൂടി ഒരു ലോക്കറ്റായി ധരിക്കുന്നതു നല്ലതാണ്. പുരുഷന്മാർക്കു വിവാഹം വേഗത്തിൽ നടക്കാൻ മുത്ത് ധരിക്കാവുന്നതാണ.് ഈ വിഷയത്തിൽ മുത്തിനെക്കാൾ പ്രയോജനം മുത്തിന്റെ ഉപരത്നമായ ചന്ദ്രകാന്തം ധരിക്കുന്നതുമൂലം ലഭിക്കും. പൊതുവിൽ മുത്ത് എല്ലാവർക്കും ധരിക്കാം. കാരണം ജ്യോതിഷപരമായി ചന്ദ്രന് മറ്റൊരു ഗ്രഹത്തോടും ശത്രുതയില്ല. എല്ലാ ഗ്രഹങ്ങളോടും ചന്ദ്രനു മിത്രതയാണ് ഉള്ളത്. എന്നാൽ ലഗ്നാധിപ-യോഗകാരക രീതിയിൽ ഈ രത്നം ധരിക്കുമ്പോൾ മകരം, കുംഭം, ഇടവം, മിഥുനം, കന്നി, തുലാം എന്നീ ലഗ്നങ്ങളിൽ ജനിച്ചവരും ധനുരാശിക്ക് ചന്ദ്രൻ അഷ്ടമാധിപൻ ആകയാൽ അവരും മുത്ത് ധരിക്കുന്നത് അനുകൂലമാകില്ല എന്നു പറയാം. ഈ വിഷയത്തിൽ ഉത്തമ ജ്യോതിഷ-രത്നശാസ്ത്ര പണ്ഡിതന്റെ ഉപദേശം തേടുകയാണു നല്ലത്.

രത്നശാസ്ത്ര വിവരങ്ങൾ

കടലിൽ നിന്നു ലഭിക്കുന്ന ജൈവ രത്നമാണു മുത്ത്. രാസഘടകങ്ങൾ - കാൽസ്യം കാർബണേറ്റിന്റെ കോംബിനേഷൻ. ക്രിസ്റ്റൽ ഘടന: അമോർഫസ്, ഓർത്തോ റോബിക്. ദൃഢത : 3.5-4.00 വരെ കളർ: പ്രകൃതിജന്യ ബസ്റ പേൾ, വൈറ്റ് അല്ലെങ്കിൽ ക്രീം കളറിൽ ലഭിക്കുന്നു. സൗത്ത് സീ-സിൽവർ വൈറ്റ്, കൂടാതെ പിത്തള നിറം, ഗൺമെറ്റലിന്റെ നിറം, പിങ്ക് നിറം, തവിട്ട് നിറം, കറുപ്പ് നിറം എന്നിങ്ങനെ പല നിറങ്ങളിൽ മുത്ത് ലഭ്യമാണ്. ആപേക്ഷികസാന്ദ്രത: 2.65-2.85 വരെ ലഭ്യമായ രാജ്യങ്ങൾ: ജപ്പാൻ, ചൈന, ഓസ്ട്രേലിയ, പേർഷ്യൻ ഗൾഫ് മേഖലകൾ, അമേരിക്ക

ഹിന്ദിയിൽ മോത്തി എന്നു വിളിക്കപ്പെടുന്നു. അറബിഭാഷയിൽ ലുലു പ്രകൃതിജന്യമായ മുത്തുകൾ വിലകൂടിയവയാണ്. അതിനു പകരമായി സംസ്കരിച്ചെടുത്ത മുത്തുകൾ ധരിക്കാം. മുത്തുചിപ്പിക്ക് ഉള്ളിൽ സിറിഞ്ച് ഉപയോഗിച്ച് സിലിക്കോൺ കുത്തിവച്ചാണു മുത്ത് ഉൽപാദിപ്പിക്കുന്നത്. ഈ മുത്ത് പകുതി പ്രകൃതിദത്തമാണ് എന്നു പറയാം. തമിഴ് നാട്ടിലെ തൂത്തുക്കുടി പേൾ, ആന്ധ്രയിലെ ഹൈദരാബാദ് പേൾ എന്നിവ ഈ വിധം ലഭിക്കുന്നവയാണ്. ഒപ്പം കൃത്രിമ ഫാക്ടറി നിർമിത സിന്തറ്റിക് മുത്തുകളും മാർക്കറ്റിൽ ലഭ്യമാണ്. സിന്തറ്റിക് മുത്തുകൾ ജ്യോതിഷപരമായി ഫലപ്രദമല്ല. അതുകൊണ്ട് ഉത്തരവാദിത്തം ഉള്ള വ്യാപാരികളിൽ നിന്നു മുത്ത് വാങ്ങുക. മുത്ത് മാലയായിട്ടും ലോക്കറ്റായും മോതിരമായും ധരിക്കാം. 54, 63, 72, 81, 90, 108 എന്ന സംഖ്യ വരത്തക്കവിധം മാലയായി ധരിക്കുക. തിങ്കളാഴ്ച രാവിലെ ഉദയം മുതൽ ഒരു മണിക്കൂറിനകം ചന്ദ്രഹോരയിൽ ധരിക്കുക. വെള്ളിയിലാണ് ഉത്തമം. സ്വർണത്തിലും ധരിക്കാം. മോതിരവിരലിലും ചെറുവിരലിലും മുത്ത് മോതിരമായി ധരിക്കാം. ആയുർവേദ ശാസ്ത്രത്തിൽ മുത്ത് പലവിധ മരുന്നുകളിൽ ചേർക്കാനും ഉപയോഗിക്കുന്നു. ജൂൺ മാസത്തിൽ ജനിച്ചവരുടെ ബർത്ത് സ്റ്റോണാണു മുത്ത്. രോഹിണി, അത്തം, തിരുവോണം നക്ഷത്രക്കാർക്കും 2-11-20-29 ജന്മസംഖ്യ ഉള്ളവർക്കും ചന്ദ്രദശക്കാർക്കും മുത്ത് ധരിക്കാവുന്നതാണ്.

ലേഖകൻ

R. Sanjeev Kumar PGA

Jyothis Astrological Research Centre

Lulu Apartment

Near Taj Hotel

Thaikkad P.O

Thiruvananthapuram -14

Phone 9447251087

email - jyothisgems@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.