Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ മരണമോതിരം എവിടെ?

Author Details
destiny Representative image

അതീന്ദ്രിയജ്ഞാനിയായ ചൗ മങ്ക് ആ മോതിരം കാണുന്നത് ചങ്ങാതി റൂഡിയുടെ വിരലിലാണ്. അതേ, ഹോളിവുഡ് തകർത്തുവാരിയ, ലോകയുവതയുടെ ഹൃദയം കവർന്ന അപൂർവ സുന്ദരനായ നടൻ റുഡോൾഫ് വലന്റീനോയുടെ കയ്യിൽ. കടുവാക്കണ്ണുളള ആ പുരാതന രത്നമോതിരത്തിനെ റൂഡി ഡെസ്റ്റിനി റിങ് എന്നു വിളിച്ചു. പക്ഷേ, അതിൽ അകാലമൃത്യു ചടുലനൃത്തം ചെയ്യുന്നതു കണ്ട ചൗ മങ്ക് അതുപേക്ഷിക്കാൻ ചങ്ങാതിയെ നിർബന്ധിച്ചു. അയാൾ അനുസരിച്ചില്ല. ചൗവിനു തെറ്റിയില്ല. ആ നല്ല മുപ്പത്തൊന്നാം വയസ്സിൽ അജ്ഞാതമായ വിഷരക്തബാധമൂലം റൂഡി അന്തരിച്ചു. ആ മോതിരം റൂഡിയുടെ കാമുകി പോള നെഗ്രി വിരലിലണിഞ്ഞു. അന്നു തന്നെ അവള്‍ രോഗക്കിടക്കയിലായി. പക്ഷേ, മരണക്കിടക്കയിൽ വച്ച് അതവൾ ഗായകനടൻ റസ്സ് കൊളംബോയ്ക്കു കൈമാറി. റസ്സ് പിറ്റേന്നു തന്നെ ഒരു ഷൂട്ടിങ് അപകടത്തിൽ കൊല്ലപ്പെട്ടു. പക്ഷേ, നെഗ്രി രക്ഷ നേടി. അടുത്തതു ജോ കസീനോ ആണ്. റസ്സിന്റെ സുഹൃത്തായ ജോ ആ മോതിരം ധരിച്ചില്ല. അതിനെ മരണമോതിരമെന്ന പേരിൽ പ്രദർശനത്തിനു വച്ചു.

Ring of Destiny Ring of Destiny

വളരെ വർഷങ്ങൾക്കു ശേഷമാണു ജോ അതണിഞ്ഞു നോക്കിയത്. പക്ഷേ, അന്നു തന്നെ പാഞ്ഞു വന്ന ഒരു ട്രക്കിന്റെ അടിയിൽപ്പെട്ട് അയാൾ ചതഞ്ഞരഞ്ഞു മരിച്ചു ! പിന്നെ ആ മോതിരം ജോയുടെ അനിയൻ ‍ഡെൽ കസീനോ ധീരമായി വിരലിലണിഞ്ഞു. അയാൾക്കൊന്നും പറ്റിയില്ല. അതിനു മുന്‍പുതന്നെ മറ്റൊരാൾക്ക് ‍ഡെൽ അതു കടം കൊടുത്തു. ആ രാത്രി ‍െജയിംസ് വില്ലിസ് എന്നൊരു കളളൻ അതു തട്ടിയെടുത്തു. വഴിയിൽ അയാൾ ചെന്നു ചാടിയത് പൊലീസിന്റെ മുന്നിൽ. ഒരൊറ്റ ബുളളറ്റിൽ വില്ലിസിന്റെ കഥകഴിഞ്ഞു.

റൂഡിയുടെ മറ്റൊരു സുഹൃത്ത് ജാക്ക് ഡൺ ആ വെല്ലു വിളി സ്വീകരിച്ചു. മോതിരം വാങ്ങി ധരിച്ചു. വൈകിയില്ല, റൂഡിക്കു വന്ന അതേ വിഷരക്തരോഗം ബാധിച്ച് അയാൾ മരിച്ചു. അതോടെ ഡെൽ കസീനോ ഇടപെട്ട് ആ കടുവാക്കണ്ണനെ ലൊസാഞ്ചൽസിലെ ഒരു ബാങ്ക് ലോക്കറിൽ വച്ചു പൂട്ടി. പിന്നെ ശാപത്തിന്റെ ദുര്യോഗം ആ ബാങ്കിനായി. അതു പലതവണ കൊളളയടിക്കപ്പെട്ടു. ഒടുവിൽ ദുരൂഹമായൊരു അഗ്നിബാധയിൽ അതു തകർന്നു തറ പറ്റി. തുടർന്ന് ആ മോതിരം കിട്ടിയത് ന്യൂയോർക്കിലെ ഒരു ബാർബർക്കാണ്. അയാളുടെ വിധിയും മറിച്ചായില്ല, അപമൃത്യു തന്നെ കിട്ടി ! ആ മോതിരത്തെ പിന്തുടർന്ന ചൗ മങ്ക് പറയുന്നു : ഒരു പക്ഷേ, അതിപ്പോഴും ഓരോരുത്തരെ നിശ്ശബ്ദം കൊല്ലുന്നുണ്ടാവാം അല്ലെങ്കിൽ ആശപ്തമോതിരം നശിച്ചിരിക്കാം ! എന്തായാലും അതെവിടെയന്ന് എനിക്കറിയില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.