Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാണിക്യം ജൂലൈ മാസത്തിന്റെ രത്നം

Ruby

പാശ്ചാത്യ ജ്യോതിഷ പ്രകാരം ജൂലൈ മാസത്തിൽ ജനിച്ചവർക്കുള്ള രത്നമാണ് മാണിക്യം. ഒരു നക്ഷത്രമാണെങ്കിലും ജ്യോതിഷത്തിൽ ഗ്രഹസ്ഥാനത്ത് ആണ് സൂര്യന്റെ സ്ഥാനം. ജാതകത്തിൽ സൂര്യന്റെ ശക്തി അതിപ്രധാനമാണ്. ആത്മകാരകനാണു സൂര്യൻ. ഒരു വ്യക്തിയുടെ പ്രഭാവം നിശ്ചയിക്കുന്നത് സൂര്യനാണ്. ജീവന്റെ ഭാവം പ്രകാശിക്കാൻ ഈ സൂര്യശക്തി അത്യാവശ്യമാണ്.

ജനന സമയത്ത് നിങ്ങളുടെ ജാതകത്തിൽ സൂര്യനു ബലക്കുറവ് വന്നാൽ അതിനു പരിഹാരമായി സൂര്യരത്നമായ മാണിക്യം ധരിക്കാം. നിറമുള്ള രത്നങ്ങളിൽ രാജാവാണ് മാണിക്യം. ചുവന്ന നിറത്തിൽ മാണിക്യം തിളങ്ങുന്നു. റോസ് പിങ്ക് പർപ്പിൾ, കറുപ്പും ചുവപ്പും കലർന്ന നിറം, മാടപ്രാവിന്റെ രക്തത്തിന്റെ നിറം എന്നിങ്ങനെ ചുവപ്പിന്റെ വിവിധ വർണരാജികളിൽ മാണിക്യം ലഭ്യമാണ്. സൂര്യന്റെ ചുവന്ന കോസ്മിക് രശ്മികൾ മാണിക്യരത്നത്തിലൂടെ ധരിച്ചിരിക്കുന്ന വ്യക്തിയുടെ സൂക്ഷ്മ നാഡികളിലൂടെ ശരീരമൊട്ടാകെ വ്യാപിച്ച് ജാതകത്തിലെ സൂര്യശക്തിയെ ശക്തമാക്കുന്നു. എല്ലാ രത്ന‌ങ്ങളും ഈ വിധത്തിൽ തന്നെയാണു പ്രവർത്തിക്കുന്നത്.

മാണിക്യം അനുകൂലമായ വ്യക്തികൾ ധരിച്ചാൽ സന്താനഭാഗ്യം, പുതിയ സാമ്പത്തിക മാർഗങ്ങൾ, സർക്കാരിൽ സ്ഥാനമാനങ്ങൾ, ഗവൺമെന്റ് ജോലികൾ, കരാറുകൾ, രാഷ്ട്രീയ പ്രവർത്തനത്തിൽ ഉന്നതി, രാഷ്ട്രീയ സ്ഥാനമാനങ്ങൾ, അധികാരലബ്ധി, പ്രകൃതിദുരന്തങ്ങളിൽ നിന്നു സംരക്ഷണം, തൊഴിൽ രംഗത്ത് പ്രമോഷൻ, മറ്റ് അംഗീകാരങ്ങൾ, കാര്യശേഷി, വേഗത എന്നിവ ലഭിക്കാൻ ഇടയാകും. പൊതുവിൽ സൂര്യദശയുള്ളവർക്കു മാണിക്യം ധരിക്കാം. എന്നാൽ സൂര്യന്റെ ശത്രു രാശികൾ ലഗ്നങ്ങൾ ആയി ജനിച്ചവർ, മാണിക്യം ധരിക്കരുത് അതായത് ഇടവം മിഥുനം, കന്നി, തുലാം, മകരം, കുംഭം എന്നീ ലഗ്ന രാശികളിൽ ജനിച്ചവർ മാണിക്യം ധരിക്കുന്നത് നല്ലതല്ല. എന്നാൽ മീന ലഗ്നക്കാർക്ക് പത്മരാഗം, ഗാർനറ്റ് മുതലായവ ദോഷം വരുത്തുന്നതായി കാണുന്നില്ല.

മേട ലഗ്നക്കാർക്ക് മാണിക്യം സ്ഥാനമാനങ്ങളും ധനസൗഭാഗ്യങ്ങളും സന്താനഭാഗ്യം, സന്താനങ്ങളുടെ ഉന്നതി എന്നിവയും നൽകും. മേട ലഗ്നക്കാർക്കു മഹേശ്വരാനുഗ്രഹം ലഭിക്കാനും മാണിക്യം സഹായിക്കും. കർക്കടക ലഗ്നക്കാർക്ക് ധനാധിപൻ, വാക്സ്ഥാനാധിപൻ എന്ന നിലയിൽ ധന ഐശ്വര്യങ്ങളും, വാക്ചാതുര്യവും വാഗ്മിത്തവും മാണിക്യ ധാരണത്താൽ ലഭിക്കുന്നതാണ്. ചിങ്ങ ലഗ്നത്തിൽ ജനിച്ചവർക്ക് ശരീരത്തിന്റെ അധിപൻ ആകയാൽ എല്ലാവിധ ആനുകൂല്യങ്ങളും സർവ സൗഭാഗ്യങ്ങളും മാണിക്യധാരണത്താൽ ലഭിക്കും. വൃശ്ചിക ലഗ്നക്കാർക്ക് സൂര്യൻ കർമാധിപന്റെ റോളിൽ ആണ്. ആഗ്രഹിക്കുന്നതും അനുയോജ്യവുമായ തൊഴിൽ ലഭിക്കാൻ മാണിക്യം വൃശ്ചിക ലഗ്നക്കാരെ സഹായിക്കും. സർക്കാർ സ്ഥാപനങ്ങളിൽ തൊഴിൽ നേടാൻ ഉത്തമം തൊഴിൽ പ്രാവണ്യം വർധിപ്പിക്കും.

ധനു ലഗ്നക്കാർക്ക് 9-ാം ഭാവാധിപനായ സൂര്യന്റെ മാണിക്യം ധരിച്ചാൽ ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. പിതാവിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. പൂർവിക സ്വത്തുക്കൾ കൈവശം വന്നുചേരും. ധനുലഗ്നക്കാർക്ക് ഏറ്റവും അനുയോജ്യമായ രത്നമാണു മാണിക്യം.

മീന ലഗ്നക്കാർക്കു മാണിക്യം അനുകൂലമല്ല. മകരം, കുഭം രാശിക്കാർക്കു സൂര്യൻ മാരകൻ ആയതിനാൽ ഈ ലഗ്നക്കാർ മാണിക്യം ധരിക്കാതിരിക്കുന്നതാണ് ഉത്തമം.

കാർത്തിക, ഉത്രം, ഉത്രാടം നക്ഷത്രക്കാർക്ക് മാണിക്യം ജന്മനക്ഷത്രക്കല്ല് എന്ന രീതിയിൽ അനുകൂലമാണ്. എന്നാൽ ജാതക ഗ്രഹനില പരിശോധിച്ച് ധരിക്കുന്നതാണ് നല്ലത്. സൂര്യ ദശ ഉള്ളവർക്കും മാണിക്യം ധരിക്കാം. ആറു വർഷമാണ് സൂര്യന്റെ ദശാകാലം ഇവിടെയും ജാതകം പരിശോധിച്ച് മാത്രം മാണിക്യം ധരിക്കുക. ജൂലൈ മാസത്തിൽ ജനിച്ചവർക്കും മാണിക്യം ധരിക്കാം.

ഭാഗ്യ സംഖ്യ ഒന്ന് വരുന്നവർക്കും മാണിക്യം അനുകൂലമാണ്. ഇംഗ്ലീഷ് കലണ്ടർ പ്രകാരം ഏതു മാസത്തിൽ ആയാലും 1,10,19,28 എന്നീ തീയതികളിൽ ജനിച്ചവർക്ക് ഈ രത്നം അനുകൂലമാണ്. ഇവിടെയും ജാതകം കൂടി പരിശോധിച്ചു മാണിക്യം ധരിക്കുക. ജാതകത്തിൽ ഗ്രഹമൗഢ്യം ഉള്ളവർ മാണിക്യം ധരിച്ചാൽ മൗഢ്യവാനായ ഗ്രഹത്തിന്റെ മൗഢ്യം കൂടാൻ ഇടയാകും. അതായത് വ്യാഴത്തിന് മൗഢ്യം ഉള്ള വൃശ്ചിക ലഗ്നക്കാരൻ മാണിക്യം ധരിച്ചാൽ സൂര്യന്റെ ശക്തികൂടി വ്യാഴത്തിന്റെ ശക്തി കുറയുകയും ജാതകന് ധനപരമായ ക്ലേശങ്ങൾ വരികയും ചെയ്യും. മാണിക്യം മേൽപ്പറഞ്ഞ ആൾക്കാർ ഒരു കാരറ്റിൽ താഴെ ധരിക്കുന്നത് ആവും നല്ലത്.

മാണിക്യം അനുകൂലമായ ലഗ്നങ്ങളിൽ ജനിച്ചവർക്കും സൂര്യൻ ഉച്ചൻ ആണെങ്കിൽ മാണിക്യ ധാരണം ആവശ്യമില്ല. മേടം രാശിയിൽ സൂര്യന് ഉച്ചസ്ഥിതി വരുന്നു. വിശേഷിച്ച് മേടം പത്തിനോ മേടമാസം 5നും 25നും മധ്യേയോ ജനിച്ചവർക്ക് സൂര്യന് മറ്റ് പാപഗ്രഹയോഗ ദൃഷ്ടികൾ ഇല്ലെങ്കിൽ സൂര്യൻ വളരെ ബലവാനായി അനുഭവപ്പെടും.

സൂര്യൻ തുലാം രാശിയിൽ നീചത്വം ഭവിച്ച് നിൽക്കുന്ന മാണിക്യം അനുകൂലമായ ലഗ്നക്കാർക്ക് മാണിക്യം ധരിക്കുന്നത് സൂര്യന്റെ ബലക്കുറവ് പരിഹരിക്കാൻ സഹായിക്കും. മാണിക്യത്തിന് ഒപ്പം ധരിക്കാവുന്ന രത്നങ്ങൾ മുത്ത്, ചുവന്ന പവിഴം, മഞ്ഞ പുഷ്യരാഗം. മാണിക്യത്തോടൊപ്പം ധരിക്കാൻ പാടില്ലാത്ത രത്നങ്ങൾ ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം, വജ്രം മരതകം എന്നിവ. മാണിക്യവും മഞ്ഞപുഷ്യരാഗവും ഒരുമിച്ചു ധരിക്കാവുന്നതാണ്. ധനു, വൃശ്ചികം, മേടം ലഗ്നക്കാർക്ക് ഇത് വളരെയധികം ഗുണങ്ങൾ നൽകിയിട്ടുണ്ട്. രോഗശമനവുമായി ബന്ധപ്പെട്ട് നേത്രരോഗങ്ങൾ, ആമാശയ രോഗങ്ങൾ (എന്നാൽ അൾസർ രോഗികൾ ധരിക്കരുത്) എല്ല് സംബന്ധമായ രോഗങ്ങൾ എല്ലാ വിധത്തിലും ഉള്ള ഹൃദയരോഗങ്ങൾ എന്നിവയ്ക്ക് മാണിക്യം അനുകൂലമായ ലഗ്നക്കാർക്ക് ധരിക്കാം. ഉണർവും ഉന്മേഷവും ഉണ്ടാകാനും പ്രഭാതത്തിൽ ഉണരാനും, മടി, മന്ദത അലസത എന്നിവയിൽ നിന്ന് രക്ഷനേടാനും മാണിക്യം സഹായിക്കും.

രത്ന ശാസ്ത്രപരമായ വിവരങ്ങൾ:

ക്വറണ്ടം ഗ്രൂപ്പിൽപ്പെട്ട രത്നം, രാസഘടകം-അലൂമിനിയം ഓക്സൈഡ് (Al2O3), ക്രിസ്റ്റൽ ഘടന ട്രൈഗണൽ, കാഠിന്യം-9, ആപേക്ഷിക സാന്ദ്രത-3.99-4.00 വരെ റിഫ്രാക്ടീവ് ഇൻഡക്സ് 1.76-1.66 വരെ നല്ല തിളക്കം ഉള്ള രത്നം, നിറം നൽകുന്ന ഘടകം ക്രോമിയം, ലഭ്യമായ രാജ്യങ്ങൾ ഇന്ത്യ, മ്യാൻമാർ, സയാം, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ടാൻസാനിയ, കെനിയ, നേപ്പാൾ,വിയറ്റ്നാം, ഒഡീഷ, കർണാടക, കേരളം, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്. തമിഴ്നാട് എന്നിവിടങ്ങളിൽ ലഭ്യമാണ്. ഇതിൽ മ്യാൻമാർ (ബർമ) മാണിക്യം ഗുണമേന്മ കൂടിയതായി കരുതപ്പെടുന്നു. ലാറ്റിൻ വാക്കായ റൂബം എന്ന പദത്തിൽ നിന്നാണ് റൂബി ഉണ്ടായത്. ചുവപ്പ്നിറം എന്ന് അർഥം. മാണിക്യത്തിന് പത്മരാഗം എന്ന രത്നവും ധരിക്കാം തുല്യ ഫലം ലഭിക്കും. മാണിക്യത്തിന് പകരം നക്ഷത്രമാണിക്യം എന്നീ രത്നങ്ങൾ ധരിക്കാം.

ഞായറാഴ്ച രാവിലെ ഉദയം മുതൽ ഒരു മണിക്കൂറിനകം രവിയുടെ കാലഹോരയിൽ വലതുകയ്യിലെ മോതിരവിരലിൽ സ്വർണത്തിലോ വെള്ളിയിലോ മോതിരമായി ധരിക്കാം. ശിവക്ഷേത്രദർശനം നടത്തി ധരിക്കുന്നതും ഉത്തമം. ഉത്തമലോഹം സ്വർണം. മാണിക്യം സർട്ടിഫിക്കറ്റോട് കൂടി വാങ്ങുന്നതാണ് നല്ലത്. കാരണം പലതരം കൃത്രിമ മാണിക്യങ്ങൾ മാർക്കറ്റിൽ ലഭ്യമാണ്. അതിൽ പ്രധാനം ഗ്ലാസ് ഫിൽഡ് റൂബിയാണ്. സുതാര്യതയുള്ള നല്ല ചുവപ്പു നിറം ഉള്ള പൊട്ടലുകൾ ഇല്ലാത്ത വലിയ കറുത്ത പുള്ളികൾ ഇല്ലാത്ത മാണിക്യം ഉത്തമമായി കരുതുന്നു. രത്നത്തിന്റെ ഗ്രേഡ്, ഗുണമേന്മ എന്നിവ മനസ്സിലാക്കി രത്നം ധരിക്കുക. മാണിക്യം വിലകൂടിയ രത്നമാണ്. എന്നാൽ മാണിക്യത്തിന്റെ ഉപരത്നമായ ഗാർനറ്റ് സാധാരണക്കാർക്കും വാങ്ങാൻ സാധിക്കും. ഒരു കാരറ്റ് വരെ ജ്യോതിഷ പ്രശ്നപരിഹാര ആവശ്യത്തിനായി മാണിക്യം ധരിക്കാം. മാണിക്യം ധരിച്ചാൽ മാന്യത ഉണ്ടാകും എന്നാണു വിശ്വാസം.

ലേഖകൻ

R. Sanjeev Kumar PGA

Jyothis Astrological Research Centre

Lulu Apartment

Near Taj Hotel

Thaikkad P.O

Thiruvananthapuram -14

Phone 9447251087

email - jyothisgems@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.