Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഫ്രിക്കയിൽ നിന്ന് 1,111 കാരറ്റ് വജ്രം!

ഡയമണ്ട് ചിത്രത്തിനു കടപ്പാട്: ലുക്കാര ഡയമണ്ട് കോർപ്പറേഷൻ.

അതൊരു കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമായിരുന്നു. ഭൂമിക്കടിയിൽ ഖനിത്തൊഴിലാളികൾ വെട്ടിമാറ്റിയ മൺഭിത്തിയുടെ വിടവിലൂടെ അതു രത്നശോഭയായി ജ്വലിച്ചു. 1,111 കാരറ്റ് വജ്രത്തിളക്കം! രത്നങ്ങളുടെ നാടായ ബോട്സ്വാനയിലെ ഖനിമനുഷ്യർ പരസ്പരം അഭിനന്ദിച്ച് കൈകൊടുക്കുകയാണിപ്പോൾ– കയ്യോളം വലിപ്പമുള്ള ഗംഭീര വജ്രം കണ്ടെത്തിയതിന്. ബോട്സ്വാനയുടെ ‘രത്നഖജിതമായ’ ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടെത്തലാണെന്നു മാത്രമല്ല, കള്ളിനാൻ വജ്രം കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലുതും.

ല്യുകാറ വജ്രക്കമ്പനിയുടെ കരോവെയിലെ ഖനിയിൽനിന്നാണ് ആയിരവും കടന്ന് 1,111 കാരറ്റ് പരിശുദ്ധിയുള്ള വജ്രം പകൽ വെളിച്ചം കാണുന്നത്.

diamond-1

ഇതിന്റെ വിലയെത്ര വരുമെന്ന് ഇനിയും നിശ്ചയിച്ചിട്ടില്ല. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയിൽനിന്നു കിട്ടിയ നൂറു കാരറ്റ് വജ്രം 2.21 കോടി ഡോളറിനാണ് ഇക്കഴിഞ്ഞ ഏപ്രിലിൽ ലേലത്തിൽ പോയത്. 813 കാരറ്റും 374 കാരറ്റുമുള്ള രണ്ട് വൈറ്റ് ഡയമണ്ടുകളും ഇതേ ഖനിയിൽനിന്നു ലഭിച്ചിട്ടുണ്ടെന്നും ല്യുകാറ അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്. രത്നവാർത്തയോടെ കമ്പനിയുടെ ഓഹരിമൂല്യം കുതിച്ചുയരുകയും ചെയ്തു.

അത് ബ്രിട്ടിഷുകാർ കൊണ്ടുപോയി

ലോകത്തെ ഏറ്റവും വലുതെന്ന ഖ്യാതിയുള്ള കുള്ളിനൻ ഡയമണ്ട്‍‍‍ കണ്ടെത്തിയത് 1905ൽ. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലുള്ള ഖനിയിൽനിന്നായിരുന്നു 3106 കാരറ്റിന്റെ അമൂല്യ രത്നം ലഭിച്ചത്. ദക്ഷിണാഫ്രിക്ക ബ്രിട്ടന്റെ കോളനിയായിരുന്ന അക്കാലത്ത്, ട്രാൻസ്‌വാളിലെ പ്രാദേശിക ഭരണകൂടം ആ വജ്രം ബ്രിട്ടിഷ് ചക്രവർത്തി ഏഡ്വേഡ് ഏഴാമന് ജന്മദിന സമ്മാനമായി അയച്ചുകൊടുക്കുകയായിരുന്നു.

ഒൻപതു വലിയ രത്നങ്ങളും നൂറോളം ചെറുരത്നങ്ങളുമായി മുറിച്ച കള്ളിനാന്റെ മിക്ക ഭാഗങ്ങളും ഇപ്പോൾ ബ്രിട്ടന്റെ അഭിമാനമായി തിളങ്ങുന്നു. ബ്രിട്ടിഷ് രാജ്ഞിയുടെ ചെങ്കോലിലും കിരീടത്തിലും കള്ളിനാന്റെ ഓരോ വജ്രഭാഗം വീതമുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.