Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാഗമാണിക്യം വെറും കെട്ട് കഥയോ?

നാഗമാണിക്യം Representative image

നാഗമാണിക്യം– രത്നത്തട്ടിപ്പുകാരുടെ തുറുപ്പുചീട്ടാണിത്. കഥ ഇങ്ങനെ: മൂർഖൻ പാമ്പിന്റെ വിഷം കാലപ്പഴക്കത്താൽ ഉറഞ്ഞുകട്ടിയായി നാഗമാണിക്യം രൂപപ്പെടുന്നു. നാഗമാണിക്യം വഹിക്കുന്ന മൂർഖൻ പാമ്പ് അമാവാസി, പൗർ‌ണമി ദിവസങ്ങളിൽ മാണിക്യരത്നം പുറത്തേക്കു തുപ്പിയ ശേഷം ആകാശത്തേക്കു നോക്കി ഈശ്വരനെ സ്തുതിക്കുന്നു. ഈ സമയത്തു നാഗമാണിക്യം തിരയുന്ന ആൾ ഈ സർപ്പത്തെ നിരീക്ഷിച്ചുകൊണ്ടു തന്റെ കൈവശം ഉള്ള പശുവിൻ‌ചാണകം കൊണ്ടു നാഗമാണിക്യം മൂടുന്നു. പ്രാർ‌ഥന കഴിഞ്ഞ് മാണിക്യം തിരിച്ചു വായിലാക്കാനായി നോക്കുമ്പോൾ മാണിക്യം കാണാതെ സർപ്പം കോപം കൊണ്ടു ശീൽക്കാരശബ്ദം പുറപ്പെടുവിച്ച് പാറകളിൽ തലതല്ലി മരിക്കുന്നു. സർപ്പം ചത്തെന്ന് ഉറപ്പാക്കിയ സർപ്പനിരീക്ഷകൻ ചാണകം മാറ്റി മാണിക്യം പുറത്തെടുത്ത് പശുവിൻ പാലിലും പനിനീരിലും കഴുകി സൂക്ഷിക്കുന്നു.

ഒരു ചെറിപ്പഴത്തിന്റെ അത്ര വലുപ്പം ഉള്ളതാണു മാണിക്യം. സെവൻസീസ് മീൻ ഗുളിക പോലെ തോന്നിക്കും. രാത്രി ഇതു ചുവന്നു തിളങ്ങും. രശ്മി പ്രസരിപ്പിക്കും. രശ്മിയുടെ നീളം, ശക്തി, പ്രഭ എന്നിവ അനുസരിച്ച് ഒരു കോടി മുതൽ 50 കോടി വരെയാണ നാഗമാണിക്യത്തിന്റെ വില. വയനാട്, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലെ വനാന്തർഭാഗത്തു നിന്ന് ആദിവാസികളാണു നാഗമാണിക്യം ശേഖരിച്ചു നഗരത്തിലെ രത്നവ്യാപാരികൾക്ക് എത്തിക്കുന്നതത്രേ. N.R (നാഗറൂബി) എന്നാണ് ഇതിന്റെ ഓമനപ്പേര്. നാഗമാണിക്യ ഏജന്റുമാർ‌ നഗരത്തിലെ മുന്തിയ ഹോട്ടലുകളിൽ താമസിച്ച് ഇരയെ കണ്ടെത്തുന്നു. ധനാർത്തി പൂണ്ട ഇര ഏജന്റിന്റെ വാക്കിൽ കുടുങ്ങും. നാഗമാണിക്യ ഏജന്റിന്റെ പ്രലോഭനത്തിൽ വീഴാത്തവർ ചുരുക്കം. പ്രധാന നമ്പറുകൾ ഇവയാണ്:

ഹിന്ദി സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർ‌ സ്റ്റാർ നാഗമാണിക്യം ഇട്ടു വച്ചിരിക്കുന്ന വെള്ളം കുടിച്ചുകൊണ്ടാണ് തന്റെ ഒരു ദിവസം ആരംഭിക്കുന്നത്. ഇന്ത്യയിലെ ഒരു പ്രമുഖ മദ്യവ്യവസായി, നാഗമാണിക്യം താൻ കഴിക്കുന്ന വില കൂടിയ മദ്യത്തിൽ അൽപ സമയം ഇട്ടുവച്ചശേഷം കുടിക്കുന്നു. കേരളത്തിലെ രണ്ടു പ്രമുഖ സൂപ്പർ സിനിമാതാരങ്ങൾ തങ്ങളുടെ ലോക്കറുകളിൽ NR സൂക്ഷിച്ചിട്ടുണ്ട്. ലോകത്ത് മുഴുവനും നാഗറൂബി കൈവശം ഉള്ളവരാണു ശതകോടീശ്വരന്മാർ ആകുന്നത്. നാഗമാണിക്യം ഒരു നോക്കു കണ്ടാലും ഗുണം കിട്ടും. ഒരു നോക്കു കാണാൻ 5,000 രൂപ മുതൽ 25,000 രൂപ വരെയാണു നിരക്ക്‌. സ്റ്റാർ ഹോട്ടലിൽ വച്ചു മാത്രമേ നാഗമാണിക്യം കാണിക്കുകയുള്ളൂ എന്നതാണു വിചിത്രമായ കഥ.

ഈ തട്ടിപ്പിന്റെ, ഭാവനയുടെ, അടിസ്ഥാനകഥ ശ്രീമാൻ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ വിഖ്യാതമായ ഐതിഹ്യമാലയിലെ 113–ത്തെ ഐതിഹ്യമായ “പാമ്പുമേക്കാട്ട് നമ്പൂതിരി” എന്ന കഥയിൽ നിന്നു തുടങ്ങുന്നു. പാമ്പുമേക്കാട്ടില്ലത്തെ ഒരു പണ്ഡിതനായ നമ്പൂതിരി തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ തിരുവഞ്ചിക്കുളത്തപ്പനെ ഭജനം പാർത്തുവരവെ 12 വർഷം തികയാറാകുന്ന ഒരു ദിവസം. ക്ഷേത്രത്തിലെ അത്താഴപൂജ കഴിഞ്ഞപ്പോൾ കുറച്ച് വെള്ളം എടുക്കാനായി ക്ഷേത്രമതിൽക്കെട്ടിനകത്തെ തീർത്ഥക്കുളത്തിൽ ചെന്നു. അപ്പോൾ അവിടെ ഒരു ദിവ്യപുരുഷനെ കാണുന്നു. നല്ല തേജസ്സും ഓജസ്സും ഉള്ള ഒരാൾ‌. ആളെ കണ്ട് മേക്കാടൻ നമ്പൂതിരി, ആരാണ് എന്നു ചോദിച്ചു. അപ്പോൾ ആ ദിവ്യപുരുഷൻ ആളറിഞ്ഞിട്ട് മേക്കാടിന് എന്തു വേണം, വെള്ളം വേണമെങ്കിൽ എടുത്തിട്ടു പോണം എന്നു പറഞ്ഞു. അതു കേട്ടിട്ട് നമ്പൂതിരി ഇയാൾ ആരാണ് എന്നു ചിന്തിച്ചു നിന്നു. അപ്പോൾ ആ ദിവ്യപുരുഷന്റെ കയ്യിൽ ചുവന്നു തിളങ്ങുന്ന ഒരു സാധനം കണ്ട് അതെന്താണ് എന്നു ചോദിച്ചു. അപ്പോൾ ദിവ്യൻ, നമ്പൂതിരി മാണിക്യക്കല്ലു കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു. കാണാൻ താൽപര്യം ഉണ്ടെന്നു പറഞ്ഞ് നമ്പൂതിരി കൈനീട്ടി, തന്നാൽ തിരിച്ചു തരും എന്നു നിശ്ചയം ഉണ്ടോ എന്നായി ദിവ്യപുരുഷൻ. നിശ്ചയമായും തരാം എന്നു നമ്പൂതിരി. തുടർന്നുള്ള സംഭവവികാസങ്ങളിൽ തന്റെ മുന്നിൽ നിൽക്കുന്നത് ശ്രീപരമേശ്വരന്റെ ഭൂഷണമായിരിക്കുന്ന വാസുകി സർപ്പമാണെന്ന് അറിഞ്ഞ് നമ്പൂതിരി തന്റെ ദാരിദ്ര്യദുഃഖത്തിനും സന്താനദുരിതത്തിനും ശമനം ഉണ്ടാക്കിത്തരാനുള്ള വരം ചോദിക്കുകയും വാസുകി അതു നൽകുകയും ചെയ്യുന്നു. ഭജനം കഴിഞ്ഞ് നമ്പൂതിരി മേക്കാട്ടില്ലത്ത് ചെന്നതും വാസുകിയും നാഗയക്ഷിയും അവിടെ പ്രത്യക്ഷപ്പെടുകയും മാണിക്യരത്നം നൽകുകയും ഇല്ലത്തെ നിലവറയിൽ സൂക്ഷിക്കുവാൻ പറയുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു. അവിടെ പിന്നീട് നാഗരാജാവിനെയും നാഗയക്ഷിയെയും പ്രതിഷ്ഠിക്കുകയും കേരളത്തിലെ പ്രമുഖ സർപ്പക്ഷേത്രമായി മാറുകയും ചെയ്തു.

ഈ മഹത്കഥയിൽ നിന്നാണു നാഗമാണിക്യത്തട്ടിപ്പുകാർ കഥ മെനഞ്ഞത് എന്നു മനസ്സിലാക്കാം. പാമ്പിന്റെ വിഷസഞ്ചിയിലോ ഫണത്തിലോ വായ്ക്കകത്തോ ഒരു രത്നവും ഇല്ല. കേരളത്തില്‍ നാഗമാണിക്യം മൂലം ധനനഷ്ടം വന്നവർ ധാരാളം ഉണ്ട്. ധനമോഹത്തിന്റെ ഭാവനാവിലാസം മാത്രമാണു നാഗമാണിക്യം. കുതിരയ്ക്കു കൊമ്പു മുളയ്ക്കുന്നതു പോലുള്ള ഒരു കെട്ടുകഥ.

നാഗമാണിക്യത്തട്ടിപ്പു രീതി

സിന്തറ്റിക് മാണിക്യം ഒരു ചെറിയ ജൂവൽ ബോക്സിൽ ഒരു LED ലൈറ്റ് സഹിതം സ്ഥാപിച്ച് ജൂവൽ ബോക്സ് അമർത്തുമ്പോൾ LED ലൈറ്റ് പ്രകാശിപ്പിക്കും വിധം സെറ്റ് ചെയ്ത് അരണ്ട വെളിച്ചത്തിൽ പ്രദർശിപ്പിച്ചാണു നാഗമാണിക്യത്തട്ടിപ്പു നടത്തുന്നത്. പുതിയ പലവിധ തട്ടിപ്പുകളും ഈ മേഖലയിൽ വരാനിരിക്കുന്നതേയുള്ളൂ. ലോകത്തെ ജെം ടെസ്റ്റിന് ലാബുകൾക്ക് രണ്ട് ജന്തുജന്യരത്നങ്ങളെക്കുറിച്ച് അറിയാം– മുത്തും പവിഴവും. കൂടാതെ കോണിഫറസ് മരത്തിന്റെ കറ കാലപ്പഴക്കത്താൽ ഫോസിൽ രൂപം പ്രാപിക്കുന്ന അംബർ എന്ന സസ്യജന്യരത്നവും ഉണ്ട്. ജെം ടെസ്റ്റിങ് ലാബുകൾ വന്നതോടെ വ്യാജ–ഭാവനാ രത്നങ്ങളുടെ പ്രചാരം കുറ‍ഞ്ഞിട്ടുണ്ട്. കൂടാതെ മറ്റൊരു തട്ടിപ്പ് രത്നമാണ് അരണമാണിക്യം. അരണ എന്ന ഉരഗത്തിന്റെ വായിൽ നിന്ന്‌ ഇതു ലഭിക്കുമത്രേ! ഇതിനു നാഗമാണിക്യത്തെപ്പോലെ അത്ര വിലയില്ല.

ഗജമുത്ത് (ആനമുത്ത്) (Elephant Pearl)

ആനയുടെ മസ്തകത്തിലെ മുത്ത് എന്നാണു പ്രചാരണം. ആനകളെ പോസ്റ്റ്മോർട്ടം നടത്തിയ ലോകത്തെ ഒരു വെറ്റിനറി സർജനും ഇങ്ങനെ ഒരു മുത്ത് ഉള്ളതായി രേഖപ്പെടുത്തിയിട്ടില്ല. ഇനി മുളമുത്ത് എന്ന മുത്തും ഉണ്ടത്രേ. എന്നാൽ ഇതൊന്നും നാഗമാണിക്യത്തെപ്പോലെ അത്ര പ്രചാരത്തിൽ ഇല്ല.

ശരിയായ മാണിക്യത്തിന്റെ വിവരങ്ങൾ:

ക്വറണ്ടം ഗ്രൂപ്പിലെ രത്നം. ഇംഗ്ലിഷ് പേര് – Ruby പ്രകൃതിജന്യ രാസസംയുക്തം - Al2O3 (അലൂമിനിയം ഓക്സൈഡ്) ആപേക്ഷിക സാന്ദ്രത – 3.99 – 4.00 വരെ

ബർമ്മ, തായ്‌ലാൻ‍‌ഡ്‌, ശ്രീലങ്ക, ആഫ്രിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നു ലഭിക്കുന്നു. രക്തത്തിന്റെ നിറം മുതൽ വിളറിയ റോസ് നിറം വരെ. മാണിക്യത്തിന്റെ കളറിനു കാരണമാകുന്നതു ചുവന്ന ക്രോമിയം ആണ്. മാണിക്യം വില കൂടിയ രത്നമാണ്. രത്നത്തട്ടിപ്പിൽ പെടാതിരിക്കാൻ ഒരു ജെം ടെസ്റ്റിങ്‌ ലാബിൽ രത്നം പരിശോധിച്ച് ഒറിജിനാലിറ്റി നിർ‌ണയിക്കാം. എങ്കിലും ഗുണമേന്മ അറിയാൻ രത്നനിരീക്ഷണത്തിൽ പാണ്ഡിത്യവും പരിചയവുമുള്ള ജെമോളജിസ്റ്റിന്റെ സേവനം തേടുക. കേരളത്തിൽ സംസ്ഥാന ഖനി പര്യവേക്ഷണ വകുപ്പിന്റെ ജെം ടെസ്റ്റിങ്‌ ലാബ് തിരുവനന്തപുരം കേശവദാസപുരത്തു പ്രവർത്തിക്കുന്നു.

രത്നം വിശ്വസ്തതയും സ്ഥിരതയുമുള്ള വ്യാപാരസ്ഥാപനങ്ങളിൽ നിന്നു സർട്ടിഫിക്കറ്റ് സഹിതം വാങ്ങുക. ജ്യോതിഷ പ്രശ്ന പരിഹാരമായിട്ടാണു ലോകമൊട്ടാകെ രത്നങ്ങൾ വിൽക്കുന്നത്. നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ.

ലേഖകന്റെ വിലാസം :‌

ആർ. സഞ്ജീവ് കുമാർ

ജ്യോതിസ് ആസ്ട്രോ റിസർച്ച് സെന്റർ

തൈക്കാട് പി.ഒ., തിരുവനന്തപുരം – 14

ഫോൺ : 0471–2324553, 9447251087

email: jyothisgems@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.