Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാഗ്യം കൊണ്ടുവരുന്ന ആ നീലകല്ലുകൾ!

astro-gemstone ടാൻസാനൈറ്റുകൾ കിളിമഞ്ചാരോയിലെ റാണി എന്നാണറിയപ്പെടുന്നത്

നാടോടിക്കഥകളും കെട്ടുകഥകളും കൊണ്ട് സമ്പന്നമായ നാടാണ് ടാൻസാനിയ. അവിടെ കാണപ്പെടുന്ന പ്രത്യേക കല്ലുകളാണ് ടാൻസാനൈറ്റ്. അതിശക്തമായ ഇടിമിന്നലേറ്റ് നിലത്ത് കിടന്നിരുന്ന കല്ലുകൾ വെട്ടിത്തിളങ്ങുന്ന രത്നങ്ങളായെന്നും നീലയും വയലറ്റും നിറത്തിൽ അവ കാണപ്പെട്ടുവെന്നും പറയപ്പെടുന്നു. 

ചുവപ്പ് കലർന്ന തവിട്ടു നിറത്തിൽ കാണപ്പെടുന്ന പരുക്കൻ കല്ലുകളായാണ് ടാൻസാനൈറ്റ് പ്രകൃതിയിൽ നിന്ന് ലഭിക്കുന്നത്. അറുന്നൂറ് ഡിഗ്രി സെൽഷ്യസിൽ അവ ജെമ്മോളജിക്കൽ ഓവനിൽ ചൂടാക്കുമ്പോൾ സുതാര്യമായ, നീല കലർന്ന വയലറ്റ് നിറത്തിലാകുന്നു. 

മൂന്ന് നിറങ്ങളിലുള്ള പ്രകാശം പുറത്തുവിടുന്ന ടാൻസാനൈറ്റ് ട്രൈക്കോയിക് വിഭാഗത്തിൽപെട്ട രത്നക്കല്ലാണ്. നീലനിറവും വയലറ്റ് നിറവും വീഞ്ഞിന്റെ  നിറവുമാണ് അവയിൽ നിന്ന് പ്രകാശിക്കുക. മെഷീനിൽ കട്ട് ചെയ്ത് പോളിഷ് ചെയ്താൽ നീല, വയലറ്റ്, ഇൻഡിഗോ, ലൈലാക്ക് തുടങ്ങിയ നിറങ്ങളുടെ ഷേഡുകൾ പുറത്തുവരും. വലിപ്പം കൂടിയ കല്ലുകൾ കൂടുതൽ സൂക്ഷ്മമായി നിറങ്ങൾ പ്രകാശിപ്പിക്കുന്നു. അവയ്ക്ക് വിലയും വളരെ കൂടുതലാണ്. മാച്ച് ചെയ്യുന്ന രണ്ട് കല്ലുകൾ കിട്ടുക അപൂർവമാണ്. അതിനാൽ അങ്ങനെ ലഭിക്കുന്നത് വളരെ ശ്രേഷ്ഠമായി കണക്കാക്കപ്പെടുന്നു. 

കടുംനീലനിറമുള്ള ടാൻസാനൈറ്റുകളും വിലയേറിയവയാണ്. നീലനിറവും അതിനുചുറ്റും പർപ്പിൾ വർണവുമുള്ളവ ആരേയും ആകർഷിക്കും. 10 കാരറ്റുമുതൽ അവ ലഭിക്കുന്നു. കണ്ടുകിട്ടിയിട്ടുള്ള രത്നക്കല്ലുകളിൽ വച്ച് ഏറ്റവും വിചിത്രമായ വർണ്ണങ്ങളുള്ളവയും ടാൻസാനൈറ്റുകളിലുണ്ട്.

എല്ലാവർക്കും ഒരുപോലെ പ്രിയങ്കരമാണ് ടാൻസാനൈറ്റുകൾ. അതുല്യശോഭയാലും ലഭ്യമായ പ്രദേശങ്ങൾ കുറവായതിനാലും ടാൻസാനൈറ്റുകൾക്ക് ലോകമെങ്ങും ആരാധകർ വർധിച്ചു വരുകയാണ്. ടാൻസാനൈറ്റ് ധരിക്കുന്നവർക്ക് ആത്മവിശ്വാസവും വ്യക്തിത്വവും വർധിക്കുന്നതായി കരുതപ്പെടുന്നു. കൂടാതെ ഇവ ഭാഗ്യം കൊണ്ടു വരുന്ന കല്ലുകളാണെന്നും വിശ്വസ്ക്കപ്പെടുന്നുണ്ട്. 

നീല ടാൻസാനൈറ്റുകളെ ദൈവീകമായി ചല ഗോത്രക്കാർ കണക്കാക്കുന്നു. മാസായ് വർഗ്ഗക്കാരുടെ തലവൻ ഒരു കുഞ്ഞ് ജനിക്കുമ്പോൾ അവൻറെ ആയുസ്സിനും സൗഭാഗ്യങ്ങൾക്കുമായി ടാൻസാനൈറ്റ് സമ്മാനിക്കുന്ന രീതിയുമുണ്ട്. ഏറ്റവും വലിപ്പമുള്ളതും പ്രശസ്തവുമായ ടാൻസാനൈറ്റ് കിളിമഞ്ചാരോയിലെ റാണി എന്നറിയപ്പെടുന്നു. 

Your Rating: