Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്ഷയപാത്രം പോലെ അക്ഷയതൃതീയ

akshayathrithiya-4

എല്ലാ സമ്പത്തും എന്നും തരുന്ന പാത്രമാണ് അക്ഷയപാത്രം. ധർമപുത്രൻ അടക്കമുള്ള പാണ്ഡവർക്കു സൂര്യഭഗവാൻ നൽകിയ ദിവ്യപാത്രമാണിത്. കൗരവരുമായി ചൂതുകളിയിൽ തോറ്റ പാണ്ഡവർക്കു കാട്ടിലേക്കു പോകേണ്ടിവന്നു. പാണ്ഡവർ കാട്ടിലേക്കു പോയപ്പോൾ പിന്നാലെ പതിനായിരക്കണക്കിനു ബ്രാഹ്മണരും മറ്റുള്ളവരും കാട്ടിലേക്കു പുറപ്പെട്ടു. കാട് ഫലമൂലങ്ങളെക്കൊണ്ടു സമ്പന്നമാണെങ്കിലും എല്ലാവരെയും തീറ്റിപ്പോറ്റാൻ പാണ്ഡവർക്കു കഴിയാതായി. ഒടുവിൽ പഞ്ചപാണ്ഡവരിൽ മൂത്തയാളായ യുധിഷ്ഠിരൻ സൂര്യദേവനെ തപസ്സു ചെയ്തു. സങ്കടം അറിയിച്ചു. 

ഇവരുടെ സങ്കടമറിഞ്ഞ സൂര്യദേവൻ ചെമ്പു കൊണ്ടുള്ള ഒരു ദിവ്യപാത്രം യുധിഷ്ഠിരനു നൽകി. പഞ്ചപാണ്ഡവരുടെ ഭാര്യയായ ദ്രൗപദി (പാഞ്ചാലി) ആഹാരം കഴിക്കുന്നതു വരെ ഭക്ഷണനേരങ്ങളിൽ ഈ പാത്രത്തിൽ നിന്ന് എത്ര പേർക്കു വേണമെങ്കിലും ഇഷ്ടപ്പെട്ട ഏത് ആഹാരവും ലഭിക്കും എന്നായിരുന്നു സൂര്യദേവന്റെ വരദാനം. ആ പാത്രം കിട്ടിയതോടെ അവരുടെ ദുരിതം നീങ്ങി. ആഹാരം ക്ഷയിക്കാത്ത പാത്രം എന്ന അർഥത്തിൽ ആ പാത്രത്തിന് അക്ഷയപാത്രം എന്ന പേരും കിട്ടി. 

അക്ഷയപാത്രത്തിന്റെ ഈ കഥയാണ് അക്ഷയതൃതീയ ദിവസവുമായി ബന്ധപ്പെട്ട് വിശ്വാസികളുടെ ഓർമയിൽ ആദ്യമെത്തുക. അക്ഷയതൃതീയ ദിവസം അക്ഷയപാത്രം പോലെയാണ് എന്നാണു വിശ്വാസം. ഈ ദിവസം എന്തു സ്വന്തമാക്കിയാലും അതു പിന്നെയും പിന്നെയും വന്നുകൊണ്ടിരിക്കും എന്നാണല്ലോ വിശ്വാസം. പാഞ്ചാലിയുടെ പക്കലുള്ള അക്ഷയപാത്രം പാണ്ഡവരുടെ ആഹാര ആഗ്രഹങ്ങൾ നിറവേറ്റിയതു പോലെ അക്ഷയതൃതീയ ദിവസം ഏവരുടെയും ആഗ്രഹങ്ങൾ നിറവേറ്റുമെന്നാണു വിശ്വാസം.

Your Rating: