Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഷ്ടൈശ്വര്യങ്ങൾ പകർന്ന് അക്ഷയ തൃതീയ

അക്ഷയ തൃതീയ

ക്ഷയിക്കാത്ത ഐശ്വര്യപുണ്യം പകർന്ന് വീണ്ടും അക്ഷയ തൃതീയ. സർവൈശ്വര്യങ്ങളുടെ സംഗമ മുഹൂർത്തമായ അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങിയാൽ വർഷം മുഴുവനും അഷ്ടൈശ്വര്യങ്ങൾ നിലനിൽക്കുമെന്നാണു ഭാരതീയ വിശ്വാസം. ഹൈന്ദവ വിശ്വാസമനുസരിച്ചു പ്രധാനപ്പെട്ട പുണ്യദിനങ്ങളിൽ ഒന്നാണ് അക്ഷയ തൃതീയ. മൂന്നു പ്രധാന സംഭവങ്ങളിലൂടെയാണു പുരാണങ്ങൾ അക്ഷയ തൃതീയയുടെ മഹത്വം പരാമർശിക്കുന്നത്. വരൾച്ചയിൽ വേവുന്ന ഭൂമിക്കു സാന്ത്വനസ്പർശമായി ഭഗീരഥമുനിയുടെ തപസ്സിലൂടെ ഗംഗാനദി സ്വർഗത്തിൽ നിന്നു ഭൂമിയിലേക്ക് ഒഴുകിയെത്തിയത് അക്ഷയ തൃതീയ ദിനത്തിലാണെന്നാണു വിശ്വാസം. ഭൂമിയിൽ സമസ്ത ഐശ്വര്യവും പകർന്നു നൽകിയ ഗ ംഗാദേവിയുടെ ആഗമനദിനത്തിനു മഹത്വം അന്നു മുതൽ കൽപിച്ചു പോന്നു.

 രണ്ടാമതായി, ത്രേതായുഗത്തിന്റെ ആരംഭവും അക്ഷയ തൃതീയ ദിനത്തിലായിരുന്നത്രേ. മൂന്നാമതായി, മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ജന്മമെടുത്തതും അക്ഷയ തൃതീയ ദിനത്തിലാണെന്നാണ് ഐതിഹ്യം. ജോതിശാസ്ത്രപരമായി ഏറെ മഹത്വങ്ങളുള്ള ദിനമാണ് അക്ഷയ തൃതീയ. സാധാരണ ഹൈന്ദവ വിശ്വാസങ്ങളിൽ നക്ഷത്രത്തിനാണ് പ്രാധാന്യമെങ്കിൽ ഈ ദിനത്തിൽ മാത്രം തിഥിക്കാണു പ്രാമുഖ്യം. സൂര്യനും ചന്ദ്രനും ഉ ച്ചസ്ഥിതിയിൽ സഞ്ചരിക്കുന്ന കാലഘട്ടമാണ് ഈ ദിവസങ്ങൾ. കൂടാതെ കറുത്ത വാവു കഴിഞ്ഞു വൃദ്ധി പ്രാപിക്കുന്ന ചന്ദ്രനും അഭിവൃദ്ധിയുടെ പ്രതീകമാണെന്നു ജ്യോതിഷികൾ പറയുന്നു. എന്തും ഏതും ആഘോഷമാക്കുന്ന തമിഴ് സംസ്കാരത്തിൽ നിന്ന് ചുരം കടന്നെത്തി അതിവേഗം കേരളക്കരയാകെ ആവേശമായി പടർന്ന ആചാരമാണ് അക്ഷയ തൃതീയ. ഐശ്വര്യത്തിന്റെ പ്രതീകമായ നമ്മുടെ വിഷുക്കണിയെന്നപോലെ തമിഴ് നാട്ടിലെ ആഘോഷമാണ് അക്ഷയ തൃതീയ. അന്ന് ധനലക്ഷ്മി ഒരോ ഗൃഹങ്ങളിലുമെത്തുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. അന്ന് പുതുതായി ഗൃഹത്തിൽ കൊണ്ടുവരുന്നതെന്തും ധനലക്ഷ്മിയുടെ അനുഗ്രഹത്തിനു പാത്രമാവും. ജീവിതത്തിൽ വൃദ്ധി മാത്രം ഇച്ഛിക്കുന്നവരുടെ പുണ്യദിനമാണ് അക്ഷയ തൃതീയ. അന്നു വാങ്ങുന്നതിനും ലഭിക്കുന്നതിനും അഭിവൃദ്ധി (അക്ഷയ ക്ഷയിക്കാത്തത്) മാത്രം ഫലം. ചിത്തിരയിലെ അമാവാസിക്കു ശേഷമുള്ള ശുക്ലപക്ഷത്തിലെ മൂന്നാം (തൃതീയ) നാൾ മലയാളികളെയും ക്ഷേമസ്വപ്നങ്ങളുടെ വിളനിലത്തിലിറക്കിയിരിക്കുന്നു. ഭൂമി, വസ്ത്രം, വീട്, വാഹനം തുടങ്ങി എന്തു വാങ്ങിയാലും വർധനവുണ്ടാകുമെന്നാണെങ്കിലും ഡിമാൻഡ് സ്വർണത്തിനു തന്നെ. കഴിവനുസരിച്ച് ഒരു ചെറുതരി സ്വർണമെങ്കിലും വാങ്ങിക്കുവാൻ പലരും നിഷ്കർഷ പുലർത്തുന്നു. ഹിന്ദു ആചാരമായാണ് അറിയപ്പെടുന്നതെങ്കിലും അക്ഷയ തൃതീയ നാളിൽ എല്ലാ മതക്കാരും വിശ്വസിക്കുന്നുവെന്നാണ് ജ്വല്ലറികളിൽ നിന്നുള്ള വിവരം.

തമിഴ് ആചാരപ്രകാരം മുമ്പ് അക്ഷയതൃതീയ നാളിൽ വാങ്ങുന്ന സ്വർണം പൂജാമുറിയിൽ വച്ച് പൂജിക്കുകയായിരുന്നു പതിവ്. ഇതിലൂടെ അടുത്ത ഒരു വർഷം ധനലക്ഷ്മിയുടെ സാന്നിധ്യം ഗൃഹത്തിൽ ഉറപ്പാക്കുകയായിരുന്നു. സ്വർണത്തിൽ ജീവന്റെയും ദൈവത്തിന്റെയും അംശമുണ്ടെന്ന വിശ്വാസമാണ് ഈ ആഘോഷത്തിൽ സ്വർണത്തിന് ഇത്രയേറെ പ്രാധാന്യം കൈവരാൻ കാരണമായത്. വാങ്ങുന്ന സ്വർണം അടുത്ത ഒരു വർഷം ധരിക്കണമെന്നും വിശ്വാസമുണ്ട്. കേരളത്തിൽ താരതമ്യേന തിരുവനന്തപുരത്തും പാലക്കാട്ടുമാണ് അക്ഷയ തൃതീയയ്ക്ക് കൂടുതൽ പ്രചാരം.

സ്വർണമെടുക്കുന്നതിന് വർഷത്തിലെ ഏറ്റവും നല്ല മുഹൂർത്തമായി കണക്കാക്കപ്പെടുന്നതിനാൽ മതപരമായ വേർതിരിവുകളില്ലാതെ എല്ലാ വിഭാഗത്തിലുള്ളവരും സ്വർണം വാങ്ങുന്നതിനായി അക്ഷയ തൃതീയ ദിനത്തിൽ ജ്വല്ലറിയിലെത്തുന്നു.

Your Rating: