Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങളുടെ ധനസ്ഥിതി എങ്ങനെ?

Wealth in Astrology

പതിനൊന്നാം ഭാവം കൊണ്ടാണ് ധനസ്ഥിതി മെച്ചമാണോ, ആരോഗ്യനില മെച്ചമാണോ എന്നൊക്കെ നോക്കേണ്ടത്. വിദ്യാഭ്യാസ, താമസം, സ്ഥലംമാറ്റം,വിദ്യാഭ്യാസപുരോഗതി, ഗൃഹലാഭം, വസ്തുലാഭം, സന്താനലാഭം, പ്രേമബന്ധം, രോഗമോചനം, തൊഴിലിൽ ഉയർച്ച, പ്രമോഷൻ, വിവാഹം, പാർട്ണർ‌ഷിപ്, സുരക്ഷിതത്വം, ജനനസ്ഥലം, സഹോദരഭാവങ്ങൾ, കൂട്ടുകാർ, സന്തോഷവാർത്തകൾ, ഇടതുചെവി, ആഭരണങ്ങൾ, മനസ്സിലെ ആഗ്രഹങ്ങൾ പൂർത്തീകരിക്കൽ, ലാഭനഷ്ടങ്ങൾ എന്നിവയെല്ലാം ഈ ഭാവം കൊണ്ടു ചിന്തിക്കാവുന്ന കാര്യങ്ങളാണ്. ഈ ഭാവം നല്ലതായിരുന്നാൽ നല്ല സമ്മാനങ്ങൾ പോലും കരസ്ഥമാക്കാൻ ആ വ്യക്തിക്കു കഴിയും. 11-ാം ഭാവത്തിൽ നിൽക്കുന്ന ഗ്രഹത്തിന്റെ ഫലമായി ജീവിതം സന്തോഷവും സുഖകരവുമായിരിക്കും. ഒരു ജാതകത്തിലെ പ്രധാന ഭാവമാണ് 11. അമ്മയുടെ ആയുസ്സ്, സന്താനത്തിന്റെ വിവാഹജീവിതം, അച്ഛന്റെ ഇളയസഹോദരങ്ങൾ ഇവയും ഈ ഭാവത്തെക്കൊണ്ട് ചിന്തിക്കാം.

യോഗം:

2, 11 ഭാവാധിപൻമാർ കേന്ദ്രത്തിലോ ത്രികോണത്തിലോ രണ്ടിലോ 11 ലോ നിൽക്കുകയും, പുരുഷഗ്രഹങ്ങൾ പുരുഷരാശിയിലും, സ്ത്രീഗ്രഹങ്ങൾ സ്ത്രീ രാശിയിലും ബലവാനായി നിൽക്കുകയും ചെയ്താൽ നല്ല യോഗഫലങ്ങൾ ലഭിക്കും.

36-ാം വയസ്സിൽ 11-ാം ഭാവാധിപൻ 3ൽ നിന്നാൽ വളരെയധികം ഉയർച്ചകൾ നേടി കുബേരനാക്കിമാറ്റും (ഭാവം

നല്ലതുമാകണം) വ്യാഴൻ 11-ാം ഭാവത്തിലും ചന്ദ്രൻ 2-ാം ഭാവത്തിലും ശുക്രൻ 9-ാം ഭാവത്തിലും നിന്നാൽ അതിശയകരമായ ലാഭത്തെ നേടിത്തരും. ലഗ്നാധിപൻ 11ൽ നിന്നാൽ 33-ാം വയസ്സിൽ ഇതു സംഭവിക്കും.

2ഉം 11ഉം ഭാവാധിപന്റെ സ്ഥിതിയനുസരിച്ച് വിവാഹശേഷം ഉയർച്ചയുണ്ടാകും. 11-ാം ഭാവത്തിൽ പുരുഷഗ്രഹം നിന്നാൽ ചെവിക്കു പ്രശ്നമുണ്ടാകും. 3ലും 11ലും നിന്നാലും അതുതന്നെ സംഭവിക്കും.

ചന്ദ്രനിൽ നിന്നു ശുക്രൻ 3ലോ 11ലോ നിൽക്കുകയോ 4-ാം ഭാവാധിപൻ 11ൽ നിൽക്കുകയോ വ്യാഴൻ 11ൽ നിൽക്കുകയോ ചെയ്താൽ ഒന്നിലേറെ വാഹനങ്ങളുടെ ഉടമയായിത്തീരും.

11-ാം ഭാവത്തിൽ ഗുരു നിന്നാൽ ഉള്ള പൊതുഫലം:

സമ്പന്നനായിരിക്കും. ധാരാളം വാഹനങ്ങളും ജോലിക്കാരും ഉണ്ടായിരിക്കും. പേരെടുത്തവൻ ആയിരിക്കും. എന്നാൽ പുരുഷരാശിയിൽ ഗുരു നിന്നാൽ കുറച്ച് ആൺസന്താനവും സ്ത്രീരാശിയിലായാൽ അൽപം സ്ത്രീസന്താനവും മാത്രമേ ഉണ്ടാകുകയുള്ളു. ആയുസ്സ് കൂടിയവരും അതിശയിക്കുന്ന തരത്തിൽ ഉയർച്ചയുള്ളവരും ബുദ്ധികൂർമതയുള്ളവരും പ്രശസ്തിയുള്ളവരും‌ം സന്താനത്തിന്റെ ഭാഗ്യത്തിലൂടെ പേരെടുക്കുന്നവരുമായിരിക്കും. അരോഗദൃഢഗാത്രരും ദൈവവിശ്വാസികളും മന്ത്രതന്ത്രങ്ങളിൽ അടിമകളും വിദ്യാസമ്പന്നരും സൽസന്താനമുള്ളവരുമായിരിക്കും. ആഡംബരവസ്ത്രങ്ങൾ ഉള്ളവരും രത്നാഭരണങ്ങൾ ഉള്ളവരും രാജപദവിയിൽ ജീവിക്കുന്നവരുമായിരിക്കും. എല്ലാവിധ സുഖഭോഗങ്ങളും അനുഭവിക്കുന്നവരും അഷ്ടൈശ്വര്യങ്ങളും സിദ്ധിക്കുന്നവരും സ്വാർഥതയില്ലാത്തവരും നാൽക്കാലി, കൃഷിഭൂമി എന്നിവയുള്ളവരും കലാകാരന്മാരും ദൈവാധീനമുള്ളവരും സന്തോഷവാന്മാരും മതഭ്രാന്തന്മാരും സ്വർണവും വെള്ളിയും ആഭരണാദിസൗഭാഗ്യങ്ങൾ ഉള്ളവരും നല്ല ഇണയെ ജീവിതപങ്കാളിയായി ലഭിക്കുന്നവരും ശത്രുക്കളെ നശിപ്പിക്കുന്നവരും വേദമന്ത്രപാരായണം നടത്തുന്നവരും ഈശ്വരഭജനത്തിനായി സമയം ചെലവഴിക്കുന്നവരും സഹോദരങ്ങളുടെ ഉയർച്ചയ്ക്കായി പരിശ്രമിക്കുന്നവരു മായിരിക്കും.

18 വയസ്സിനുശേഷം ഉയർച്ചയുണ്ടാകുന്നവരും സത്യസന്ധരും ഭാഗ്യമുള്ളവരും ധാരാളം ആരാധകർ ഉള്ളവരും സന്താനത്തിലൂടെ ഭാഗ്യം ലഭിക്കുന്നവരുമായിരിക്കും. കുടുംബാംഗങ്ങളുമായി മാത്രം സന്തോഷം പങ്കുവയ്ക്കുന്നവരാണ്. സന്താനങ്ങൾ വിദ്യാസമ്പന്നരായിരിക്കും. ഇവരുടെ ജനനസ്ഥലം വളരെ പ്രശസ്തമായിരിക്കും. ഇവരുടെ മൂത്തസഹോദരങ്ങളുടെ ജീവിതം നല്ലതായിരിക്കുകയില്ല. ചിലരുടെ കുട്ടികളുമായുള്ള ജീവിതം വേദനാജനകമായിരിക്കും. കർക്കടകം, കന്നി, മീനം എന്നിവർക്കാണ് കൂടുതൽ ബാധകം. ഈ രാശിക്കാരുടെ പാർട്ണർമാർക്കു വന്ധ്യതയ്ക്കു സാധ്യതയുണ്ട്. എന്നാൽ ജാതകപരിശോധനയിലൂടെ മാത്രമേ ഇതു വിലയിരുത്താവൂ. ജീവിതത്തിന്റെ ആദ്യപകുതി പലവിധ ദുഃഖം നിറഞ്ഞതാണ്. ദരിദ്ര കുടുംബത്തിൽ ജനിക്കുന്ന ഇവരുടെ ജനനശേഷം കുടുംബത്തിന് ഉയർച്ചയും എല്ലാ ഐശ്വര്യവും ലഭിക്കുന്നു.

മേടം രാശി (ഗുരു 11ൽ): മേടം രാശിയിൽ ജനിക്കുന്ന ആൾക്കാരുടെ ലഗ്നമോ ചന്ദ്രനോ വ്യാഴമോ കർക്കടകം രാശിയിൽ വരികയാണെങ്കിൽ നിരവധി വീടുകളും സമ്പത്തുമുണ്ടായിരിക്കും. ജലസംബന്ധമായ ജോലിയും പൊതുജന സഹായവുമുണ്ടായിരിക്കും. 9-ാം ഭാവാധിപനായ വ്യാഴൻ നല്ല ഉപരിപഠനം നൽകുന്നതാണ്. നല്ല ഭാവി ലഭിക്കും, സഹോദരങ്ങൾക്കു നല്ല വരുമാനമുണ്ടായിരിക്കും. 11-ാം ഭാവത്തെകൊണ്ട് ചിന്തിക്കുന്ന കാര്യങ്ങൾ നല്ല ഉയർച്ചയിലായിരിക്കും. കാര്യങ്ങൾ നടത്തിയെടുക്കുവാൻ വളരെ കാലതാമസം നേരിടും. മേടം ശനിയുടെ നീചരാശിയായതിനാണ്, കുംഭം ശനിയുടെ നീചരാശിയായതിനാലും, ത്രേതായുഗരാശി ആയതിനാലുമാണ്. നിയമവകുപ്പ് കൈകാര്യം ചെയ്യാൻ കഴിവുള്ളവരായിരിക്കും.

ശനി (11ൽ) 10ഉം 11ഉം ഭാവാധിപനായ ശനി 11ൽ നിന്നാൽ ആ ഭാവത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങൾക്കും ഉയർച്ചയും അതിനെ ഉത്തേജിപ്പിക്കുകയും ചെയ്യും. തൊഴിൽപരമായ ഉയർച്ചയും കൃഷിയിൽനിന്നും വൻലാഭവും ലഭിക്കുന്നതാണ്. പാശ്ചാത്യർ ശനിയെ കൃഷിയുടെ ദേവഗ്രഹമെന്നാണ് വിശ്വസിക്കുന്നത്. സന്താനങ്ങളിൽ നിന്നു സന്തോഷവും അവർക്ക് ഉയർച്ചയും നേടിക്കൊടുക്കുന്ന ഗ്രഹമാണ് ശനി. പണവും ആരോഗ്യവും നൽകുന്നതാണ്. സമൂഹത്തിൽ മാന്യസ്ഥാനം നേടിക്കൊടുക്കുകയും ചെയ്യും. പൊതുജനത്തിന് നല്ല ഉപദേശം നൽകുന്നവരായിരിക്കും. കുടുംബജീവിതം തൃപ്തികരമായിരിക്കില്ല.

ഇടവം രാശി (ഗുരു 11ൽ):

11-ാം ഭാവാധിപനായ ഗുരു 11-ാം ഭാവത്തിൽ നിൽക്കുന്നത് എല്ലാ കാര്യങ്ങൾക്കും അനുകൂലമാണ്. ലാഭം, വരുമാനം, മനസ്സന്തോഷം എന്നിവയെ നേടിത്തരും. നേതൃത്വപദവിയും വിദ്യയും പൊതുജനാദരവും നേടിത്തരും. അപ്രതീക്ഷിത ധനനേട്ടം നേടിത്തരും. കന്നിയിൽ ഗുരു നിന്നാൽ ഭാവകാരകനായതിനാൽ നല്ല നല്ല കണ്ടുപിടിത്തങ്ങൾ ഏറ്റെടുത്തു നടപ്പാക്കും. 11ൽ നിൽക്കുന്ന വ്യാഴൻ സന്താനത്തിനു ഗുണം നൽകും. വ്യാഴത്തിനു കന്നിയിൽ അംശകം വന്നാൽ ആമാശയത്തിനും ഹൃദയത്തിനും അസുഖം വരാം. പൂരുരുട്ടാതിയിലും ഉത്തൃട്ടാതിയിലും ചിങ്ങരാശി അംശകം ഒഴികെ ശനി നിന്നാൽ ദീർഘായുസ്സുണ്ടായിരിക്കും. തൊഴിൽമേഖല നന്നായിരിക്കും.ലഗ്നാധിപനായ ശുക്രൻ 11ലായാൽ സ്ത്രീകളിൽ നിന്നും കലകളിൽനിന്നും വാഹനങ്ങളിൽനിന്നും ഗൃഹത്തിൽനിന്നും സ്വർണ്ണം, വെള്ളി എന്നിവയിൽനിന്നും നേട്ടങ്ങൾ ലഭിക്കും. ആരോഗ്യം ഉണ്ടാകും, ഉന്നതപ്രശസ്തി നേടും, നല്ല സ്ത്രീകളുമായി ബന്ധത്തിലേർപ്പെടും. ഭരണാധികാരികളിൽ നിന്നു ബഹുമാനം. എല്ലാവരും ഇഷ്ടപ്പെടുന്ന വ്യക്തിത്വത്തിനുടമകളുമായിരിക്കും. രാഹുവും കേതുവുമായി ബന്ധം വന്നാൽ ദോഷാനുഭവം കൂടുതൽ ഉണ്ടാകും.

മിഥുനം രാശി (ഗുരു 11ൽ):

ഗുരു- എല്ലാവിധ നന്മകളും നൽകുകയും ധനമുണ്ടാകുകയും, വ്യാഴൻ ശുക്രന്റെ നക്ഷത്രമായ ഭരണിയിൽ നിൽക്കുന്നത് ഐശ്വര്യത്തെ പ്രദാനം ചെയ്യും. വിവാഹജീവിതം തൃപ്തികരമായിരിക്കും. ചന്ദ്രഗുരുയോഗം ഗുണാനുഭവം കൂടുതൽ നൽകും. കാർത്തിക നക്ഷത്രത്തിൽ ഗുരു നിന്നാൽ ഗവൺമെന്റ് ആനുകൂല്യം ലഭിക്കും. പിതാവിന്റെ ധനത്തിലൂടെ ഉയർച്ചയുണ്ടാകും. ഗുരു–ശനി യോഗം നല്ല തൊഴിൽ നേടിത്തരും. വ്യാഴദശയിലും ശനിദശയിലും ഇണയുമായും കുട്ടികളുമായും നല്ല ജീവിതം നയിക്കും. വ്യാഴം അശ്വതി നക്ഷത്രത്തിൽ സഞ്ചരിക്കുമ്പോൾ നല്ലൊരു നയതന്ത്രജ്ഞനായി ശോഭിക്കാം.

കുജൻ

കുജ/ഗുരു യോഗം മുറിവ്, ചതവുകൾ എന്നിവ ഉണ്ടാകും. രോഗങ്ങളുമുണ്ടാകാം. സമ്പത്തുണ്ടാക്കും, സ്വത്തിനെ നേടിത്തരും. കുജ–ശനി യോഗം ഉന്മാദരോഗത്തെ പ്രദാനം ചെയ്യും. രക്തസംബന്ധമായ, വാതസംബന്ധമായ രോഗത്തെയും പ്രദാനം ചെയ്യും. മാതാവിന് ദീർഘായുസുണ്ടായിരിക്കും. 10-ാം ഭാവാധിപനായ ഗുരു 9-ാം ഭാവാധിപനായ ശനിയുമായി ബന്ധം വന്നാൽ യൂണിഫോം ഇടുന്ന തൊഴിൽ അച്ഛന് ലഭിക്കും. പുണർതം നക്ഷത്രത്തിൽ (കർക്കടകത്തിൽ) കുജൻ നിൽക്കുമ്പോൾ സമ്പത്ത് നൽകും. ഭരണി, കാർത്തികയിൽ കുജൻ നിൽക്കുമ്പോൾ സംസാരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരായിരിക്കും. ആയില്യത്തിൽ നിൽക്കുമ്പോൾ സംസാരത്തിൽ ദോഷം വരുത്തിവയ്ക്കും. വിശാഖത്തിലും ഭരണി കാർത്തികയിലും കുജൻ നിൽക്കുമ്പോൾ കുട്ടികളുമായി അഭിപ്രായവ്യത്യാസമുണ്ടാകാം.

കർക്കടകം (ഗുരു 11ൽ)

ഗുരു 11ൽ നിൽക്കുമ്പോൾ, കാർത്തികയിൽ നിൽക്കുന്ന സമയത്ത് നല്ല സമ്പത്തിനെ പ്രദാനം ചെയ്യും. 9ഉം 6ഉം ഭാവാധിപനായതിനാൽ നല്ല ഫലത്തെ പ്രദാനം ചെയ്യും. അച്ഛന് നല്ല ധനസ്ഥിതി (കാർത്തികയിൽ) ഉണ്ടാക്കി കൊടുക്കും. അച്ഛനെക്കൊണ്ട് ജാതകനു പ്രയോജനം ഉണ്ടാകുകയില്ല. ഗുരു മകയിരത്തിലാണെങ്കിൽ മത്സരത്തിൽ വിജയസാധ്യത കുറഞ്ഞവരായിരിക്കും. മകരം രാശിയിൽ ഗുരു നിൽക്കുകയാണെങ്കിൽ ഗുണാനുഭവം ലഭിക്കുകയുമില്ല.

ശുക്രൻ

മൂത്ത സഹോദരങ്ങളുണ്ടായിരിക്കും. കുടുംബജീവിതം നന്നായിരിക്കും. സമ്പത്തും ഉണ്ടായിരിക്കും. വീടും വാഹനങ്ങളും ആഭരണങ്ങളും ഉണ്ടായിരിക്കും. സന്തോഷപ്രദമായ ജീവിതം കുജ/ശുക്ര യോഗത്തിൽ ലഭിക്കാം. ശുക്ര–ശനിയിലും ഇത് ലഭിക്കും. വൃശ്ചികത്തിൽ ശുക്രൻ നിന്നാൽ ദോഷാനുഭവം കൂടും. 11ൽ ശുക്രൻ നിന്നാൽ വിവാഹജീവിതം നന്നായിരിക്കും.

ചിങ്ങം രാശിയുടെ 11ൽ വ്യാഴൻ നിന്നാൽ:

സാമ്പത്തികനില ഭദ്രമായിരിക്കുകയില്ല. ഉന്നതവ്യക്തികളുടെ ബന്ധത്തിൽ ജീവിതവിജയമുണ്ടാകുമെങ്കിലും അവരുടെ പെരുമാറ്റം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ചതിക്കാൻ സാധ്യതയുണ്ട്. മകയിരം നക്ഷത്രത്തിൽ ഗുരു നിൽക്കുകയാണെങ്കിൽ നല്ല ഫലങ്ങൾ ലഭിക്കുന്നതാണ്. കുടുംബം നോക്കുന്നതിൽ ഇവർ കുപ്പയിലെ മാണിക്യമായിരിക്കും. ഇവരെ കണ്ട് മറ്റുള്ളവർ പഠിക്കണം. ആയില്യത്തിൽ നിന്നാൽ നല്ലൊരു നയതന്ത്രജ്ഞനായിമാറും. മകയിരം നക്ഷത്രത്തിൽ 1, 3 പാദങ്ങളിൽ ഗുരു നിൽക്കുകയാണെങ്കിൽ നല്ല ഇളയ സഹോദരത്തെ ലഭിക്കും. ധനുരാശിയിൽ ഗുരു നിൽക്കുകയാണെങ്കിൽ ആൺസന്താനം ലഭിക്കും. തിരുവാതിരയിൽ ശുക്രനും ഗുരുവും യോഗം ചെയ്തു നിന്നാൽ പ്രേമബന്ധത്തിലേർപ്പെട്ട് വിവാഹത്തിൽ കലാശിക്കും. ഗുരു, ശനി യോഗം ആയുസ്സിനെ പ്രധാനം ചെയ്യും. നല്ല ഈശ്വരഭക്തിയുള്ളവനുമായിരിക്കും.

ബുധൻ - 2ഉം 11ഉം ഭാവാധിപനായ ബുധൻ മിഥുനത്തിൽ നിൽക്കുന്നത് നല്ലതാണ്. ബുധന്റെ നല്ല സ്ഥിതിയാണിത്. ഈ സമയത്ത് ആഗ്രഹത്തിനൊത്ത ജീവിതം കിട്ടുന്നതാണ്. നല്ല വിദ്യാഭ്യാസം ലഭിക്കും. ഒപ്പം ധാരാളം സമ്പത്തുമുണ്ടാകും. ഭാര്യയുടെ അച്ഛനിൽ നിന്നും ജാതകന് ജീവിതവിജയം ഉണ്ടാകും. ബുധൻ മകയിരത്തിൽ നിന്നാൽ എൻജിനീയറിങ് വിഭാഗത്തിൽ പഠിക്കാൻ സാധിക്കും. ബുധൻ പുണർതത്തിലായാൽ നല്ല സമ്പത്തിനെ സമ്മാനിക്കും. ബുധശുക്രയോഗം ഉണ്ടായാൽ എഴുത്തിലും കലയിലും വിദ്വാനാകും. ബുധശനിയോഗമുണ്ടായാൽ നല്ല ബിസിനസ്സുകാരനും നല്ല പാർട്ട്ണറെയും ലഭിക്കും.

കന്നിരാശിയുടെ 11ൽ വ്യാഴൻനിന്നാൽ:

ഇത് എല്ലാവിധ ഐശ്വര്യങ്ങളും നൽകുന്നതാണ്. മൂത്ത സഹോദരങ്ങൾക്കും അനുകൂലസമയമാണ്. നല്ല വിവാഹബന്ധത്തിൽ ഏർപ്പെടും. അതിലൂടെ ഉത്തമസന്താനത്തെ ലഭിക്കുന്നതാണ്. സീമന്തപുത്രന് ജനിച്ച് നാടു വിട്ട് അന്യദേശത്ത് നല്ല ഭാവി ലഭിക്കുന്നതാണ്. ഇവരുടെ ഇളയ സഹോദരത്തെക്കൊണ്ട് ഗുണാനുഭവം ഉണ്ടാകാൻ സാധ്യതയുണ്ട്. ആയില്യം നക്ഷത്രത്തിൽ ഗുരു സഞ്ചരിക്കുമ്പോൾ എഴുത്തിലും പ്രിന്റിങ്ങിലും കൂടി ധാരാളം ധനസമ്പാദനം നടത്തും.

ചന്ദ്രൻ - ഇവർക്ക് മത്സ്യബന്ധന തൊഴിൽ, കപ്പൽ, മുത്ത്, ജലസംബന്ധമായ കാര്യങ്ങൾ, പാൽ, ആതുരസേവനം, മനോരോഗവിദഗ്ധൻ എന്നീ തൊഴിലുകളിലൂടെ പണം സമ്പാദിക്കും. മൂത്ത സഹോദരങ്ങൾ നല്ല നല്ല വ്യക്തിത്വമുള്ളവരും സ്വഭാവശുദ്ധിയുള്ളവരുമായിരിക്കും. എക്സിബിഷൻ എന്നിവയിലൂടെ പണനേട്ടം ഉണ്ടാക്കും. ചന്ദ്രഗുരുയോഗം സമ്പത്തിനെ നേടിത്തരും. നല്ല വീടും കുടുംബജീവിതവും പുറത്തെ താമസസൗകര്യവും ഇവർക്കു നല്ല സന്തോഷം ഉണ്ടാക്കിക്കൊടുക്കും. അമ്മയിൽ നിന്നു ധനനേട്ടം കിട്ടും. മൂത്തസഹോദരങ്ങളുമായി സന്തോഷത്തിൽ ജീവിക്കും. അഭിനയത്തിലൂടെ ധനനേട്ടത്തെ ഉണ്ടാക്കിത്തരും. ചന്ദ്രശുക്ര ബന്ധം നല്ല സൗഭാഗ്യത്തെ നേടിത്തരും. സൗന്ദര്യമുള്ളവരായിരിക്കും. ചന്ദ്ര–കുജ ബന്ധം കൂടുതൽ യാത്രകൾ ചെയ്യേണ്ടിവരും. ചന്ദ്രൻ ബുധനുമായി യോഗം ചെയ്യുമ്പോൾ അവർ പ്രമുഖ സ്ഥാനങ്ങളിൽ എത്തിച്ചേരുകയോ കുടുംബത്തിലെ പ്രമുഖരാകുകയോ ചെയ്യും.

തുലാംരാശിയുടെ 11ൽ ഗുരു നിന്നാൽ:

ഇതൊരു കൃതയുഗരാശിയാണ്, സംഹാരകാരകനായ ആദിത്യന്റെ രാശിയും കേതുവിന്റെ നക്ഷത്രമായ മകം, ശത്രു നക്ഷത്രമായ പൂരം, ഉത്രം നക്ഷത്രങ്ങൾ ബന്ധപ്പെട്ടതാണ്. അതിനാൽ ഫലദാനശേഷി കുറവായിരിക്കും. 3ഉം 6ഉം ഭാവാധിപനായ ഗുരു മഹാബാധകാധിപ ക്ഷേത്രമായ ചിങ്ങം രാശിയിലായതിനാൽ ഫലദാനശേഷി കുറവായിരിക്കും. അഗ്നിസംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്താൽ കുറച്ചു ധനം ലഭിച്ചെന്നു വരാം. സന്താനത്തിന് ഈ വ്യാഴസ്ഥിതി കൊണ്ട് ധനലാഭം ലഭിക്കും. നല്ലൊരു ധനാഢ്യകുടുംബത്തിൽ നിന്നു വിവാഹം നടക്കാൻ യോഗമുണ്ട്, സന്താനത്തിലൂടെ ധനലാഭം കിട്ടാൻ ഇവർക്കും യോഗമുണ്ട്. ധനുരാശിയിൽ ഗുരു നിന്നാൽ ഉന്നത തൊഴിലിലൂടെ ധനലാഭം ലഭിക്കും. നയതന്ത്രജ്ഞരായിരിക്കും. വ്യാഴൻ പൂരം നക്ഷത്രത്തിൽ സഞ്ചരിക്കുന്ന സമയത്ത് ഐശ്വര്യപരമായ ജീവിതം ലഭിക്കും.

സൂര്യൻ - സ്വന്തം രാശിയായതിനാൽ ഐശ്വര്യപ്രദമായ ജീവിതമായിരിക്കും. തനിക്ക് തന്റേതായ നിയമങ്ങൾ വച്ചു പുലർത്തുന്നവനായിരിക്കും. സർക്കാരാനുകൂല്യങ്ങൾക്കും ബഹുമതികൾക്കും പാത്രമാകും. മൂത്ത സഹോദരങ്ങൾ എല്ലാവരുമായി തന്മയത്വത്തോടെ പെരുമാറുമെങ്കിലും തൻകാര്യപുള്ളികളായിരിക്കും. നേതൃപദവി അലങ്കരിക്കുന്നവരാണിവർ. സൂര്യൻ പൂരം നക്ഷത്രത്തിൽ സഞ്ചരിക്കുമ്പോൾ നല്ലൊരു നയതന്ത്രജ്ഞനായി അതുവഴി ധനം സമ്പാദിക്കും. ചതയം, തിരുവാതിര, ചോതി ഇവയിൽ രാഹു സഞ്ചരിക്കുന്ന സമയം നയതന്ത്രത്തിൽ പേരെടുക്കും. സൂര്യൻ പൂരം, ഉത്രം, പൂരുരുട്ടാതി നക്ഷത്രത്തിൽ സഞ്ചരിക്കുന്ന സമയത്ത് സന്താനയോഗം ഉണ്ടാകും.

വൃശ്ചികരാശിയുടെ 11ൽ വ്യാഴൻ നിൽക്കുമ്പോൾ:

വൃശ്ചികരാശിയുടെ 2ഉം 5ഉം ഭാവാധിപനായ ഗുരു 11ൽ ത്രേതായുഗരാശിയിൽ നിൽക്കുന്നതിനാൽ നല്ല ഫലങ്ങൾ നൽകും. അധ്യാപനവൃത്തിയിലൂടെ പണം സമ്പാദിക്കും. 5-ാം ഭാവാധിപനായ വ്യാഴൻ സന്താനത്തിലൂടെ ധനവും സന്തോഷവും ഐശ്വര്യവും നേടിത്തരുന്നതാണ്. വിവാഹജീവിതം തൃപ്തികരമായിരിക്കില്ല. കർമാധിപനായ ഉത്രം നക്ഷത്രത്തിൽ സഞ്ചരിക്കുമ്പോൾ ധനപരമായും തൊഴിൽപരമായും നേട്ടങ്ങൾ ലഭിക്കുന്നതാണ്. അത്തം നക്ഷത്രത്തിൽ സഞ്ചരിക്കുമ്പോൾ വളരെയധികം ഐശ്വര്യങ്ങളും ഭാഗ്യങ്ങളും നൽകുന്നതാണ്. കർക്കടകത്തിൽ പൂയത്തിൽ സഞ്ചരിക്കുമ്പോൾ ഐശ്വര്യം നേടിത്തരും. ലഗ്നാധിപനും 6-ാം ഭാവാധിപനുമായ മകയിരം, ചിത്തിര, അവിട്ടം നക്ഷത്രത്തിൽ സഞ്ചരിക്കുമ്പോൾ ജാതകനും കുട്ടികൾക്കും നന്നായിരിക്കും. അച്ഛന്റെ ഇളയസഹോദരങ്ങളും ജാതകന്റെ മൂത്തസഹോദരങ്ങൾക്കും നല്ല കാലമായിരിക്കും.

ബുധൻ - ഉച്ചരാശിയായ കന്നിയിൽ ബുധൻ നല്ല ഫലങ്ങൾ നൽകും. കർമാധിപനക്ഷത്രം, ഭാഗ്യാധിപനക്ഷത്രം, ലഗ്നാധിപനക്ഷത്രം ഇവ വരുന്നതിനാലാണ്. ബുധ ശനിയോഗം 8-ാം ഭാവാധിപനും, 8ന്റെ 8 അധിപനായ ശനിയും നല്ല ആയുസിനെ പ്രദാനം ചെയ്യുന്നതാണ്. മൂത്ത സഹോദരത്തിനും സന്താനത്തിനും ഈ സമയം നല്ലതായിരിക്കും. ജേണലിസം, എഴുത്ത്, പ്രസ്, പബ്ലിഷിങ്, കമ്യൂണിക്കേഷൻ മുതലായവയിൽ നിന്നു നേട്ടം ലഭിക്കും. ജാതകൻ നല്ല വാഗ്മി, നല്ല എഴുത്തുകാരൻ, നിപുണതയും ചാതുര്യവുമുള്ളവൻ ആയിരിക്കും. നല്ല വിദ്യാസമ്പന്നനുമാകും. ഉയർന്ന വിദ്യാഭ്യാസവും നടത്തുകയും അത് സ്കൂളിലും കോളജിലും നന്നായി തെളിയിച്ചു കാണിക്കുകയും ചെയ്യും. പ്രതീക്ഷിക്കുന്നത്ര ഉയർച്ചയിൽ അവൻ എഴുത്തിൽ എത്തിച്ചേരും. ഉന്നതവിദ്യാഭ്യാസം ജാതകനും സന്താനത്തിനും ലഭിക്കും. 5-ാം ഭാവത്തിൽ (മീനത്തിൽ) ഗുരു –ബുധ –ശുക്ര യോഗം വന്നാൽ സംസാരത്തിലൂടെ മറ്റുള്ളവരെ കീഴ്പ്പെടുത്തും. പൊതുജനങ്ങളുമായുള്ള കാര്യങ്ങൾ പ്രദർശിപ്പിക്കുന്ന രീതിയനുസരിച്ചായിരിക്കും അവരുടെ വിജയം. ഇവർക്ക് അപ്രതീക്ഷിതമായി ധനം വന്നുചേരും. രഹസ്യങ്ങൾ സൂക്ഷിക്കാൻ കഴിവുള്ളവരാണിവർ.

ധനുരാശിയുടെ 11ൽ ഗുരു നിന്നാൽ

ഉദയസൂര്യനെ പോലെ കുതിച്ചുയരുന്നവരായിരിക്കും ഇവർ. പൊതുജനങ്ങളുടെ ഇഷ്ടം പിടിച്ചു പറ്റുന്നവരാണിവർ. 5-ാം ഭാവാധിപന്റെ ചിത്തിര നക്ഷത്രത്തിൽ ഗുരു സഞ്ചരിക്കുമ്പോൾ ജാതകനും സഹോദരങ്ങൾക്കും ഉയർച്ചയുണ്ടാകും. 5-ാം ഭാവത്തിന്റെ നിവൃത്തിസ്ഥാനത്തായതിനാൽ പുരുഷസന്താനയോഗത്തിന് സാധ്യതയും ഉയർച്ചയും ഉണ്ടാകും. ഇവർ സൗന്ദര്യമുള്ളവരും നല്ല സ്വഭാവത്തിനുടമയും സമ്പത്തുള്ളവരുമായിരിക്കും. വ്യാഴൻ ചോതിയിൽ നിൽക്കുമ്പോൾ പ്രേമവിജയം ഉണ്ടാകും. കലയിലും വിനോദത്തിലും വഴി നേട്ടങ്ങൾ ലഭിക്കും. അശ്വതിയിൽ ഗുരു സഞ്ചരിക്കുന്ന സമയത്ത് ഭാഗ്യങ്ങൾ ലഭിക്കുന്നതാണ്. ശനി –ഗുരു യോഗത്തിൽ സമ്പത്തിനു വർധനയുണ്ടാകും. ഗുരു –രാഹു ഗ്രഹണയോഗം നന്നല്ല.

ശുക്രൻ 6ഉം 11ഉം ഭാവാധിപത്യം വഹിച്ച ശുക്രൻ തൊഴിൽദായകനും ധനദായകനുമാണ്. അതിനാൽ അഭിനയം, കഥയെഴുത്ത്, നെഫ്രോളജിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, ഡാൻസർ, സുഗന്ധദ്രവ്യങ്ങളുടെ കച്ചവടം, ബ്യൂട്ടീഷ്യൻ എന്നിവയിലൂടെ ധനം സമ്പാദിക്കും. സത്യസന്ധമായുള്ള പ്രയത്നത്തിലൂടെ ജീവിതമുന്നേറ്റം ഉണ്ടാകും. മേടം രാശിയിൽ ശുക്രൻ സഞ്ചരിക്കുമ്പോൾ പ്രണയബന്ധത്തിലേർപ്പെടും. സഹോദരങ്ങൾക്ക് ചിത്തിരയിൽ ഗുരു സഞ്ചരിക്കുമ്പോൾ നല്ല ഉയർച്ചകൾ കിട്ടും. ശുക്രൻ –കേതു യോഗം ക്ലേശാനുഭവങ്ങൾ കൂടും. ശുക്രൻ വിശാഖം നക്ഷത്രത്തിൽ സഞ്ചരിക്കുമ്പോൾ സ്ത്രീകൾ വഴി ജീവിതവിജയം ലഭിക്കുന്നതാണ്. രത്നാഭരണശേഖരണം നടത്തുന്നതിന് ഇവർക്കു കഴിയും.

മകരം രാശിയുടെ 11ൽ ഗുരു നിന്നാൽ

വ്യാഴത്തിന്റെ ബന്ധുസ്ഥാനമാണിത്. എല്ലാ സ്ഥാനത്തും വിജയിക്കുകയും ചെയ്യും. നല്ല സമ്പത്തുള്ളവരുമാകും. സഹോദരങ്ങൾക്കു നല്ല ഉയർച്ചയുണ്ടാകും. കർക്കടകത്തിൽ വ്യാഴൻ നിന്നാൽ പ്രേമബന്ധത്തിലേർപ്പെട്ട് കുടുംബബന്ധം താറുമാറാകും. സ്ത്രീകൾക്ക് വന്ധ്യതയ്ക്ക് സാധ്യതയുണ്ട്. ഗുരു അനിഴം നക്ഷത്രത്തിലാണെങ്കിൽ ബിസിനസ്സ് കൊണ്ട് ഉയർച്ചയുണ്ടാകും. ബുധനുമായോ ബുധന്റെ നക്ഷത്രമായോ ഗുരു ബന്ധപ്പെട്ടാൽ എഴുത്തിലൂടെ പണം സമ്പാദിക്കും.

കുജൻ

കുജൻ 11-ാം ഭാവാധിപനായി നിൽക്കുന്നതിനാൽ തൊഴിലുയർച്ചയും ലാഭവും കിട്ടും. ലഗ്നാധിപനും 2-ാം ഭാവാധിപനുമായ ശനി 5, 10 ഉം ഭാവാധിപനായ ശുക്രനുമായി യോഗം ചെയ്ത് 11ൽ നിന്നാൽ തൊഴിലിലുയർച്ചയുണ്ടാകും. അനിഴത്തിൽ കുജൻ നിന്നാൽ നിക്ഷേപവും, ധനസ്ഥിതിയിൽ നല്ല മെച്ചവും ഉണ്ടാകും. ബാങ്കിംഗ് മേഖലയിൽ തൊഴിൽ ചെയ്യാനുള്ള യോഗവും ഉണ്ടാകും.

കുംഭത്തിന്റെ 11ൽ ഗുരു നിന്നാൽ:

ഇവർക്ക് എല്ലാ നന്മകളെയും പ്രധാനം ചെയ്യുന്ന സ്ഥാനമാണിത്. എല്ലാറ്റിലും വിജയം, ലാഭം, വരുമാനം, സഹോദരങ്ങൾ എന്നു തുടങ്ങി എല്ലാ വിഷയങ്ങളിലും മേന്മ പ്രതീക്ഷിക്കാം. സമ്പത്തിന്റെ അധിപനായ ഗുരു 11ൽ നിൽക്കുന്നത് ഐശ്വര്യത്തെ പ്രധാനം ചെയ്യും. മതഭ്രാന്തന്മാരായിരിക്കും. 5-ാം ഭാവത്തിൽ ഗുരു നിൽക്കുന്നത് സന്താനത്തിന് നന്നായിരിക്കും. 2-ാം ഭാവാധിപനായ ഗുരു തൊഴിലിൽ ഉയർച്ചയുണ്ടാക്കും. കുടുംബജീവിതം തൃപ്തികരമായിരിക്കും. ഗുരു –ശുക്ര ബന്ധം സന്തോഷവും നല്ല ഭാവിയെയും പ്രദാനം ചെയ്യും.

ശനി - ഇവർക്ക് ശനി നല്ല ഫലം നൽകും. ഇവർ സ്വത്തും സമ്പത്തും ദാനം ചെയ്ത് സന്യാസം സ്വീകരിക്കും. സന്യാസം സ്വീകരിച്ചാലും ഇവർ വീണ്ടും സമ്പത്തുണ്ടാക്കി അവസാനം വരെ സുഖമായി ജീവിക്കും. സന്താനത്തിന് ഉയർച്ച കുറവായിരിക്കും. ശനി –രാഹു ബന്ധപ്പെടുമ്പോൾ എല്ലാ കാര്യങ്ങളിലും സ്വാതന്ത്ര്യത്തിലും ഒരു നിയന്ത്രണം ഉണ്ടാകും.

മീനം രാശിയുടെ 11ൽ ഗുരു നിന്നാൽ:

1ഉം 10ഉം ഭാവാധിപനായ വ്യാഴൻ 11ൽ നീചനായി നിൽക്കുന്നതിനാൽ ഗുണാനുഭവം കുറവായിരിക്കും. ഇവരുടെ നിലനിൽപ്പിനെയും അന്തസ്സിനെയും മോശമായി ചിത്രീകരിക്കും. പൊതുജനങ്ങളിൽ നിന്നു ബഹുമാനം കിട്ടുന്നതല്ല. വ്യാഴൻ രോഹിണിയിൽ സഞ്ചരിക്കുമ്പോൾ ചെറിയ യാത്രകൾ ചെയ്യും. മകയിരത്തിൽ ഗുരു സഞ്ചരിക്കുമ്പോൾ സഹോദരങ്ങൾക്കും അച്ഛനും പൂർവ കുടുംബാംഗങ്ങൾക്കും നന്നായിരിക്കും. ദീർഘായുസ്സ് ഉണ്ടാകും. അത്തം നക്ഷത്രത്തിൽ ഗുരു സഞ്ചരിക്കുന്ന സമയത്ത് വിദേശവാസമോ വീടുമാറി താമസിക്കലോ ഉണ്ടാകും. ആ സമയം മരണതുല്യമായിരിക്കും.

ശനി -

ശനി വിജയവും ലാഭവും എല്ലാവിധ ഐശ്വര്യവും നൽകും. 11ഉം 12ഉം ഭാവാധിപനായതിനാൽ കുറച്ചു നഷ്ടങ്ങളും മാറ്റങ്ങളും ഉണ്ടാകുമെങ്കിലും വേദനിപ്പിക്കുകയില്ല. 12-ാം ഭാവാധിപനായതിനാൽ അസുഖങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. താമസസ്ഥലം മാറാനും അതോടെ പുതിയ ഉത്തേജനം ജീവിതത്തിലുണ്ടാക്കാനും സാധിക്കും. തുലാംരാശിയിൽ ശനി ഉണ്ടായാൽ ദീർഘായുസ്സ് പ്രദാനം ചെയ്യും. 6.40 മുതൽ 23.20 വരെ മകരത്തിൽ ശനി സഞ്ചരിക്കുമ്പോൾ ഇവർക്കു പുതിയ കണ്ടുപിടിത്തങ്ങൾ നടത്തി പേരും പെരുമയും ഉണ്ടാക്കാൻ കഴിയും. ചോതിയിൽ രാഹു സഞ്ചരിക്കുന്ന സമയത്ത് റിസർച്ച് നടത്തുന്നവർക്ക് നന്നായിരിക്കും. പ്രേമബന്ധങ്ങൾക്ക് ശനി വഴിവയ്ക്കുന്നതാണ്.

ലേഖകന്റെ വിലാസം:

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.