Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട് നിർമ്മിക്കും മുൻപേ അറിയണം ഈ 10 വാസ്തു വിധികൾ!

Vastu in house construction വാസ്തുദോഷമില്ലാത്ത ഉറപ്പുള്ള ഭൂമിയേ ഗൃഹനിർമ്മാണത്തിന് തിരഞ്ഞെടുക്കാവൂ

തടസ്സങ്ങളും, ദുരിതങ്ങളുമില്ലാതെ സംതൃപ്തിയോടു കൂടിയുള്ള ഒരു ഗൃഹജീവിതം ആഗ്രഹിക്കുന്നവർ ഗൃഹനിർമ്മാണ സമയത്ത് വാസ്തു വിധികൾ കൃത്യമായും പാലിച്ചിരിക്കണം. വാസ്തു വിധി ക്യത്യമായും പാലിച്ചിട്ടുള്ള ഭൂമിയും, ഭവനവും ദോഷങ്ങളൊന്നും വരുത്തില്ലെന്ന് മാത്രമല്ല സമൃദ്ധി കൊണ്ടുവരുകയും ചെയ്യും. ഗൃഹനിർമ്മാണ സമയത്ത് തുടക്കം മുതലേ ശ്രദ്ധിക്കേണ്ട ചില പ്രധാന വാസ്തു വിധികൾ ചുവടെ ചേർക്കുന്നു.

1. വാസ്തുദോഷമില്ലാത്ത ഉറപ്പുള്ള ഭൂമിയേ ഗൃഹനിർമ്മാണത്തിന് തിരഞ്ഞെടുക്കാവൂ. ദോഷങ്ങളുണ്ടെങ്കിൽ ഗൃഹനിർമ്മാണത്തിന് മുൻപായി അവ പരിഹരിച്ചിരിക്കണം. നിർമ്മാണ സമയം മുതൽക്കേ തുടങ്ങുന്ന തടസ്സങ്ങൾ ഒഴിവാക്കാൻ പരിഹാരക്രിയകൾ സഹായിക്കും.

2. ഗൃഹപ്രവേശത്തിന് മുൻപായി തന്നെ ചുറ്റുമതിലും ഗേറ്റും പണിയുക. വാസ്തു ദോഷങ്ങളുടെ ശക്തി പരമാവധി ക്ഷയിപ്പിക്കാൻ ഇത് സഹായകരമാണ്. വാസ്തുശാസ്ത്രത്തിൽ ഗൃഹത്തോടൊപ്പം ചുറ്റുമതിലിനും പ്രധാന സ്ഥാനമാണ്  ഉള്ളതെന്ന് മനസ്സിലാക്കുക.

3. സമീപപ്രദേശത്ത് ക്ഷേത്രമുണ്ടെങ്കിൽ ശ്രദ്ധിക്കണം. ക്ഷേത്രത്തിന്റെയോ, ക്ഷേത്രഗോപുരത്തിന്റെയോ നിഴൽ കെട്ടിടത്തിന്മേൽ പതിക്കുന്നത് ഒട്ടും നന്നല്ല.

4. ഗൃഹനിർമ്മാണത്തിന് തയ്യാറെടുക്കുമ്പോൾ പടിഞ്ഞാറു ഭാഗത്തോ, തെക്കുവശത്തോ സ്ഥലം തുറസ്സായിടരുത്. ഇത് ദോഷകരമാണ്. തൊഴിൽപരമായ തടസ്സങ്ങളും, സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് ദോഷങ്ങൾ. വാസ്തു ശാസ്ത്രകാരന്റെ നിർദ്ദേശാനുസരണം തുറസ്സായ പ്രദേശത്ത് എന്തെങ്കിലും ചെയ്യുവാൻ ശ്രദ്ധിക്കുക.

5. ചുറ്റുമതിലിനു പുറത്തെ വഴിയുടെ നിരപ്പിൽ നിന്നും താഴ്ന്ന നിരപ്പിൽ വീടിന്റെ തറ നിരപ്പ് ഇരിക്കുന്നത് നല്ലതല്ല. പോസിറ്റീവ് എനർജിയുടെ പ്രഭാവത്തിനുണ്ടാകുന്ന തടസ്സങ്ങളുൾപ്പെടെ പല വാസ്തു ദോഷങ്ങൾക്കും അത് കാരണമാകും.

6. വാസ്തു ശാസ്ത്രം വാതിലുകളെ രാജാക്കന്മാരും, ജനാലകളെ മന്ത്രിമാരുമായാണ് പരിഗണിക്കുന്നത്. അത്രമാത്രം പ്രാധാന്യം ഇവ രണ്ടിനുമുണ്ട്. ഗൃഹത്തിനകത്തേക്കുള്ള എനർജി പ്രവാഹവുമായും, ഗൃഹവാസികളുടെ മാനസിക ആരോഗ്യമായുമൊക്കെ ഇവയ്ക്ക് അഭേദ്യ ബന്ധമാണുള്ളത്. അതുകൊണ്ട് വാതിലുകളും, ജനലുകളും വാസ്തു വിദഗ്ധ ന്റെയും, മൂത്താശ്ശാരിയുടേയും നിർദ്ദേശാനുസരണം വേണം സ്ഥാപിക്കുവാൻ. 2:1 എന്നായിരിക്കും സാധാരണയായി പണിയുന്ന ജനലുകളുടേയും, വാതിലുകളുടെയും  അനുപാതം. സുരക്ഷിതമെന്നു തോന്നുന്നതെങ്കിൽ മാത്രം വാസ്തുപ്രകാരം പണിയുന്ന വീടിന്റെ ജനലുകളും, വാതിലുകളും പകൽസമയം നല്ല കാലാവസ്ഥകളിൽ തുറന്നിടുന്നത് നന്നായിരിക്കും.

7. പ്രധാന വാതിൽ മറ്റു വാതിലുകളേക്കാൾ വലുതായിരിക്കണം.

8. ഗൃഹനിർമ്മാണം നടന്നാൽ ഉടൻ തന്നെ ചുറ്റുമതിലിനകത്തുള്ള ഭൂമി ഭാഗം ചെയ്യരുത്. അങ്ങനെ ഒരു ആശയം മനസ്സിലുണ്ടെങ്കിൽ അത് ഗൃഹനിർമ്മാണം നടക്കുന്നതിനു മുൻപേ ചെയ്തിരിക്കണം. വാസ്തുപുരുഷന്റെ സാന്നിധ്യത്തെ അസ്ഥിരപ്പെടുത്താതിരിക്കുവാൻ ശ്രദ്ധിക്കുക.

9. വീടിന്റെ ദർശനം എവിടേയ്ക്കായിരിക്കണം എന്നുള്ളത് ഒരു പ്രധാന കാര്യമാണ്. പൊതുവായി നല്ലത് കിഴക്ക് ദർശനമാണ്. എന്നാൽ ഗൃഹനാഥന്റെ ജന്മനക്ഷത്ര പ്രകാരം നിർണ്ണയിക്കുന്ന ദിക്ക് കൂടുതൽ ഫലം നൽകും. ഇക്കാര്യത്തിൽ നല്ലൊരു ജ്യോതിഷിയുടേയോ, വാസ്തു വിദഗ്ദന്റേയോ സേവനം തേടാവുന്നതാണ്.

10. ഗൃഹപ്രവേശ സമയത്ത് കുമ്പളങ്ങ പൊട്ടിക്കൽ എന്നൊരു ചടങ്ങ് ഉണ്ട്. ദുഷ്ടാത്മാക്കളെ ഗൃഹത്തിൽ നിന്നും അകറ്റുവാനുള്ളതാണിത്. പക്ഷേ പലപ്പോഴും നമ്മൾ അത് പൂർണ്ണതയോടുകൂടിയല്ല ചെയ്യുന്നത്. ഗൃഹപ്രവേശ പൂജകൾ കഴിയുമ്പോൾ കുമ്പളങ്ങ ഏതെങ്കലും ഒരു വ്യക്തിയുടെ കൈവശം കൊടുത്ത് വിട്ട് ദൂരെക്കൊണ്ടുപോയി വേണം പൊട്ടിക്കുവാൻ. ഗൃഹനാഥനും, കുടുംബവും അയാളെ അനുഗമിക്കുവാൻ പാടില്ലെന്നു മാത്രമല്ല; ആ കർമ്മം ചെയ്യാൻ പോകുന്ന വ്യക്തി ആ ഒരു ദിവസത്തേക്ക് ഗൃഹപ്രവേശം നടന്ന വീട്ടിലേക്ക് വരുവാനും പാടില്ല.

മേൽ പറഞ്ഞതെല്ലാം ഗൃഹനിർമ്മാണത്തിൽ പാലിക്കേണ്ട ചില പൊതുകാര്യങ്ങളാണ്. വേണ്ടവിധത്തിൽ നടപ്പിൽ വരുത്തിയാൽ സദ്ഫലങ്ങൾ ലഭിക്കും

Read more.. Star sign, Super Horoscope, Soul mate