Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേവാലയ സാമീപ്യം ഗൃഹങ്ങളിൽ

temple-vasthu

ദേവാലയങ്ങൾക്ക് സമീപം വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വാസ്തുശാസ്ത്രത്തിൽ വ്യക്തമായി നിഷ്കർഷിച്ചിട്ടുണ്ട്.

ഗൃഹരൂപകൽപന ചെയ്യുമ്പോൾ നിർമിക്കാനുദ്ദേശിക്കുന്ന ഭൂമിക്ക് ക്ഷേത്രസാമീപ്യം ഉണ്ടെങ്കിൽ പാലിക്കേണ്ടതായ ചില നിയമങ്ങളുണ്ട്.

ക്ഷേത്രങ്ങളെത്തന്നെ ദേവീദേവ പ്രാധാന്യമനുസരിച്ച് സൗമ്യമൂർത്തികളായും രൗദ്രമൂർത്തികളായും കണക്കാക്കാറുണ്ട്. വിഷ്ണു, ഭഗവതി, ഗണപതി തുടങ്ങിയ ദേവീദേവന്മാർ സൗമ്യമൂർത്തികളായും ശിവൻ, ഭദ്രകാളി, നരസിംഹമൂർത്തി എന്നീ ദേവീദേവന്മാർ രൗദ്രമൂർത്തികളായും കണക്കാക്കപ്പെടുന്നു. ഗൃഹനിർമാണത്തിനുദ്ദേശിക്കുന്ന ഭൂമി സൗമ്യമൂർത്തികളായ ദേവീദേവന്മാരുടെ ക്ഷേത്രങ്ങളുടെ മുൻവശത്തും വലതുവശത്തും വരുന്നത് വാസയോഗ്യമാണ്. എന്നാൽ ഇടതുവശത്തോ പിൻവശത്തോ വരുന്നത് ഗുണകരമല്ല.

ഗൃഹം നിർമിക്കാൻ ഉദ്ദേശിക്കുന്ന ഭൂമി രൗദ്രമൂർത്തികളായ ദേവീദേവന്മാരുടെ ക്ഷേത്രങ്ങളുടെ മുൻവശത്തും വലതുവശത്തും വരുന്നത് ഉത്തമമല്ല. എന്നാൽ ഇടതുവശത്തും പിന്നിലും വരുന്നത് അഭികാമ്യമാണ്. പണ്ടുള്ള ക്ഷേത്രങ്ങൾ ശാസ്ത്രത്തിലെ ഈ നിയമത്തെ അടിസ്ഥാനമാക്കിയാണ് ക്ഷേത്രദർശനം നിശ്ചയിച്ചിരുന്നത്.

ദർശനത്തിനു തടസ്സമാകരുത് ക്ഷേത്രങ്ങൾ എന്നതുകൊണ്ട് പഞ്ചപ്രാകാരങ്ങളായ ക്ഷേത്രങ്ങൾ (ചുറ്റുമതിൽ, പ്രദക്ഷിണവഴി, മതിൽക്കകം എന്നിവ ഉള്ള ക്ഷേത്രങ്ങൾ) ആണ് ഉദ്ദേശിക്കുന്നത്. പ്രസ്തുത അംഗങ്ങളോടു കൂടിയ ക്ഷേത്രങ്ങളുടെ സാമീപ്യമാണ് ഗൃഹനിർമാണവിഷയത്തിൽ കൂടുതലായി അനുവർത്തിക്കേണ്ടത്. എന്നാൽ ചെറിയ കാവുപോലെയുള്ള ക്ഷേത്രങ്ങളുടെയോ സർപ്പക്കാവുകളുടെയോ കുടുംബക്ഷേത്രങ്ങളുടെയോ സാമീപ്യം മേൽപ്പറഞ്ഞവിധം കണക്കാക്കേണ്ടതില്ല. ക്ഷേത്രങ്ങളുടെ സമീപത്തല്ലെങ്കിൽപോലും ചെറുതോ വലുതോ ആയ ക്ഷേത്രങ്ങളുടെ ദർശനത്തിന് തടസ്സം വരുന്ന വിധം ഗൃഹനിർമാണം ചെയ്യുന്നത് ശ്രേയസ്കരമല്ല. ഇത് ക്രിസ്ത്യൻ പള്ളികൾ, മുസ്ലിം പള്ളികൾ തുടങ്ങിയവയ്ക്കും ബാധകമാണ്.

ക്ഷേത്രസാമീപ്യം കണക്കിലെടുത്ത് ഉത്തമസ്ഥാനങ്ങളിൽ ഗൃഹം നിർമിക്കുമ്പോൾ ക്ഷേത്രത്തിനേക്കാൾ ഉയർന്നുവരുന്നത് ഉത്തമമല്ല. ക്ഷേത്രങ്ങളിൽ പൂജ ചെയ്യുന്ന ബ്രാഹ്മണർക്കും ക്ഷേത്ര ഉപാസകരായ (പാദസേവകന്മാർ) അമ്പലവാസികൾക്കും ക്ഷേത്രസമീപത്ത് ഗൃഹം വയ്ക്കുന്നതിന് ദോഷമില്ല.

കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് വാസ്തുശാസ്ത്രവിദഗ്ധൻ email: kanipayoor@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.