Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ഥാന പ്രധാനം വാസ്തു

vasthu-room

വാസ്തുവിദ്യപ്രകാരം വീടിൻറെ ദർശനമനുസരിച്ചു മുറികളുടെ സ്ഥാനങ്ങൾ മാറുന്നില്ല. ദർശനം ഏതു ദിക്കിലേക്കായാലും മുറികൾക്കു പൊതുവായ സ്ഥാനമാണ് വാസ്തുവിദ്യയിലുള്ളത്. ബജറ്റും ഡിസൈനുമനുസരിച്ചു പദയോനിപ്പെടുത്തി എടുത്ത മുറികളാണ് അഭികാമ്യം.

ഓരോ മുറിക്കും പ്രത്യേകതരം അളവുകൾ സ്വീകരിക്കുന്ന രീതിയും വാസ്തുവിലില്ല. സിറ്റ് ഔട്ട്, സ്റ്റോർ, കാർപോർച്ച്, വർക് ഏരിയ, സ്റ്റെയർകെയ്സ് റൂം തുടങ്ങിയവയുടെ ഉള്ളളവുകൾക്ക് വാസ്തുപരമായ അളവുകൾ നൽകണമെന്ന് നിർബന്ധമില്ല.

കിഴക്കു ദർശനമായുള്ള വീടിൻറെ രൂപകല്പനയിലും ക്രമീകരണത്തിലും ധാരാളം സ്വാതന്ത്യ്രമുണ്ടാകും. വടക്കു ദിക്കും ഏറെക്കുറെ കിഴക്കു ദിക്കുപോലെത്തന്നെയാണ്. എന്നാൽ, തെക്ക്, പടിഞ്ഞാറ് ദിക്കുകളിലേക്കു ദർശനമായുള്ള വീടിൻറെ രൂപകല്പനയിൽ പരിമിതികളുണ്ട്.

സിറ്റ് ഔട്ട് / വരാന്ത വീടിൻറെ പ്രധാനപ്പെട്ട ഭാഗമാണ് വരാന്ത. വീടിൻറെ വിസ്താരത്തിൻറെ മൂന്നിലൊന്നു വിസ്താരം പൂമുഖത്തിനു വേണമെന്നാണ് പുരാതനഗ്രന്ഥങ്ങളിൽ പറയുന്നത്. വീടിൻറെ ദർശനഭാഗം നിറഞ്ഞു നിൽക്കുന്ന ചെറിയ തൂണുകളോടു കൂടിയ വരാന്തയാണ് പഴയ വീടുകളുടെ സൗന്ദര്യത്തിൻറെ പ്രധാന ഘടകം.

എന്നാൽ, ആധുനിക രൂപകല്പനയിൽ വരാന്തയുടെ വകഭേദങ്ങളാണ് സിറ്റ് ഔട്ട് / പോർട്ടിക്കോ / ഫോയർ എന്നിവ. ഇതിനായി വീടിൻറെ മുൻഭാഗത്തു ‘കട്ടിങ്സ് നൽകേണ്ടി വരുന്നു. ‘കട്ടിങ്സ് വരുമ്പോൾ വീടിൻറെ വടക്കു കിഴക്കേ കോണിൽ വരുന്നതാണ് ഉചിതം. കാർപോർച്ച്, എൻട്രി, സിറ്റ് ഔട്ട് എന്നിവ വടക്കു കിഴക്കേ കോണിൽ വരുന്നത് ഏറെ അഭികാമ്യമാണ്.

ഇപ്പോൾ പൂമുഖവും വരാന്തയോടനുബന്ധിച്ചുള്ള പൂമുഖവും തരംഗമായി തിരിച്ചു വന്നിട്ടുണ്ട്. തൂൺ, ചാരുപടി തുടങ്ങിയവ ഉൾക്കൊണ്ട പരമ്പരാഗത രീതിയിലുള്ള വരാന്തയുടെ നിർമാണം ചെലവേറിയതാണ്. തടികൊണ്ടുള്ള നിർമാണം നിരുത്സാഹപ്പെടുത്തുകയാണ് ചെലവു കുറയ്ക്കാനുള്ള വഴി.

വാസ്തുപരമായി കാർപോർച്ച് വീടിനോടു ചേർന്നല്ലാതെ മാറ്റി നൽകുന്നതാണ് ഉചിതം. പക്ഷേ, ആധുനിക ജീവിതശൈലിയുടെ ഭാഗമായി വീടിനോടു ചേർത്ത് കാർപോർച്ച് നൽകാറുണ്ട്. ഇതിൽ അപാകതയൊന്നുമില്ല.

പ്രധാനവാതിൽ വീടിൻറെ മധ്യത്തിൽ നിന്ന് അല്പം മാറ്റി (മധ്യത്തിലാണെന്നു തോന്നിക്കും വിധം) പ്രധാന വാതിൽ വയ്ക്കുന്നതാണ് ഉചിതം. ഇതിനർഥം ഇങ്ങനെയല്ലാത്ത വാതിലുകൾ വാസ്തുവിരുദ്ധമായി കരുതണമെന്നല്ല. മറിച്ചാണെങ്കിൽ കൂടുതൽ നല്ലത് എന്നേ ഉള്ളൂ.

സ്വീകരണമുറി തെക്ക്, തെക്കുപടിഞ്ഞാറ്, പടിഞ്ഞാറ്, വീടിൻറെ മധ്യം എന്നിവിടങ്ങളാണ് സ്വീകരണമുറിക്ക് ഉചിതം. എന്നിരുന്നാലും ഡിസൈൻ അനുസരിച്ച് മറ്റുള്ള മുറികൾക്ക് പ്രാമുഖ്യം നൽകി ശേഷിക്കുന്ന ഭാഗം സ്വീകരണമുറിയായി രൂപപ്പെടുത്തിയെടുക്കാം. പക്ഷേ, ലിവിങ്ങിൽ സോഫയും കസേരയും ഇടുമ്പോൾ അധികമാളുകളും കിഴക്കോട്ടോ വടക്കോട്ടോ ദർശനമായി ഇരിക്കത്തക്ക വിധം ക്രമീകരിക്കുന്നതാണ് ഉത്തമം.

ചില ആധുനിക വീടുകളിൽ ലിവിങ് റൂം ഒരു പടി താഴ്ത്തി നൽകാറുണ്ട്. പക്ഷേ, ഗൃഹത്തിൻറെ തറനിരപ്പ് സമാനമായി ഇരിക്കുന്നതാണ് ഏറ്റവും അഭികാമ്യം. വടക്കോ കിഴക്കോ ദർശനമായ ഗൃഹത്തിൽ വടക്കുഭാഗത്തോ കിഴക്കു ഭാഗത്തോ ഉള്ള പൂമുഖവും സ്വീകരണമുറിയും താഴ്ത്തിയിടുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാൽ തെക്ക്, പടിഞ്ഞാറ് എന്നീ ദിക്കുകളിലേക്കു ദർശനമായുള്ള ഗൃഹത്തിൻറെ മുൻഭാഗം താഴ്ത്തി പണിയുന്നത് അഭികാമ്യമല്ല.

പൂജാമുറി വീടിൻറെ വടക്കു കിഴക്കേ കോണിലും തെക്കു പടിഞ്ഞാറേ കോണിലും കിഴക്കും പടിഞ്ഞാറും ഭാഗങ്ങളുടെ മധ്യത്തിലും പൂജാമുറിക്കു സ്ഥാനം നൽകാം. വീടിൻറെ മധ്യഭാഗത്തും വെൻറിലേഷനുണ്ടെങ്കിൽ പൂജാമുറി പണിയാം. ഏറ്റവും ചെറിയ പൂജാമുറിക്ക് 1.5×1.5 മീറ്റർ ധ്വജ യോനി കണക്ക് അഭികാമ്യമാണ്. നാലുകെട്ടിലാണെങ്കിൽ പൂജാമുറിയുടെ സ്ഥാനം വടക്കിനിയിലോ കിഴക്കിനിയിലോ ആവുന്നതാണ് അഭികാമ്യം.

വടക്കുകിഴക്കും കിഴക്കും ഉള്ള പൂജാമുറിയിൽ പടിഞ്ഞാറു ദർശനമായി ആരാധനാമൂർത്തികളുടെ ചിത്രങ്ങൾ, വിഗ്രഹങ്ങൾ തുടങ്ങിയവ വയ്ക്കാം. തെക്കുപടിഞ്ഞാറും പടിഞ്ഞാറും ഉള്ള പൂജാമുറിയിൽ കിഴക്കുദർശനമായും വയ്ക്കാം. വിളക്കു കൊളുത്തുമ്പോൾ രണ്ടു തിരിയിട്ട് കൊളുത്തുന്നത് ഉത്തമമാണ്.

അടുക്കള ഗൃഹത്തിൻറെ വടക്കുകിഴക്കേ കോണായ ഈശാനകോണും തെക്കുകിഴക്കേ കോണായ അഗ്നികോണിലുമാണ് അടുക്കളയ്ക്ക് ഏറ്റവും യോജിച്ച സ്ഥാനം. വടക്കു പടിഞ്ഞാറേ കോണിലും അടുക്കളയ്ക്കു സ്ഥാനം നൽകുന്നതിൽ തെറ്റില്ല. അടുക്കളയിൽ പാതകം ക്രമീകരിക്കുമ്പോൾ കിഴക്കു ദർശനമായി നിന്നു പാചകം ചെയ്യുന്ന രീതിയിൽ ക്രമീകരിക്കുന്നതാണ് നല്ലത്. നിവൃത്തിയില്ലെങ്കിൽ വടക്കോട്ടു ദർശനമായി നിന്നും പാചകം ചെയ്യാം. മറ്റു രണ്ടു ദിക്കുകളും നിഷിദ്ധമാണ്.

തെക്കുപടിഞ്ഞാറേ കോണിൽ യാതൊരുകാരണവശാലും അടുക്കള നൽകരുത്. അടുക്കളയുടെ കിഴക്കു മധ്യത്തിലോ വടക്കുകിഴക്ക് കോണിലോ തെക്കുകിഴക്ക് കോണിലോ ആയി അടുപ്പുകൾ സ്ഥാപിക്കാം. തീ കത്തിക്കുന്ന അടുപ്പ് ആണെങ്കിൽ ഒന്ന് അല്ലെങ്കിൽ മൂന്ന് എണ്ണം നൽകുന്നതാണ് ഉചിതം.

ആധുനിക രീതിയിലുള്ള അടുക്കളയുടെ സജ്ജീകരണത്തിൽ സ്റ്റോർ അധികപറ്റാണ്. മോഡുലാർ കിച്ചൺ സർവസാധാരണമായ ഇക്കാലത്ത് സ്റ്റോറേജിനായി പ്രത്യേകമുറിയുടെ ആവശ്യമില്ല. പ്രധാന അടുക്കളയിൽ ഗ്യാസ് അടുപ്പ് വച്ച് വർക് ഏരിയയിൽ തീകത്തിക്കുന്ന പതിവുണ്ട്. അല്ലെങ്കിൽ പുകയടുപ്പ് വീടിനു പുറത്തു നൽകുന്ന രീതിയുമുണ്ട്.

ഊണുമുറി അടുക്കളയ്ക്കു പറഞ്ഞ സ്ഥാനങ്ങളൊക്കെ ഊണുമുറിക്കും ഉപയോഗയോഗ്യമാണ്. അതു കൂടാതെ വടക്കുപടിഞ്ഞാറോ പടിഞ്ഞാറോ ഊണുമുറി നൽകാം.

ദീർഘചതുരാകൃതിയിലുള്ള ഊണുമുറിയാണ് അഭികാമ്യം. ഊണുമേശയുടെ ആകൃതി ഏതായാലും കുഴപ്പമില്ല. പക്ഷേ, കൂടുതൽ ആളുകൾ കിഴക്കോട്ടും പടിഞ്ഞാറോട്ടും അഭിമുഖമായി ഇരിക്കാവുന്ന രീതിയിൽ വേണം ഊണുമേശ ഇടാൻ. അതായത് തെക്കുവടക്കായി ഊണുമേശ ഇടണമെന്ന് അർഥം.

കിടപ്പുമുറി നാലുകെട്ട് ശൈലിയിലുള്ള വീടുകളിൽ ബെഡ്റൂം തെക്കിനിയിലോ പടിഞ്ഞാറ്റിനിയിലോ നൽകുന്നതാണ് നല്ലത്. സാധാരണ വീടുകളിൽ തെക്കു ഭാഗത്തോ പടിഞ്ഞാറു ഭാഗത്തോ കിടപ്പുമുറി നൽകുന്നത് ഏറെ ഉചിതമാണ്. തല കിഴക്കോട്ടോ തെക്കോട്ടോ വച്ചു കിടക്കത്തക്ക വിധം വേണം കട്ടിൽ ഇടാൻ.

അനാവശ്യമായ അലങ്കാരങ്ങളും അലമാരകളും ഇല്ലാതെ കട്ടിലും കിടക്കയും മാത്രം ഇടാവുന്ന ചെറിയ കിടപ്പുമുറിയാണ് ഉചിതം. അനാവശ്യമായ ബെർത്ത്, ഷെൽഫ് എന്നിവയൊക്കെ മുറിയുടെ അളവിൻറെ പൂർണതയെ ബാധിക്കും. കാബിനറ്റുകൾ കിടപ്പുമുറിയോടു ചേർന്നുള്ള ഡ്രസിങ് ഏരിയയിൽ നൽകി അവിടെ നിന്ന് ടോയ്ലറ്റിലേക്കു കയറുന്നതാണ് ഉചിതം.

ബാത്റൂം പൂജാമുറിക്കു പറഞ്ഞ സ്ഥാനങ്ങളെല്ലാം ടോയ്ലറ്റിനു വർജ്യമാണ്. പൂജാമുറിയുടെ ഭിത്തിയോടു ചേർന്നു ബാത്റൂം പണിയരുത്. അടുക്കളയോടു ചേർന്നു ബാത്റൂം പണിയുന്നതു ശരിയല്ലെന്നൊരു ധാരണ പൊതുവെയുണ്ട്. എന്നാൽ അതിൽ വാസ്തുപരമായി തെറ്റില്ല. നാലു കോണുകളും വീടിൻറെ മധ്യവും ഒഴിവാക്കി വേണം ടോയ്ലറ്റിനു സ്ഥാനം കാണാൻ. വടക്കുകിഴക്കും തെക്കുപടിഞ്ഞാറും കോണുകൾ നിശ്ചയമായും ഒഴിവാക്കണം. ഡിസൈൻ അനുസരിച്ചു സൗകര്യപ്രദമായ രീതിയിൽ ക്ലോസറ്റ് സ്ഥാപിക്കാം. അതിനു പ്രത്യേകം സ്ഥാനമൊന്നും നിർദേശിച്ചിട്ടില്ല.

ഡ്രൈ ഏരിയയും വെറ്റ് ഏരിയയും തമ്മിൽ വേർതിരിക്കാനായി വെറ്റ് ഏരിയ അല്പം താഴ്ത്തി നൽകുന്ന പ്രവണതയുണ്ട്. എന്നാൽ, തെക്കു ഭാഗത്തോ പടിഞ്ഞാറു ഭാഗത്തോ ഉള്ള ടോയ്ലറ്റുകൾ ഇങ്ങനെ താഴ്ത്തി നൽകുന്നത് അഭികാമ്യമല്ല. വടക്കു ഭാഗത്തും കിഴക്കു ഭാഗത്തും തറ താഴ്ത്തി നൽകാം.

ഹോം തിയറ്റർ പണ്ടുകാലത്ത് വിനോദങ്ങൾക്കായി വീടിനു പുറത്ത് വലതുവശത്തായി മണ്ഡപങ്ങൾ പണിതിരുന്നു. ആധുനിക രൂപകല്പനയിൽ മുകളിലെ നിലയിലെ ഓപ്പൺ ടെറസ്, ഓപ്പൺ വരാന്ത എന്നിവ വിനോദങ്ങൾക്കായി ഉപയോഗിക്കാം. വടക്കുപടിഞ്ഞാറേ ഭാഗത്ത് ഹോംതിയറ്റർ സജ്ജീകരിക്കാം. മുകളിലെ നിലയിലെ ലോഞ്ച് ഹോംതിയറ്ററിന് അനുയോജ്യമാണ്. ഊണുമുറിയിൽ തന്നെ ടിവി വയ്ക്കുന്ന പ്രവണതയും ഉണ്ട്. ഇതിനും കുഴപ്പമില്ല. പഠനമുറി, പൂജാമുറി എന്നിവയിൽ നിന്ന് ദൂരം പാലിച്ചു ക്രമീകരിക്കാം.

പഠനമുറി, വ്യായാമ മുറി, യൂട്ടിലിറ്റി പഠനമുറി വടക്കുഭാഗത്ത് വരുന്നതാണ് ഉത്തമം. വടക്ക് അഭിമുഖമായോ കിഴക്ക് അഭിമുഖമായോ ഇരുന്നു പഠിക്കുന്നതാണ് നല്ലത്.

വ്യായാമം, യോഗ, തെറപ്പി തുങ്ങി ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് തെക്കു പടിഞ്ഞാറും പടിഞ്ഞാറുമാണ് ഉത്തമം. വടക്കുപടിഞ്ഞാറ് യൂട്ടിലിറ്റി റൂമിനു സ്ഥാനം നൽകാവുന്നതാണ്.

സ്റ്റെയർകെയ്സ് സ്റ്റെയർകെയ്സ് തെക്കുഭാഗത്തോ പടിഞ്ഞാറു ഭാഗത്തോ ആയി വരുന്നതു ഗുണകരമാണ്. ഘടികാരസൂചികൾ കറങ്ങുന്ന ദിശയിൽ (്യ₨ഗ്ന്യkന്ദദ്ധന്ഥ൹) മുകളിലേക്കു കയറുന്ന രീതിയിലുള്ള ഗോവണിയാണ് അനുയോജ്യം. പ്രധാനവാതിൽ തുറക്കുമ്പോൾ സ്റ്റെയർകെയ്സ് കാണുന്നതുകൊണ്ട് കുഴപ്പമില്ല. മറിച്ചൊരു ധാരണ ആളുകൾക്കിടയിൽ പ്രചരിക്കുന്നുണ്ട്. സ്റ്റെയർകെയ്സ് ഗൃഹമദ്ധ്യത്തിലും പ്രധാനവാതിൽ ഗൃഹമധ്യത്തിൽ തന്നെ നേർക്കു നേരെ വരുമ്പോഴാണ് സ്റ്റെയർകെയ്സ് വില്ലനാകുന്നത്. ഗൃഹമധ്യത്തിലും പാർശ്വവശങ്ങളിലെ മധ്യഭാഗത്തും ഗോവണി ഒഴിവാക്കുന്നതാണു നല്ലത്.

കോർട്ട്യാർഡിൻറെ പാർശ്വങ്ങളിലോ ധാരാളം വെൻറിലേഷനോടെയോ സ്റ്റെയർകെയ്സ് നൽകുന്നതും ഗുണപ്രദമാണ്. നാലുകെട്ടിനുള്ളിൽ ഒരുകാരണവശാലും നടുമുറ്റത്ത് സ്റ്റെയർകെയ്സ് നൽകാൻ പാടില്ല. ചില വീടുകളിൽ പുറത്തു നിന്നു സ്റ്റെയർകെയ്സ് നൽകാറുണ്ട്. അങ്ങനെ ചെയ്യുമ്പോൾ പടിഞ്ഞാറേ പുറത്തു നിന്നോ തെക്കുപുറത്തു നിന്നോ കയറുന്ന രീതിയിൽ നൽകാം.

ഏതവസ്ഥയിലും തെക്കുപടിഞ്ഞാറേ കോൺപൂർണമായി നിൽക്കുന്ന രീതിയിൽ വേണം രൂപകല്പന ചെയ്യാൻ. ഈ ഭാഗത്ത് കാർപോർച്ച് കട്ട് ചെയ്തു കയറിവരുന്നത് അപാകതയാണ്. എന്നാൽ, പുറത്തേക്കു തള്ളി കാർപോർച്ച് നൽകുന്നതിൽ അപാകതയില്ല. അനാവശ്യമായ തൊങ്ങലുകളും തള്ളലുകളും ഒഴിവാക്കുന്നതു നല്ലതാണ്. വീടുപണി കഴിയുമ്പൾ വീടിന് തെക്കുപടിഞ്ഞാറ് ഉയർന്ന് വടക്കുകിഴക്ക് താഴ്ന്നിരിക്കുന്ന ആകാരമാണ് ഉചിതം. രണ്ടാംനില പണിയുമ്പോൾ തെക്കുപടിഞ്ഞാറേ മൂല ഒഴിവാക്കി ഗൃഹനിർമിതി അരുത്.

ഇളം നിറങ്ങൾ നല്ലത് പച്ച, നീല എന്നിവയുടെ ഇളം ഷെയ്ഡുകൾ ആണ് വീടിനുൾവശത്ത് അഭികാമ്യം. വീടിനു പുറത്ത് വെള്ളനിറത്തോളം അഭികാമ്യമായി മറ്റു നിറങ്ങളില്ല. ചുവരുകൾക്ക് കറുപ്പുനിറവും ചാരനിറവും കടുംമഞ്ഞയും കടുംചുവപ്പും ഒഴിവാക്കാം. വെള്ളയുടെ പല ഷെയ്ഡുകളാണ് ഫ്ളോറിങ്ങിന് കൂടുതലായും ഇപ്പോൾ ഉപയോഗിച്ചുവരുന്നത്. വീടിനെ പ്രകാശമാനമാക്കാൻ ഇതു നല്ലതാണ്. കടുത്ത നിറങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. തടികൊണ്ട് ഫോൾസ് സീലിങ് ചെയ്യുമ്പോൾ തടിയുടെ ഗുണമേന്മയ്ക്കും ഉത്ഭവത്തിനും വാസ്തുവിൽ ഏറെ പ്രാധാന്യമുണ്ട്.

ഓമനമൃഗങ്ങൾ വീടിനുപുറത്ത് അക്വേറിയം, വീട്ടിനുള്ളിലെ ചെടികൾ, പക്ഷികൾ, വാട്ടർ ഫൗണ്ടൻ പോലെയുള്ള ഒഴുകുന്ന ജലസാന്നിധ്യം എന്നിവ ഒഴിവാക്കാം. വീട് മനുഷ്യനു വസിക്കാനുള്ളതാണ്. മറ്റു ജീവജാലങ്ങൾക്ക് അതാതിൻറെ സ്ഥാനം വീടിനു പുറത്ത് നിർദേശിക്കുന്നുണ്ട്. വീട്ടിനുള്ളിലും പുറത്തും മുള്ളുള്ള ചെടികൾ നടുന്നതും ഉചിതമല്ല.

എല്ലാ സ്ഥാനവും അതിൻറെ പൂർണരൂപത്തിൽ ആവിഷ്കരിച്ചുകൊണ്ട് രൂപകല്പന നിർവഹിക്കാൻ ബുദ്ധിമുട്ടുണ്ട്. ഗൃഹനാഥൻ അധികപ്രാമുഖ്യം നൽകുന്ന ഘടകങ്ങൾക്കു പ്രാധാന്യം നൽകി മറ്റുള്ളവയ്ക്കു ദോഷങ്ങൾ ഒഴിവാക്കിയുള്ള ശൈലി സംയോജിപ്പിച്ച് രൂപകല്പന ചെയ്യുകയാണ് വാസ്തുവിദഗ്ധൻ ചെയ്യേണ്ടത്.

1:1:5 എന്ന അനുപാതം ഉള്ളിൽവരത്തക്ക വിധമുള്ള ദീർഘചതുരാകൃതിയിലുള്ള മുറികളാണ് ഏറ്റവും അഭികാമ്യം. സമചതുരവും ഉപയോഗിക്കാം. എന്നാൽ, ത്രികോണം, ഷഡ്കോൺ, വൃത്തം, ദീർഘവൃത്തം തുടങ്ങിയ മറ്റ് ആകൃതികൾ ഒഴിവാക്കണം.

**മനോജ് എസ്. നായർ (എംഐഇ) കൺസൾട്ടിങ് എൻജിനീയർ, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള.**

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer