ADVERTISEMENT

ചുണ്ണാമ്പുകല്ലുകൾ കൊണ്ടാണ് ഈജിപ്തിലെ പിരമിഡുകളിലേറെയും നിർമിച്ചിരിക്കുന്നത്. ഇതിനാവശ്യമായ കല്ല് ഈജിപ്തിന്റെ പരിസര പ്രദേശങ്ങളിലൊന്നും ലഭ്യമല്ല. മൈലുകൾക്കപ്പുറത്തു നിന്ന് നൈൽ നദിയിലൂടെ ചങ്ങാടങ്ങളിലായിരുന്നു കല്ലുകൾ കൊണ്ടുവന്നതെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുപോലൊരു അദ്ഭുതം ഗ്രീസിന്റെ തലസ്ഥാനമായ ഏതൻസിലുമുണ്ട്. അവിടെ ഒരു ‘പിരമിഡ്’ നിർമിച്ചിരിക്കുന്നത് മാർബിളും അഗ്നിപർവതശിലകളും കൊണ്ടാണ്. അതും കടലിനു നടുവിൽ.

സമീപത്തൊന്നും ഈ ശിലകളുള്ളതായി അറിവില്ല. കപ്പലിലും ചങ്ങാടങ്ങളിലും മറ്റുമായി മാർബിൾ ദ്വീപിലെത്തിച്ചതാണെന്നാണു കരുതുന്നത്. ഗ്രീക്ക് സംസ്കാരത്തെയും വെങ്കലയുഗത്തെയും പറ്റിയുള്ള നിർണായക വിവരങ്ങൾ ഒളിപ്പിച്ചു വച്ച ഈ പിരമിഡിൽ വർഷങ്ങളായി ഗവേഷകർ പര്യവേഷണത്തിലായിരുന്നു. അടുത്തിടെ പഠനം പൂർത്തിയാക്കി റിപ്പോർട്ടും പ്രസിദ്ധീകരിച്ചു. ഈജിയൻ കടലിലെ ധാസ്കലിയോ എന്നറിയപ്പെടുന്ന ഈ പിരമിഡിന് ഏകദേശം 4600 വർഷത്തെ പഴക്കമുണ്ട്. സത്യത്തിൽ ഇതൊരു കൃത്രിമദ്വീപാണ്. നിർമാണത്തിലെ പ്രത്യേകത കൊണ്ട് പിരമിഡ് എന്നു പേരു വീണതാണ്.

ആധുനിക മനുഷ്യർ പോലും അന്തംവിട്ടു പോകുന്ന തരം സംവിധാനങ്ങളായിരുന്നു ദ്വീപിൽ. മാർബിൾ പാകിയ വഴികളും വലിയ കമാനങ്ങളും മലിനജലം ഒഴുകിപ്പോകാനുള്ള ചാലുകളുമെല്ലാമായി ഒത്ത ഒരു നഗരത്തിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ടായിരുന്നു ദ്വീപിന്. ഗ്രീക്ക് സംസ്കാരത്തിലെ ഏറ്റവും ആധുനികവിഭാഗം താമസിച്ചിരുന്ന ദ്വീപാണ് ഏകദേശം 150 മീറ്റർ വീതിയുള്ള ധാസ്കലിയോ എന്നാണു ഗവേഷകർ പറയുന്നത്. ഇവിടെയുണ്ടായിരുന്നവരാകട്ടെ നിസ്സാരക്കാരുമായിരുന്നില്ല. ആയുധങ്ങൾ നിർമിച്ച് വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതായിരുന്നു ഇവരുടെ പ്രധാന ജോലി. അക്കാര്യത്തിൽ ഇവർ മിടുക്കന്മാരുമായിരുന്നു. അതിനു തെളിവായി ലോഹ ആയുധങ്ങളുടെ വൻ ശേഖരം തന്നെ ഗവേഷകർ ഇവിടെ നിന്നു കണ്ടെത്തി. 

കോടാലി, ഉളി, കുന്തമുന, കഠാര തുടങ്ങിയവ കൂടാതെ പൊട്ടിക്കിടന്നിരുന്ന കലങ്ങളിൽ ബാക്കി വന്ന ചെമ്പിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. കെട്ടിട നിർമാണത്തിനുപയോഗിക്കുന്ന ആയുധങ്ങളും ഇവിടെ നിർമിച്ചിരുന്നുവെന്നാണു സൂചന. ദ്വീപിലെ സൗകര്യങ്ങൾ കൂട്ടുന്നതിനു വേണ്ടി ആയിരക്കണക്കിനു ടൺ മാർബിളാണ് 10 കിലോമീറ്റർ അകലെയുള്ള നാക്സോ ദ്വീപിൽ നിന്നെത്തിച്ചത്. അതു സൂചിപ്പിക്കുന്നതാകട്ടെ, ലോഹനിർമാണത്തിൽ മാത്രമല്ല, ദ്വീപിലുള്ളവർ കടൽയാത്രയിലും മിടുക്കന്മാരായിരുന്നു എന്നും. ദ്വീപിലെ നിർമാണങ്ങൾ പരിശോധിക്കുകയാണെങ്കിൽ ആയിരക്കണക്കിനു തവണ നാക്സോയിലേക്കും തിരിച്ചും കപ്പലുകൾ യാത്ര ചെയ്തിരുന്നുവെന്നതു വ്യക്തമാണ്. അത്രയേറെ മാർബിളുകളും അഗ്നിപർവത ശിലകളുമാണ് ഉപയോഗിച്ചിരുന്നത്. ഉന്നത നിലവാരമുള്ള മാർബിളുകളായിരുന്നു ഇത്തരത്തിൽ എത്തിച്ചിരുന്നതും.

ഇന്നത്തെ ഗ്രീസിലെ സെഗ്ലഡിക് എന്ന ദ്വീപുസമൂഹത്തിൽപ്പെട്ട കെറോസ് എന്ന ദ്വീപിനു സമീപമായിരുന്നു ധാസ്കലിയോയുടെ സ്ഥാനം. ലോകത്ത് ആദ്യമായി കപ്പൽ ഗതാഗതം പച്ചപിടിച്ച കേന്ദ്രങ്ങളിലൊന്നും ധാസ്കലിയോ ആണെന്നാണു കരുതുന്നത്. മേഖലയുടെ പ്രധാന്യം അറിയാവുന്നതിനാൽത്തന്നെ ഗവേഷകർ കേംബ്രിജ് കെറോസ് പ്രോജക്ട് എന്നൊരു പദ്ധതി 2015 മുതൽ ഇവിടെ ആരംഭിച്ചിരുന്നു. അങ്ങനെയാണ് ആധുനിക മനുഷ്യരോളം പോന്ന പ്രവർത്തനമികവുമായി ഒരു നാഗരികത തന്നെ കണ്ടെത്തിയത്. ബിസി 3200 മുതൽ ബിസി 1050 വരെയായിരുന്നു ധാസ്കലിയോ നാഗരികതയുടെ കാലഘട്ടമെന്നും ഗവേഷകർ പറയുന്നു. ഭക്ഷ്യവസ്തുക്കള്‍ ഈ ദ്വീപിൽ ഉൽപാദിപ്പിച്ചിരുന്നില്ല. മറ്റു ദ്വീപുകളില്‍ കൃഷി ചെയ്ത് അവിടെ നിന്ന് ധാസ്കലിയോയിൽ എത്തിക്കുകയായിരുന്നുവെന്നാണു നിഗമനം. ഇതെല്ലാം സൂചിപ്പിക്കുന്നതാകട്ടെ, ചിതറിക്കിടക്കുന്ന ദ്വീപുകളിൽ ധാസ്കലിയോയ്ക്കു നിർണായക സ്വാധീനമുണ്ടായിരുന്നെന്നും.

സമീപദ്വീപുകളിലേക്ക് ആയുധങ്ങളും മറ്റു പണിയായുധങ്ങളും നിർമിച്ചു നൽകുകയെന്ന നിർണായക ജോലിയായിരിക്കണം ധാസ്കലിയോയിലുള്ളവർ നിർവഹിച്ചു പോന്നിരുന്നത്. അതിനു പലഹാരമായി ദ്വീപിലേക്കാവശ്യമായ വസ്തുക്കൾ മറ്റിടങ്ങളിൽ നിന്നു കൃത്യമായി എത്തിക്കുകയും ചെയ്തു. പഴയ ഏതൻസ് ഉൾപ്പെടുന്ന അറ്റിക്ക എന്ന പ്രദേശവുമായി ധാസ്കലിയോക്കാർക്കു ബന്ധമുണ്ടായിരുന്നെന്നും തെളിവുകൾ ലഭിച്ചിട്ടുണ്ട്. വെങ്കലയുഗത്തിലെ ഗ്രീക്ക് നാഗരികത സംബന്ധിച്ച് നിർണായക കണ്ടെത്തലുകൾ നടത്തിയ സന്തോഷത്തിലാണ് ഗവേഷകർ. അപ്പോഴും ഈ ‘പിരമിഡ് ദ്വീപിൽ’ നിർമിച്ച ആയുധങ്ങൾ പൂർണമായും എവിടേക്കാണു കയറ്റി അയച്ചിരുന്നത് എന്നതിന്റെ തെളിവുകൾ കൂടി കണ്ടെത്താനുണ്ട്.

 English Summary : Ancient Greek marble pyramid found on Aegean Island

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com