Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെങ്കയ്യ നായിഡു എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി; ജയമുറപ്പിച്ചു

Venkaiah Naidu

ന്യൂഡൽഹി∙ കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. രാജ്യസഭാംഗമായ വെങ്കയ്യ, നിലവിൽ നഗരവികസനമന്ത്രിയാണ്. ‘ധാരാളം അനുഭവസമ്പത്തുള്ള നേതാവാണ് വെങ്കയ്യ. തീരുമാനം എൻഡിഎ സഖ്യകക്ഷികൾ സ്വാഗതം ചെയ്തു’ വെങ്കയ്യയുടെ പേര് ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചുകൊണ്ട് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞു.

മുൻ ഗവർണർ ഗോപാൽകൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി. വെങ്കയ്യ നായിഡുവിന്റെ പേര് കൂടാതെ സി. വിദ്യാസാഗർ റാവുവിനെയാണ് തൽസ്ഥാനത്തേക്ക് എൻഡിഎ പരിഗണിച്ചത്.

ഒാഗസ്റ്റ് അഞ്ചിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. ജൂലൈ 18ആണ് നോമിനേഷൻ നൽകാനുള്ള അവസാന ദിവസം. എംപിമാർക്ക് മാത്രമാണ് ഉപരാഷ്ട്രപതി തിര‍ഞ്ഞെടുപ്പിൽ വോട്ടുരേഖപ്പെടുത്താൻ അവകാശം. ലോക്സഭയിൽനിന്നും രാജ്യസഭയിൽ നിന്നുമായി 787 എംപിമാരാണ് വോട്ടുചെയ്യുക.

Venkaiah-Naidu-Amit-Shah

എൻഡിഎയുടെ കണക്കുകൂട്ടലിൽ 527 വോട്ട് നേടി വെങ്കയ്യ ജയിക്കുമെന്നാണ്. ബിജെപിക്കും സഖ്യകക്ഷികൾക്കുമായി 426 വോട്ട് ലഭിക്കും. അണ്ണാഡിഎംകെ, ബിജെഡി, ടിആർഎസ്, വൈകെപി, പിഎംകെ, എഐഎൻആർ കോൺഗ്രസ് തുടങ്ങിയ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി 101 വോട്ടും ലഭിക്കുമെന്നും കണക്കുകൂട്ടുന്നു. നിലവിലെ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെ കാലാവധി ഒാഗസ്റ്റ് 10ന് അവസാനിക്കും.

Read: രാഷ്ട്രപതി തിരഞ്ഞെടുപ്പ് സമഗ്ര ചിത്രം

മൂന്ന് മാനദണ്ഡങ്ങളാണ് ഉപരാഷ്ട്രപതി സ്ഥാനാർഥിക്കായി ബിജെപി നിശ്ചയിച്ചിരുന്നത്.

1) ബിജെപിയുടെയും ആർഎസ്എസിന്റെയും ആശയങ്ങളുമായി യോജിച്ചുപോകണം.
2) രാജ്യസഭ സുഗമമായി മുന്നോട്ടു കൊണ്ടുപോകാനുള്ള കഴിവ് വേണം (സർക്കാരിന് രാജ്യസഭയിൽ ഭൂരിപക്ഷം കുറവാണ്).
3) ബിജെപി ഉൾപ്പെടെ വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണ നേടിയെടുക്കാൻ കഴിയണം.

ഈ മൂന്ന് മാനദണ്ഡങ്ങളിലും മികവ് പുലർത്താനായതാണ് വെങ്കയ്യ നായിഡുവിന് അവസരം ഒരുക്കിയത് എന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.