Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡി സിനിമാസ്: കോഴ വാങ്ങിയെന്ന് ആരോപണം; വിജിലൻസ് അന്വേഷണത്തിന് ശുപാർശ

dcinemas

തൃശൂർ ∙ ചാലക്കുടിയിൽ നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്ററിന് പ്രവര്‍ത്തന അനുമതി നല്‍കിയതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് നഗരസഭാ കൗണ്‍സില്‍ ശുപാര്‍ശ. 2014ല്‍ യുഡിഎഫ് ഭരണകാലത്താണ് അനുമതി നല്‍കിയത്. ഇരുപതു ലക്ഷം രൂപ കോഴ വാങ്ങിയിട്ടുണ്ടെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു. ഈ ആരോപണങ്ങള്‍ മുഖവിലയ്ക്കെടുത്താണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. നിലവില്‍ നഗരസഭ ഭരിക്കുന്നത് ഇടതുമുന്നണിയാണ്.

ഡി സിനിമാസ് നിർമിച്ച ഭൂമിയിൽ കയ്യേറ്റം നടന്നതായി ബോധ്യപ്പെട്ടാൽ എത്ര ഉന്നതരായാലും ഭൂമി തിരിച്ചുപിടിക്കുമെന്നു മന്ത്രി വി.എസ്. സുനിൽകുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തിയറ്റർ സർക്കാർഭൂമി കയ്യേറി പണിതതാണെന്ന ആരോപണത്തിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നു കലക്ടർ ഡോ. എ. കൗശിഗൻ പറഞ്ഞു. 1956 മുതലുള്ള രേഖകൾ പരിശോധിച്ചുവരികയാണ്. രാജഭൂമിയായിരുന്ന സ്ഥലം പിന്നീടു സർക്കാർഭൂമിയായി നിജപ്പെടുത്തിയതാണ്. ഇതിൽ ദേശീയപാതയ്ക്കു കുറച്ചു ഭൂമി വിട്ടുകൊടുത്തു. ഇവിടെ പിന്നീടു ചില പോക്കുവരവു നടന്നതായും കലക്ടർ സൂചിപ്പിച്ചു. മുൻ കലക്ടർ എം.എസ്. ജയയുടെ കാലത്താണ് പരാതി ഉയർന്നതെന്നും കലക്ടർ പറഞ്ഞു.

സംസ്ഥാന രൂപീകരണത്തിനു മുൻപ് തിരു–കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിർമിക്കാൻ കൈമാറിയ ഒരേക്കർ സ്ഥലം 2005ൽ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണു ആരോപണം. ഈ ഭൂമിയിൽ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉൾപ്പെടുന്നതായുള്ള റവന്യു റിപ്പോർട്ട് മുക്കിയെന്നും ആക്ഷേപമുയർന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.