Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിരട്ടൽ വിലപ്പോവില്ല, ആ മനോഭാവം ഭൂഷണമല്ല: പി.സി. ജോർജിനോട് വനിതാ കമ്മിഷൻ

pc-george-mc-josephine1

തിരുവനന്തപുരം ∙ പി.സി. ജോർജ് എംഎൽഎയുടെ വിരട്ടൽ വനിത കമ്മിഷനോട് വേണ്ടെന്ന് അധ്യക്ഷ എം.സി. ജോസഫൈൻ. ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമർശം നടത്തിയതിന് സ്വമേധയാ കേസെടുത്തതിനെ പരിഹസിച്ചതിനുള്ള മറുപടിയായാണ് പ്രതികരണം. 

പി.സി. ജോർജിന്റെ പരാമർശം പദവി മറന്നുള്ളതാണ്. നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വനിത കമ്മിഷൻ പ്രവർത്തിക്കുന്നത്. ഒട്ടേറെ പ്രമുഖർ കമ്മിഷന് മുന്നിൽ ഹാജരായി മൊഴി നൽകിയിട്ടുണ്ട്. ജനപ്രതിനിധിയായ പി.സി.ജോർജും നിയമം പാലിക്കാൻ ബാധ്യസ്ഥനാണ്. വിരട്ടൽ വിലപ്പോവില്ല. ആ മനോഭാവം ആർക്കും ഭൂഷണമല്ല. ജനപ്രതിനിധികൾ നിയമസംവിധാനങ്ങളോടും സത്യപ്രതിജ്ഞയോടും കൂറു പുലർത്തേണ്ടവരാണ്. സ്വമേധയാ കേസെടുക്കാനും പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാനും വനിതാ കമ്മിഷന് അധികാരം നൽകുന്ന നിയമം നിയമസഭ പാസാക്കിയതാണ്. 

ആരെയും ശിക്ഷിക്കുകയോ തൂക്കിക്കൊല്ലാൻ വിധിക്കുകയോ ചെയ്യുന്ന സ്ഥാപനമല്ല വനിതാ കമ്മിഷൻ. സ്ത്രീകൾക്കെതിരെ ആരുടെ ഭാഗത്തുന്ന് നീതി നിഷേധം ഉണ്ടായാലും ഇടപെടും. ഒരു പരിഗണനയും ആർക്കുമില്ല. പ്രോസിക്യൂഷൻ നടപടികൾക്ക് കമ്മിഷന് നൽകിയിട്ടുള്ള അധികാരം ഏട്ടിൽ ഉറങ്ങാനുള്ളതല്ലെന്ന് ബോധ്യപ്പെടുന്ന കാലമാണ് വരുന്നതെന്നും ജോസഫൈൻ പറഞ്ഞു. ആരോപണങ്ങളോടല്ല, സംഭവങ്ങളോടാണ് കമ്മിഷൻ നിലപാട് സ്വീകരിക്കുന്നത്. പി.സി. ജോർജിന്റെ സൗകര്യം കൂടി പരിഗണിച്ചു തന്നെ അദ്ദേഹത്തിന്റെ വിശദീകരണം കേൾക്കുമെന്നും ചെയർപേഴ്സൺ പറഞ്ഞു.

കമ്മിഷൻ വിളിച്ചാലും സൗകര്യമുണ്ടങ്കിൽ മൊഴി നൽകുമെന്നായിരുന്നു പി.സി. ജോർജ് പറഞ്ഞത്. തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മിഷന് സാധിക്കില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.