ADVERTISEMENT

ചെങ്ങന്നൂർ ∙ ചാരായം വാറ്റ് നടന്ന സ്ഥലത്ത് ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ കൊലപാതക കേസിന്റെ വിചാരണ തുടരുന്നതിനിടെ പ്രതികളെ അനുബന്ധ കേസിൽ കോടതി ശിക്ഷിച്ചു. ചാരായം വാറ്റി വിൽപന നടത്തിയെന്ന കേസിലാണ് ഇപ്പോൾ വിധി വന്നത്. പ്രതികൾക്ക് ഒരു വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. താമരക്കുളം വേടരപ്ലാവ് വിളയിൽ വീട്ടിൽ രതീഷ്‌കുമാർ (സുനിൽ 25), താമരക്കുളം കണ്ണനാംകുഴി ലക്ഷ്മിഭവനിൽ ശ്രീരാജ് (21), വള്ളികുന്നം കടുവിനാൽ മലവിള വടക്കേതിൽ സജു (25) എന്നിവർക്കാണ് ചെങ്ങന്നൂർ അസിസ്റ്റന്റ് സെഷൻസ് ജഡ്ജി പി. സുധീർ ശിക്ഷ വിധിച്ചത്. 

2018 ഓഗസ്റ്റ് 2നാണ് കേസിനാസ്പദമായ സംഭവം. പാലമേൽ എരുമക്കുഴി ഉളവുക്കാട് രമേശ് ഭവനം വീട്ടിൽ സുനിൽ കുടുംബമായി താമസിച്ചിരുന്നു. സുനിലും സുഹൃത്തുക്കളായ ശ്രീരാജ്, ഷാൻ എന്നിവരും ഈ വീട്ടിൽ എത്തിയ വള്ളികുന്നം സ്വദേശി രഞ്ജിത്തും തമ്മിൽ വാക്കുതർക്കവും അടിപിടിയും ഉണ്ടാകുകയും രഞ്ജിത്ത് കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തെ തുടർന്ന് നൂറനാട് പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ ഷാൻ ഓടിരക്ഷപ്പെട്ടു. സുനിൽ, ശ്രീരാജ്, സജു എന്നിവരെ പൊലീസ് തടഞ്ഞുവച്ച് വീടു പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കന്നാസിൽ 10.75 ലീറ്റർ ചാരായവും മറ്റു വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തത്. രതീഷ്കുമാർ, ശ്രീരാജ്, സജു എന്നിവരെ സംഭവസ്ഥലത്തു പൊലീസ് അറസ്റ്റ് ചെയ്തു. 

വീട്ടിൽ ബോധരഹിതനായി കിടന്ന രഞ്ജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഷാനെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളുടെ പേരിൽ കൊലപാതകത്തിനും അനധികൃതമായി വാറ്റ് ചാരായം നിർമിച്ചതിനും രണ്ട് കേസുകൾ എടുത്തിരുന്നു. നൂറനാട് എസ്ഐ ആയിരുന്ന വി. ബിജുവാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ റെഞ്ചി ചെറിയാൻ ഹാജരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com