ADVERTISEMENT

മാവേലിയില്ലാതെ ഓണമില്ലാത്തതുപോലെയാണ് ഓണാട്ടുകരയ്ക്കു മാവേലിക്കര. കരകൾക്കു പേരു കേട്ട മാവേലിക്കര മുന്നണി നോക്കാതെ പലരെ കരകയറ്റുകയും കരയിക്കുകയും ചെയ്യാറുണ്ട്. പഴയ പന്തളം മണ്ഡലത്തിലെ ചില ഭാഗങ്ങൾ ചേർത്തും ചിലയിടങ്ങൾ വെട്ടിമാറ്റിയുമാണ് പുതിയ മണ്ഡലം.

പഴയ മാവേലിക്കരയിലെ ചെന്നിത്തല പഞ്ചായത്ത് ചെങ്ങന്നൂരിലേക്കും ഭരണിക്കാവ്, ചെട്ടികുളങ്ങര പഞ്ചായത്തുകൾ കായംകുളം മണ്ഡലത്തിലേക്കും ചേർത്തു. ഇടതു ശക്തികേന്ദ്രങ്ങളായ ചുനക്കര, പാലമേൽ, നൂറനാട്, താമരക്കുളം പഞ്ചായത്തുകൾ പന്തളം മണ്ഡലത്തിൽ നിന്നു മാവേലിക്കരയിലേക്കു മാറ്റി. സംവരണ മണ്ഡലവുമായി.

ദ്വയാംഗ മണ്ഡലം

1957 ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ ദ്വയാംഗ മണ്ഡലമായിരുന്നു മാവേലിക്കര. സിപിഐയുടെ പി.കെ.കുഞ്ഞച്ചനും കെ.സി.ജോർജുമാണ് അന്നത്തെ വിജയികൾ. 1960ലും ദ്വയാംഗ മണ്ഡലം. സിപിഐയുടെ തന്നെ ഇറവങ്കര ഗോപാലക്കുറുപ്പിനൊപ്പം പി.കെ.കുഞ്ഞച്ചൻ വീണ്ടും.

1965ൽ എല്ലാ കക്ഷികളും ഒറ്റയ്ക്കൊറ്റയ്ക്കു മത്സരിച്ചപ്പോൾ കോൺഗ്രസിന് ജയം. നിയമസഭ കൂടാഞ്ഞതിനാൽ കോൺഗ്രസിന്റെ കെ.കെ.ചെല്ലപ്പൻപിള്ളയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാനായില്ല. തുടർന്നുള്ള തിരഞ്ഞെടുപ്പിൽ സപ്തമുന്നണി സ്ഥാനാർഥിയായി മത്സരിച്ച എസ്എസ്പി സ്ഥാനാർഥി ജി.ഗോപിനാഥപിള്ള വിജയിച്ചു.

70ൽ പിഎസ്പി സ്ഥാനാർഥിയായി ഗോപിനാഥപിള്ള  വിജയം ആവർത്തിച്ചു. 77ൽ സിപിഎമ്മിന്റെ എസ്.ഗോവിന്ദക്കുറുപ്പിനെ 8,793 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി സ്വതന്ത്രൻ എൻ.ഭാസ്കരൻനായർ എംഎൽഎയായി. 

80 മുതൽ 3 എംഎൽഎമാർ

1980 മുതൽ ആകെ 3 പേർ മാത്രമാണ് മാവേലിക്കരയുടെ എംഎൽഎയായത്. സിപിഎമ്മിന്റെ  എസ്.ഗോവിന്ദക്കുറുപ്പ് ആണ് തുടർവിജയങ്ങൾക്കു തുടക്കമിട്ടത്. 1980, 82, 87 തിരഞ്ഞെടുപ്പുകളിൽ ഗോവിന്ദക്കുറുപ്പ് ഹാട്രിക് വിജയം നേടി. ഗോവിന്ദക്കുറുപ്പിന് അടിയിടറിയത് കോൺഗ്രസിലെ എം.മുരളിയുടെ മുന്നിലാണ്. 1991ലെ തിരഞ്ഞെടുപ്പിൽ ഗോവിന്ദക്കുറുപ്പിനെ പരാജയപ്പെടുത്തി മുരളി നിയമസഭയിലേക്കെത്തി.

പിന്നെ 20 വർഷം, 4 തിരഞ്ഞെടുപ്പുകൾ– മുരളിയുടെ കാലം. സംവരണ മണ്ഡലമായതോടെ മുരളി മാറി. തുടർന്ന് ജെഎസ്എസിലെ കെ.കെ.ഷാജുവിനെ പരാജയപ്പെടുത്തി സിപിഎമ്മിന്റെ ആർ.രാജേഷ് മണ്ഡലം പിടിച്ചെടുത്തു, 2016 ൽ നിലനിർത്തുകയും ചെയ്തു. 5 തവണ സിപിഎമ്മിനെയും 4 തവണ കോൺഗ്രസിനെയും 2 തവണ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയെയും വിജയിപ്പിച്ച മാവേലിക്കര മണ്ഡലം 2 തവണ സോഷ്യലിസ്റ്റ് പാർട്ടിയെയും വിജയിപ്പിച്ചു. 

തദ്ദേശ ഭരണം

എൽഡിഎഫ്
നൂറനാട്, പാലമേൽ, തഴക്കര, വള്ളികുന്നം, മാവേലിക്കര തെക്കേക്കര, ചുനക്കര

യുഡിഎഫ്
മാവേലിക്കര നഗരസഭ, മാവേലിക്കര താമരക്കുളം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com