ADVERTISEMENT

ആലപ്പുഴ ∙ ജില്ലയിൽ കോവിഡ് ബാധിതർക്കായി ആകെയുള്ളത് 43 വെന്റിലേറ്ററുകൾ മാത്രം. അതിൽ 42 വെന്റിലേറ്ററും ആലപ്പുഴ മെഡിക്കൽ കോളജിൽ. ശേഷിക്കുന്ന ഒന്ന് ചെങ്ങന്നൂർ സഞ്ജീവനി ആശുപത്രിയിലും. കോവിഡ് ജാഗ്രത പോർട്ടലിലെ ഹോസ്പിറ്റൽ ഡാഷ്ബോർഡ് പരിശോധിച്ച ശേഷം വെന്റിലേറ്റർ സൗകര്യമുള്ള ആശുപത്രിയിലേക്ക് ഓടിയാലും കാര്യമ‍ില്ല; ഒരു വെന്റിലേറ്റർ പോലും ഒഴിവുണ്ടാകുമെന്നുറപ്പില്ല. മലയാള മനോരമ ഇന്നലെ നടത്തിയ റിയാലിറ്റി പരിശോധനയിൽ കണ്ടത് ഇങ്ങനെ...

ഇന്നലെ ഉച്ചയ്ക്ക് 1:00

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ 42 വെന്റിലേറ്ററുകളിൽ 23 എണ്ണം ഒഴിവുണ്ടെന്നു കോവിഡ് ജാഗ്രത പോർട്ടലിലെ ഡാഷ്ബോർഡിൽ വ്യക്തം. സഞ്ജീവനി ആശുപത്രിയിലെ വെന്റിലേറ്റർ ഒഴിവില്ല. അതുപ്രകാരം, രോഗിയെ പ്രവേശിപ്പിക്കാൻ സൗകര്യമുണ്ടോ എന്നറിയാൻ മെഡിക്കൽ കോളജിലേക്കു വിളിച്ച് അന്വേഷിച്ചു. 16 വെന്റിലേറ്റർ മാത്രമേ ബാക്കിയുള്ളൂ എന്നു മറുപടി.

വൈകിട്ട് 4:30

കോവിഡ് 19 ജാഗ്രത പോർട്ടലിലെ ഡാഷ്ബോർഡിൽ മെഡിക്കൽ കോളജിലെ വെന്റിലേറ്ററുകളുടെ എണ്ണം 26 ആയി ഉയർന്നു. സഞ്ജീവനി ആശുപത്രിയിലെ വെന്റിലേറ്ററും ഒഴിവുണ്ട്. ആദ്യം മെഡിക്കൽ കോളജിലേക്കു വിളിച്ചു– ‘ഒരു വെന്റിലേറ്റർ പോലും ഒഴിവില്ല, എല്ലാ വെന്റിലേറ്ററിലും രോഗികൾ ഉണ്ട്’ എന്നു മറുപടി. ചെങ്ങന്നൂർ സഞ്ജീവനി ആശുപത്രിയിലേക്കു വിളിച്ചപ്പോഴും മറുപടി ഇതുതന്നെ–വെന്റിലേറ്റർ ഒഴിവില്ല, രോഗിയെ പ്രവേശിപ്പിച്ചിരിക്കുകയാണ്!

ജില്ലയിലെ വെന്റിലേറ്റർ, ഓക്സിജൻ സൗകര്യം ഇങ്ങനെ

∙ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ട്രോമോകെയർ ഐസിയു യൂണിറ്റിന്റെ ഭാഗമായി 3 പോർട്ടബിൾ വെന്റിലേറ്ററുകളുണ്ട്. ഇതിലൊന്ന് ആംബുലൻസിലും മറ്റൊന്ന് അത്യാഹിത വിഭാഗത്തിലും ക്രമീകരിച്ചിട്ടുണ്ട്. മുൻ എംഎൽഎ ആർ.രാജേഷിന്റെ ഫണ്ടിൽ നിന്ന് ഐസിയുവിലേക്ക് അനുവദിച്ച 4 സ്ഥിരം വെന്റിലേറ്ററുകൾ ഉണ്ട്.
∙ കായംകുളം താലൂക്ക് ആശുപത്രിയിൽ നിലവിൽ 2 വെന്റിലേറ്ററുകൾ പ്രവർത്തിക്കുന്നു. പുരുഷൻമാർക്കും സ്ത്രീകൾക്കും 20 കിടക്കകൾ വീതമുള്ള 2 വാർഡുകൾ സജ്ജമായി വരുന്നു. ഈ വാർഡുകളിൽ എല്ലാ കിടക്കകളിലും രോഗികൾക്ക് ഓക്സിജൻ നൽകാൻ കഴിയും വിധം കേന്ദ്രീകൃത സംവിധാനമണ് ഒരുക്കുന്നത്. ഫസ്റ്റ് ലൈൻ സെന്ററിൽനിന്നും താലൂക്ക് ആശുപത്രിയിൽ നിന്നും രോഗികളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള ആംബുലൻസ് ചെലവ് നഗരസഭയാണ് വഹിക്കുന്നത്. എന്നാൽ, രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് ആംബുലൻസിന്റെ ചെലവ് അവരവർ വഹിക്കണം.

∙ ജനറൽ ആശുപത്രിയിലെ കോവിഡ് ആശുപത്രിയിൽ 62 കിടക്കകളിലും ഓക്സിജൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവിടെ 6 വെന്റിലേറ്റർ ഉണ്ടെങ്കിലും അത് ഉപയോഗിച്ചുതുടങ്ങിയിട്ടില്ല. തീവ്ര ലക്ഷണങ്ങൾ മാറി മെഡിക്കൽ കോളജിൽ നിന്നു അയയ്ക്കുന്നവരാണ് ഇവിടെ കഴിയുന്നവരിൽ കൂടുതൽ. വെന്റിലേറ്റർ ഉപയോഗിക്കാൻ വിദഗ്ധ ഡോക്ടർമാരുടെ അഭാവവും ഉണ്ട്. അത്യാഹിത വിഭാഗം ബീച്ചിലെ വനിത–ശിശു ആശുപത്രിയിലേക്കു മാറ്റിയ ശേഷമാണ് കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങിയത്. വനിത–ശിശു ആശുപത്രിയിലെ സെക്കൻഡ് ലൈൻ സംവിധാനത്തിൽ 200 കിടക്കകളിലും കോവിഡ് ബാധിതരുണ്ട്. ഇവിടെ വെന്റിലേറ്റർ സൗകര്യമില്ല. ആവശ്യമുള്ളവരെ മെഡിക്കൽ കോളജിലേക്കു റഫർ ചെയ്യും. 57 കിടക്കകൾക്ക് ഓക്സിജൻ സംവിധാനം ഉണ്ട്.

∙ ചേർത്തല താലൂക്ക് ആശുപത്രിയിൽ 2 വെന്റിലേറ്ററാണ് ഉള്ളത്. ഒരെണ്ണം പോർട്ടബിൾ. ആശുപത്രിയിലെ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട് ഉപയോഗിക്കാൻ നൽകിയതാണിത്. ശസ്ത്രക്രിയകൾ കുറവായതിനാൽ വലിയ ഉപയോഗമില്ല. കോവിഡ് ബാധിതർക്ക് ഉപയോഗിക്കാൻ സന്നദ്ധവുമാണ്.
∙ തുറവൂർ താലൂക്ക് ആശുപത്രിയിൽ ഷാനിമോൾ ഉസ്മാൻ എംഎൽഎ ആയിരിക്കുമ്പോൾ അനുവദിച്ച ഒരു വെന്റിലേറ്റർ സൗകര്യമുണ്ട്. തിരഞ്ഞെടുപ്പിനു മുൻപാണ് വെന്റിലേറ്റർ അനുവദിച്ചത്. പ്രവർത്തനം തുടങ്ങിയിട്ടില്ല.
∙ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ 5 വെന്റിലേറ്ററും 3 പോർട്ടബിൾ വെന്റിലേറ്ററുകളും ഉണ്ട്.

കോവിഡ് ജാഗ്രത പോർട്ടലിലെ കണക്ക്

കോവിഡ് ചികിത്സയ്ക്കു ജില്ലയിൽ സിഎഫ്എൽടിസി ഉൾപ്പെടെ താൽക്കാലിക കേന്ദ്രങ്ങളിലും ആശുപത്രികളിലുമായി 3794 കിടക്കകളാണുള്ളത്. വെന്റിലേറ്റർ സൗകര്യമുള്ളവയുൾപ്പെടെ 64 ഐസിയു കിടക്കകളുണ്ട്. ഇതിൽ 60 എണ്ണം മെഡിക്കൽ കോളജ് ആശുപത്രിയിലും 3 എണ്ണം സഞ്ജീവനി ആശുപത്രിയിലും ഒരെണ്ണം ആലപ്പുഴ സഹൃദയ ആശുപത്രിയിലുമാണ്. ഐസിയു അല്ലാതെ ഓക്സിജൻ സൗകര്യമുള്ള 477 കിടക്കകൾ തയാറാക്കിയിട്ടുണ്ട്. രാവിലെ ലഭിക്കുന്ന വിവരങ്ങളാണ് പോർട്ടലിലെ ഡാഷ്ബോർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിശദീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com