ADVERTISEMENT

ബെംഗളൂരു∙ ഇന്ധനവില കുതിച്ചുയർന്നതോടെ ഓട്ടോക്കാർ കൊള്ള നിരക്ക് ഈടാക്കുന്നതായുള്ള പരാതി വ്യാപകം. മീറ്റർ ചാർജിന്റെ ഇരട്ടിയിലധികം നൽകാമെന്നേറ്റാലേ ഓട്ടത്തിന് ഡ്രൈവർമാർ തയാറാകുന്നുള്ളൂവെന്ന് യാത്രക്കാർ പറയുന്നു. മിനിമം നിരക്ക് 25 രൂപയാണെങ്കിലും 40 രൂപ വരെയാണ് ചോദിക്കുന്നത്. മീറ്ററിട്ട് ഓടിയാലും ട്രിപ് അവസാനിക്കുമ്പോൾ മീറ്ററിൽ കാണിച്ചതിനേക്കാൾ 20 രൂപ മുതൽ 50 രൂപ വരെ അധികമാണ് ആവശ്യപ്പെടുന്നത്. നഗരത്തിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളിൽ 85 ശതമാനവും എൽപിജിയാണ് ഇന്ധനമായി ഉപയോഗിക്കുന്നത്.

ഒരു ലീറ്റർ എൽപിജിക്ക് ഒരു മാസത്തിനിടെ 49 രൂപ വരെയായി നിരക്ക് ഉയർന്നു. കൂടാതെ ഇതിന്റെ കൂടെ ഓയിൽ നിറയ്ക്കുന്നതിന് 15 രൂപ അധികം വേണമെന്നാണ് ഓട്ടോ ഡ്രൈവർമാർ പറയുന്നത്. നഗരത്തിൽ പെട്രോൾ വില കഴിഞ്ഞ ദിവസം 94 രൂപയിലെത്തിയിരുന്നു. ബിഎംടിസിയും ബസ് നിരക്ക് ഉയർത്തുന്നതോടെ വരും ദിവസങ്ങളിൽ സാധാരണക്കാരുടെ യാത്രാച്ചെലവ് ഇരട്ടിക്കുമെന്നുറപ്പാണ്. 20 ശതമാനം നിരക്ക് വർധനയാണ് ബിഎംടിസി ആവശ്യപ്പെട്ടിരിക്കുന്നത്.

നിരക്ക് ഉയർത്താതെ വഴിയില്ല

കോവിഡിനെ തുടർന്ന് ഓട്ടം നിലച്ചതോടെ പ്രതിസന്ധിയിലായ തൊഴിലാളികൾക്ക് ഇരട്ടി ആഘാതമാണ് അനുദിനം കുതിച്ചുയരുന്ന ഇന്ധനവിലയെന്ന് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി എൻ.ശ്രീനിവാസ പറഞ്ഞു. എൽപിജി ഇന്ധനമായി  നഗരത്തിൽ 2 ലക്ഷം ഓട്ടോറിക്ഷകളാണ് ഓടുന്നത്. 2013ലാണ് അവസാനമായി നിരക്ക് ഉയർത്തിയത്. എൽപിജി വില ലീറ്ററിന് 30 രൂപയുണ്ടായിരുന്നപ്പോൾ ഏർപ്പെടുത്തിയ നിരക്കാണ് ഇപ്പോഴും തുടരുന്നത്. മിനിമം നിരക്ക് 36 രൂപയാക്കി ഉയർത്തണമെന്ന് തൊഴിലാളി യൂണിയനുകൾ മുഖ്യമന്ത്രിക്ക് കഴിഞ്ഞ ആഴ്ച നിവേദനം നൽകിയിരുന്നെങ്കിലും തീരുമാനം വൈകുകയാണ്. നിലവിൽ ആദ്യത്തെ 1.9 കിലോമീറ്റർ ദൂരത്തിന് 25 രൂപയാണ് കുറഞ്ഞനിരക്ക്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 13 രൂപ വീതവും. ഈ നിരക്കിൽ സർവീസ് നടത്തുക പ്രായോഗികമല്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com