ADVERTISEMENT

കൊച്ചി∙ കോവിഡ് പരിശോധനയ്‌ക്കുള്ള ആർടിപിസിആർ ടെസ്റ്റിന്റെ നിരക്ക് 1500 രൂപയാക്കി കുറച്ചതിനെതിരെ കോടതിയെ സമീപിച്ച ഏതാനും ലാബ് അധികൃതരുടെ നിവേദനം പരിഗണിച്ച് 3 ആഴ്ചയ്ക്കുള്ളിൽ സർക്കാർ തീരുമാനമെടുക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. അതുവരെ ഒക്ടോബർ 21ലെ ഉത്തരവ് അനുസരിച്ചുള്ള 2100 രൂപ ഫീസ് ഹർജിക്കാർക്ക് ഇൗടാക്കാമെന്നു കോടതി വ്യക്തമാക്കി.

കോഴിക്കോട്ടെ ആർ- സെൽ ഡയഗ്‌നോസ്റ്റിക് ആൻഡ് റിസർച് സെന്റർ, ആസ ഡയഗ്‌നോസ്റ്റിക് സെന്റർ, അശ്വിനി ഡയഗ്‌നോസ്റ്റിക് സർവീസ്, സരോജ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറി, കൊച്ചി മെഡിവിഷൻ സ്കാൻ ആൻഡ് ഡയഗ്‌നോസ്റ്റിക് റിസർച് സെന്റർ, തൃശൂരിലെ ജീവ സ്പെഷ്യൽറ്റി ലബോറട്ടറി, പാലക്കാട് ഡെയിൻ ഡയഗ്‌നോസ്റ്റിക് എന്നിവരുടെ ഹർജിയിലാണു ജസ്റ്റിസ് ജസ്റ്റിസ് പി. വി. ആശയുടെ ഉത്തരവ്. മുൻപു നിരക്കു കുറച്ചതു ലാബ് അധികൃതരുടെ യോഗം വിളിച്ച ശേഷമാണെന്നും, ഹർജിക്കാർക്കു പറയാനുള്ളതു കേൾക്കണമെന്നും കോടതി നിർദേശിച്ചു. ഹർജിക്കാർക്ക് ഓൺലൈനിലൂടെ വാദത്തിന് അവസരം നൽകണം.

ആദ്യം 4,500 രൂപയാണ് ആർടിപിസിആർ ടെസ്റ്റിനു നിശ്ചയിച്ചിരുന്നത്. പിന്നീടത് 2,750 രൂപയും 2100 രൂപയുമാക്കി. അക്രഡിറ്റേഷൻ ചെലവ്, ടെസ്റ്റ് കിറ്റുകളുടെ നിലവാരം, ഉപകരണങ്ങൾ, ലേബർ ചാർജ് ഇവയെല്ലാം കണക്കിലെടുത്താണു നിരക്കു നിശ്ചയിച്ചതെന്നും വീണ്ടും 1500 രൂപയാക്കി കുറച്ചതു പരിശോധനയുടെ ചെലവിനു പോലും തികയില്ലെന്നും ഹർജിക്കാർ വാദിച്ചു.

എന്നാൽ, കിറ്റിനും റീ–ഏജന്റിനും വേണ്ടിവരുന്ന ചെലവും ഇതര സംസ്ഥാനങ്ങളിലെ നിരക്കും മാനിച്ചാണു ഫീസ് കുറച്ചതെന്നു സംസ്ഥാന സർക്കാർ അറിയിച്ചു. മുൻപ് ഇറക്കുമതി ചെയ്യേണ്ടിയിരുന്ന ടെസ്റ്റ് കിറ്റ് ഇപ്പോൾ സംസ്ഥാനത്ത് ലഭ്യമാണ്. പൊതുജനങ്ങളെ ബാധിക്കുന്ന കാര്യമാണ്. സർക്കാർ ആശുപത്രികളിൽ പരിശോധന സൗജന്യമാണെങ്കിലും കൂടുതൽ പേർ ഇപ്പോൾ സ്വകാര്യ ലാബുകളെ ആശ്രയിക്കുന്നുണ്ട്. മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി മാർക്കറ്റ് അനാലിസിസ് നടത്തിയ ശേഷം പടിപടിയായാണു നിരക്കു കുറച്ചതെന്നും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com