ADVERTISEMENT

കൊച്ചി ∙ കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള വാക്സീൻ ദൗത്യത്തിന് ഇന്നു തുടക്കം. ജില്ലയിലെ 12 വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഇന്നു രാവിലെ 10 മുതൽ ആരോഗ്യ പ്രവർത്തകർക്കു കോവിഡ് വാക്സീൻ കുത്തിവയ്പ് ആരംഭിക്കും. ദേശീയ, സംസ്ഥാനതല ഉദ്ഘാടനങ്ങൾക്കായി  എറണാകുളം ജനറൽ ആശുപത്രിയിൽ ടു– വേ കമ്യൂണിക്കേഷൻ കേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. വാക്സിനേഷനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയതായി കലക്ടർ എസ്. സുഹാസ് അറിയിച്ചു.

അടുത്ത ദിവസം മുതൽ കൂടുതൽ കേന്ദ്രങ്ങളിലേക്കു വാക്സിനേഷൻ വ്യാപിപ്പിക്കും. 125 സ്വകാര്യ ആശുപത്രികളും 129 സർക്കാർ ആശുപത്രികളും ഉൾപ്പെടെ വാക്സിനേഷൻ കേന്ദ്രങ്ങൾ ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും വാക്സീൻ എത്തിച്ചു. മോക്ഡ്രില്ലും പൂർത്തിയാക്കി. റജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകർക്കു മാത്രമാണ് ഇപ്പോൾ വാക്സീൻ നൽകുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം ആരോഗ്യ പ്രവർത്തകർ റജിസ്റ്റർ ചെയ്തിട്ടുള്ളതു ജില്ലയിലാണ്– 63,000 പേർ. ഇവർക്കെല്ലാം ആദ്യ ഘട്ടത്തിൽ വാക്സീൻ നൽകാനാവും. കോവിഡ് വാക്സീൻ കേരളത്തിൽ; അറിയേണ്ടതെല്ലാം >>

73,000 ഡോസ് കോവിഡ് വാക്സീനാണു ജില്ലയ്ക്കു ലഭിച്ചിട്ടുള്ളത്. ബൂത്തിൽ വാക്സിനേഷൻ ഓഫിസർ, വാക്സീൻ സ്വീകരിക്കുന്ന വ്യക്തി, ആരോഗ്യ പ്രവർത്തകൻ എന്നിവർ മാത്രമേ ഉണ്ടാകുകയുള്ളൂ. ആയുർവേദ, ഹോമിയോപ്പതി ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, തീരദേശ– ആദിവാസി മേഖലകൾ, സർക്കാർ– സ്വകാര്യ മെഡിക്കൽ കോളജുകൾ, നഗര പ്രാഥമികാരോഗ്യ കേന്ദ്രം തുടങ്ങിയവ ഇന്നു  വാക്സീൻ നൽകുന്ന കേന്ദ്രങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. സുരക്ഷയ്ക്കായി പൊലീസ് വാക്സിനേഷൻ കേന്ദ്രങ്ങളിലുണ്ടാവും.

കടവന്ത്ര കേന്ദ്രത്തിൽ പിപിപി മോഡൽ

കടവന്ത്രയിലെ നഗര പ്രാഥമിക കേന്ദ്രത്തിൽ പൊതു– സ്വകാര്യ പങ്കാളിത്ത മാതൃകയിലാണു വാക്സിനേഷൻ കേന്ദ്രം. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ സഹകരണത്തോടെയാണ് ഇവിടെ വാക്സിനേഷൻ കേന്ദ്രം പ്രവർത്തിക്കുക. ഇവിടെ സർക്കാർ മേഖലയിലെ ആരോഗ്യ പ്രവർത്തകർക്കു വാക്സീൻ നൽകുന്നത് അമൃത ആശുപത്രിയിലെ ഡോക്ടർമാരാണ്. രാജ്യത്തു തന്നെ ഇത്തരമൊരു സമീപനം ആദ്യമായാണെന്ന് അധികൃതർ പറഞ്ഞു. അമൃത ഒരു വാക്സിനേഷൻ കേന്ദ്രമാണെങ്കിലും സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സഹകരണമെന്നു അമൃത ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ പറഞ്ഞു. മെഡിക്കൽ സംഘം, വാക്സിനേഷൻ ടീം, ആംബുലൻസ്, മറ്റ് അനുബന്ധ സൗകര്യങ്ങൾ, ബോധവൽക്കരണ പോസ്റ്ററുകൾ തുടങ്ങിയവ ഇവിടെ അമൃത ആശുപത്രി സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com