ADVERTISEMENT

ജില്ലയുടെ സ്വന്തം ‘ഹൈറേഞ്ചിൽ’ ഇക്കുറി ഹൈ വോൾട്ടേജ് പോരാട്ടം പ്രതീക്ഷിച്ചിരുപ്പാണു ജനം. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പൊതുവേ വലത്തേക്കൊരു ചായ്‌വുണ്ടായിരുന്നു കോതമംഗലത്തിന്. കോൺഗ്രസ് – കേരള കോൺഗ്രസ് രാഷ്ട്രീയത്തിനു വേരുറപ്പുള്ള കർഷക മണ്ണിൽ ഇടതു വിജയം വിളഞ്ഞതു 3 വട്ടം മാത്രം. 1967ലും 2006ലും 2016ലും. പക്ഷേ, അഞ്ചാണ്ടു മുൻപ് ആന്റണി ജോൺ എന്ന യുവ സിപിഎം നേതാവു സൃഷ്ടിച്ച വമ്പൻ അട്ടിമറിയുടെ പ്രകമ്പനങ്ങൾ മറികടന്നു കോതമംഗലം തിരിച്ചു പിടിക്കാൻ കഴിയുമോ യുഡിഎഫിന്? കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനാകും യുഡിഎഫ് സീറ്റു നൽകുകയെന്ന് ഏറെക്കുറെ ഉറപ്പാണ്. ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് കൂടിയായ ഷിബു തെക്കുംപുറം സ്ഥാനാർഥിയാകാനാണു കൂടുതൽ സാധ്യത. മുതിർന്ന നേതാവ് ഫ്രാൻസിസ് ജോർജ് ഉൾപ്പെടെയുള്ളവരുടെ പേരുകളും ചർച്ചകളിലുണ്ട്. അന്തിമ തീരുമാനം പി.ജെ.ജോസഫിന്റേതാകും. സിപിഎമ്മിനായി ആന്റണി തന്നെ കളത്തിലിറങ്ങും.

ജേക്കബിനും പൗലോസിനും ഹാട്രിക്

1965ൽ രൂപീകരിക്കപ്പെട്ട മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ തലയെടുപ്പോടെ ഹാട്രിക് വിജയങ്ങൾ നേടിയതു രണ്ടു യുഡിഎഫ് നേതാക്കളാണ്; ടി.എം.ജേക്കബും വി.ജെ.പൗലോസും. 1980, 82, 87 വർഷങ്ങളിലായിരുന്നു കേരള കോൺഗ്രസിനായി ജേക്കബ് തുടർ ജയങ്ങൾ നേടിയത്. കോൺഗ്രസ് നേതാവായ പൗലോസ് ജയം നേടിയത് 1991, 96, 2001 വർഷങ്ങളിൽ. ഇരു നേതാക്കളും ജന്മം കൊണ്ടു കോതമംഗലത്തുകാരല്ലായിരുന്നെങ്കിലും മണ്ഡലത്തിനു പ്രിയപ്പെട്ടവരായെന്നു ചരിത്രം. ഇരുവരും പിറവം മണ്ഡലത്തിൽ നിന്നെത്തിയാണു കോതമംഗലത്തിന്റെ ഹൃദയത്തിൽ ഇടം നേടിയത്. ജേക്കബ് ഹാട്രിക് വിജയത്തിനു ശേഷം 91ൽ പിറവത്താണു ജനവിധി തേടിയത്. പൗലോസ് 4–ാം ജയത്തിനായി 2006ൽ കോതമംഗലത്തു തന്നെ പോരിനിറങ്ങിയെങ്കിലും കേരള കോൺഗ്രസ് (ജോസഫ്) വൈസ് ചെയർമാനായിരുന്ന ടി.യു.കുരുവിളയോടു പരാജയപ്പെട്ടു. അന്നു ജോസഫ് വിഭാഗം ഇടതു മുന്നണിയിലായിരുന്നു. ജോസഫ് – മാണി വിഭാഗങ്ങൾ ലയിച്ചതോടെ കുരുവിള 2011ൽ യുഡിഎഫ് സ്ഥാനാർഥിയായി വിജയം ആവർത്തിച്ചു. 2016ൽ പക്ഷേ, വെറ്ററൻ നേതാവിനു കാലിടറിയതു സിപിഎമ്മിന്റെ യുവ സ്ഥാനാർഥി ആന്റണി ജോണിനോട്. ടി.എം.ജേക്കബും കുരുവിളയും മന്ത്രി പദവിയുടെ ഗ്ലാമറും കോതമംഗലത്തിനു സമ്മാനിച്ച നേതാക്കൾ.

അട്ടിമറിയുടെ ഇടതു ശ്രമങ്ങൾ

കോതമംഗലത്തെ ഇടത്തേക്കു വലിക്കാൻ ഇടതുപക്ഷം നടത്തിയ കഠിന ശ്രമങ്ങൾ അപൂർവമായി മാത്രമേ വിജയിച്ചിട്ടുള്ളുവെന്നതു ചരിത്രം. മണ്ഡലത്തിൽ വേരുകളുള്ള, സമൂഹത്തിൽ ആദരിക്കപ്പെടുന്ന വ്യക്തികളായിട്ടും പ്രഫ.ടി.എം.പൈലിക്കും പ്രഫ. ബേബി എം.വർഗീസിനും വിജയിക്കാൻ കഴിയാതെ പോയത് ഇടതുപക്ഷത്തെയും അമ്പരിപ്പിച്ചിരുന്നു. 1987ൽ ടി.എം.ജേക്കബിനോടും 91ൽ വിജെ.പൗലോസിനോടുമാണു പ്രഫ. പൈലി പരാജയപ്പെട്ടത്. 2001ൽ വി.ജെ.പൗലോസിനോടായിരുന്നു പ്രഫ. ബേബി എം. വർഗീസിന്റെ തോൽവി. 1967ൽ ടി.എം.മീതിയനിലൂടെയാണു കോതമംഗലത്ത് ഇടതുപക്ഷം ആദ്യ ജയം നേടിയത്. പിന്നീടൊരു ജയത്തിനു 2006 വരെ കാക്കേണ്ടിവന്നു; വിജയമെത്തിയതു ടി.യു.കുരുവിളയിലൂടെ. 2016ൽ, അതേ കുരുവിള യുഡിഎഫ് സ്ഥാനാർഥിയായപ്പോൾ എൽഡിഎഫ് അട്ടിമറി വിജയം നേടിയതു മറ്റൊരു ചരിത്രം. മണ്ഡലത്തിൽ രണ്ടു മുന്നണിക്കായും വിജയം നേടിയ നേതാവെന്ന വിശേഷണം കുരുവിളയ്ക്കു സ്വന്തം.

 ഇക്കുറി എങ്ങോട്ടാകും മല‘ഞ്ചെരിവ്’

വനമേഖലയോടു ചേർന്ന മണ്ഡലം, പെരിയാറിന്റെ, ഭൂതത്താൻകെട്ടിന്റെ വന്യ ഭംഗി, തട്ടേക്കാടിന്റെ കിളിക്കൊഞ്ചൽ, കേരളത്തിൽ ആദ്യമായി റബർ കൃഷി ചെയ്ത പാലമറ്റം ഉൾപ്പെടുന്ന മണ്ണ്, ന്യൂനപക്ഷ സമുദായങ്ങൾക്കു സ്വാധീനമുള്ള മണ്ഡലം.    കോതമംഗലം സവിശേഷതകളുടെ നാടാണ്. രണ്ടേ രണ്ടു സിപിഎം സ്ഥാനാർഥികളേ കോതമംഗലത്തു ജയിച്ചിട്ടുള്ളൂ; ടി.എം.മീതിയനും (1967) ആന്റണി ജോണും (2016). ജയം തുടരാൻ സിപിഎമ്മും കൈവിട്ടു പോയതു തിരിച്ചെടുക്കാൻ യുഡിഎഫും. സാന്നിധ്യം ശക്തമാക്കാൻ എൻഡിഎ കൂടി ചേരുമ്പോൾ ഇളകി മറിയുമോ, ഹൈറേഞ്ചിന്റെ കവാടം?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com