ADVERTISEMENT

കാലടി∙ മധുരമില്ലാത്ത കടുപ്പമേറിയ അനുഭവങ്ങളാണ് സൈക്കിളിൽ ചായവിൽപ്പന നടത്തുന്ന തമിഴ്നാട് സ്വദേശികളായ മുരുകനും മരുമകൻ രമേശനും ലോക്ഡൗൺ സമ്മാനിച്ചത്. മുരുകൻ കാലടിയിലും രമേശൻ അങ്കമാലിയിലുമാണു ചായവിൽക്കുന്നത്. കൂടുതലും കച്ചവട സ്ഥാപനങ്ങളിലാണു ചായ വിറ്റിരുന്നത്. ലോക്ഡൗണിൽ സ്ഥാപനങ്ങളെല്ലാം അടച്ചതോടെ ഇവരുടെ ഏക വരുമാനമാർഗം ഇല്ലാതായി. തമിഴ്നാട്ടിലെ തൂത്തുക്കുടി സ്വദേശികളായ ഇവർ കാലടിക്കടുത്തു മരോട്ടിച്ചോട്ടിൽ ‍വാടക വീട്ടിലാണു താമസം.

മുരുകന്റെ ഭാര്യയും 2 പെൺമക്കളും കൂടെയുണ്ടായിരുന്നെങ്കിലും കോവിഡ് വ്യാപനം വർധിച്ചപ്പോൾ അവരെ നാട്ടിലേക്ക് അയച്ചു. മകൻ നാട്ടിൽ പത്താം ക്ലാസിൽ പഠിക്കുകയാണ്. 20 വർഷമായി കാലടിയിൽ ചായ വിൽക്കുന്ന മുരുകൻ മുൻപ് പല ഹോട്ടലുകളിൽ ജോലി ചെയ്തിരുന്നു. മുരുകനെയും രമേശനെയും പോലെ ചായ വിറ്റ് ഉപജീവനം നടത്തുന്ന പലരും നിത്യവൃത്തിക്കു വകയില്ലാതെ വലയുകയാണ്. നഗരങ്ങളിൽ ഈ ജോലി ചെയ്ത് ഉപജീവനം നടത്തുന്ന ഒട്ടേറെ ആളുകളുണ്ട്. കച്ചവട സ്ഥാപനങ്ങളിലും ഓട്ടോ, ‍ടാക്സി സ്റ്റാൻഡുകളിലുമാണ് പ്രധാനമായി ചായ വിൽപ്പന.

ചിലർ ഇതോടൊപ്പം ചെറുകടിയും നൽകും. ലോക്ഡൗൺ ഇളവുകൾ വന്നിട്ടും വിൽപ്പന പഴയതു പോലെയായിട്ടില്ല. പല സ്ഥലത്തും നിലനിൽക്കുന്ന കണ്ടെയ്ൻമെന്റ് സോൺ, ഭാഗിക ലോക്ഡൗൺ എന്നിവയും സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കുറവുമാണു പ്രശ്നം. ഇതിനു പുറമേ, ചായ വാങ്ങിക്കുടിക്കാൻ പലരും മടിക്കുകയും ചെയ്യുന്നു. ലോക്ഡൗൺ ആരംഭിച്ചപ്പോൾ ഇതര സംസ്ഥാനക്കാരായ ചായ വിൽപ്പനക്കാരിൽ കുറച്ചു പേർ നാട്ടിലേക്കു മടങ്ങി. തിരിച്ചു വരാനുള്ള ബുദ്ധിമുട്ടും പോയാൽ കച്ചവടം നഷ്ടപ്പെടുമോ എന്ന ആശങ്കയും കാരണമാണ് പലരും ഇപ്പോഴും ഇവിടെ തങ്ങുന്നത്. എന്നാൽ, വീട്ടു വാടക കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് നിലവിൽ ഇവർക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com