ADVERTISEMENT

ആലുവ∙ ഫോണിൽ വിളിച്ചു കടമെടുത്ത ലോട്ടറി ടിക്കറ്റിന് 6 കോടി രൂപ ഒന്നാം സമ്മാനം അടിച്ചിട്ടും വാക്കു പറഞ്ഞയാൾക്കു തന്നെ കൈമാറിയ സ്മിജ കെ. മോഹൻ, ടിക്കറ്റ് ഉടമ പാരിതോഷികമായി നൽകിയ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകി. ആലുവ സബ് ട്രഷറിയിലാണു തുക അടച്ചത്. കീഴ്മാട് ചക്കംകുളങ്ങര പാലച്ചുവട്ടിൽ ചന്ദ്രനാണു സ്മിജയുടെ സത്യസന്ധത മൂലം അപ്രതീക്ഷിതമായി കോടിപതിയായത്. നികുതി കിഴിച്ചു 3 കോടി 78 ലക്ഷം രൂപ അദ്ദേഹത്തിനു കിട്ടി.

അതിൽ നിന്നാണ് ഒരു ലക്ഷം രൂപ സ്മിജയ്ക്കു നൽകിയത്. രോഗദാരിദ്ര്യ പീഡകളിൽ ഉഴലുന്ന കുടുംബമാണു സ്മിജയുടേത്. മൂത്ത മകൻ ജഗൻ (12) തലച്ചോറിൽ അണുബാധയെ തുടർന്നു ചികിത്സയിലാണ്. കാൻസർ ബാധിതനായിരുന്ന ഇളയ മകൻ ലുഘൈത് (3) സുഖപ്പെട്ടു. സ്മിജ ടിക്കറ്റ് വാങ്ങുന്ന പിറവത്തെ ഫോർച്യൂൺ മൊത്തവിതരണ ഏജൻസി അവർക്കു കമ്മിഷനായി ലഭിച്ച 59 ലക്ഷം രൂപയിൽ നിന്ന് 51 ലക്ഷം രൂപ സ്മിജയ്ക്കു നൽകിയിരുന്നു.

ഇതിൽ നിന്ന് 25,000 രൂപ മുടക്കി ചുണങ്ങംവേലി രാജഗിരി ആശുപത്രിക്കു സമീപം വഴിയോരത്തെ പഴയ ലോട്ടറിത്തട്ട് നവീകരിച്ചു മേച്ചിലുള്ള ഷെഡ് ആക്കി. ബാക്കി ബാങ്കിൽ നിക്ഷേപിച്ചു. മാർച്ച് 23നു കേരള ഭാഗ്യക്കുറിയുടെ സമ്മർ ബംപർ നറുക്കെടുപ്പിലാണു സ്മിജ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചത്. കണക്കിൽ ബിരുദവും കംപ്യൂട്ടർ സയൻസിൽ ഡിപ്ലോമയുമുള്ള സ്മിജ ഭർത്താവ് പട്ടിമറ്റം നികത്തിത്തറ രാജേശ്വരന് ഒപ്പമാണു ലോട്ടറി കച്ചവടം നടത്തുന്നത്.

English Summary: Smija transferred money to CM fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com