ADVERTISEMENT

പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളായി മാടസാമിയും ധർമത്തായിയും

മൂന്നാർ (ഇടുക്കി) ∙ പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളാണു മാടസാമിയും ധർമത്തായിയും. കയറിക്കിടക്കാൻ ഇടമില്ലാതെ മൂന്നാർ ശിക്ഷക് സദനിൽ 4 മാസമായി കഴിയുന്ന ഇവരെ തിരിഞ്ഞുനോക്കാൻ ആരുമില്ലാത്തതിനാൽ പല ദിവസങ്ങളിലും മുഴുപ്പട്ടിണിയിലാണ്. റവന്യു വകുപ്പും പൊലീസും ഇവരെ കയ്യൊഴിഞ്ഞു. പട്ടികവർഗ വികസന വകുപ്പ് അധികൃതരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആരോപണം.

പെട്ടിമുടിയിൽ തേയിലത്തോട്ടം തൊഴിലാളിയായിരുന്നു മാടസാമി. 5 വർഷം മുൻപു മാനസികാസ്വാസ്ഥ്യം ബാധിച്ചതോടെ തൊഴിൽ നഷ്ടപ്പെട്ടു. പെട്ടിമുടിയിലും മൂന്നാറിലും അലഞ്ഞുനടന്ന ഇയാളെ ഉപേക്ഷിച്ചു ഭാര്യയും മക്കളും തമിഴ്നാട്ടിലേക്കു പോയി. മാനസികനില മെച്ചപ്പെട്ടതോടെ പെട്ടിമുടിയിൽ നിന്ന് ഇടമലക്കുടിയിലേക്കു ചുമട് എടുക്കുന്ന ജോലി ചെയ്തായിരുന്നു ജീവിതം. ഇടമലക്കുടി പെരുങ്കടവ് ഉൗരിലെ താമസക്കാരിയായിരുന്ന ധർമത്തായി (35) മാനസികാസ്വാസ്ഥ്യം മൂലം വീടുവിട്ടിറങ്ങിയതായിരുന്നു. ഇതിനിടെ ചുമടുമായി പോകുന്ന മാടസാമിയെ കണ്ടുമുട്ടി. തുടർന്ന് ഇരുവരും ഒരുമിച്ചു കഴിയാൻ തുടങ്ങി. ഉൗരുഭാഷയാണു ധർമത്തായി സംസാരിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 6നു രാത്രി പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ 70 പേരാണു മണ്ണിനടിയിലായത്. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ 66 മൃതദേഹങ്ങൾ കണ്ടെടുത്തു. ദുരന്തത്തെത്തുടർന്നു പെട്ടിമുടിയിൽ നിന്നു മുഴുവൻ കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു. കണ്ണൻ ദേവൻ കമ്പനി അവർക്കു താൽക്കാലിക താമസസൗകര്യം ഒരുക്കുകയും ചെയ്തു. എന്നാൽ കമ്പനിത്തൊഴിലാളി അല്ലാതിരുന്നതിനാൽ മാടസാമിക്കു വീടു കിട്ടിയില്ല.ബദൽ സംവിധാനം ഒരുക്കാമെന്നു പറഞ്ഞ് ഓഗസ്റ്റ് 15നു രണ്ടു പൊലീസുകാർ ഇവരെ പെട്ടിമുടിയിൽ നിന്നു മൂന്നാർ ശിക്ഷക് സദനിൽ എത്തിക്കുകയായിരുന്നു. അധ്യാപകർക്കായി ക്യാംപ് സംഘടിപ്പിക്കാറുള്ള ഇവിടെ തൽക്കാലത്തേക്കു താമസിക്കാനുള്ള സൗകര്യമേ ഉള്ളൂ. ഭക്ഷണം ഇല്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com