ADVERTISEMENT

കട്ടപ്പന∙ നഗരസഭാ മേഖലയിലും സമീപ പഞ്ചായത്തുകളിലും കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പരിശോധനയും ബോധവൽക്കരണവും നിയമ നടപടികളും കർശനമാക്കി നഗരസഭാ ആരോഗ്യ വിഭാഗം.  നഗരത്തിലെ സ്കൂളുകളിൽ മിന്നൽ പരിശോധന നടത്തി കോവിഡ് മാർഗ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി. വിദ്യാർഥികൾക്കും അധ്യാപകർക്കും മാർഗർദേശങ്ങളും നൽകി.

ഷിഫ്റ്റ് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വിദ്യാർഥികൾ ക്ലാസിനു ശേഷം സ്‌കൂൾ വളപ്പിനു പുറത്തും പൊതു സ്ഥലങ്ങളിലും സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് കർശന നിർദേശങ്ങൾ നൽകി. നഗരത്തിൽ വീണ്ടും പ്രവർത്തനം ആരംഭിച്ച തിയറ്ററുകളിലും ആരോഗ്യ വിഭാഗം പരിശോധന നടത്തി. ഓരോ ഷോയ്ക്ക് ശേഷവും തിയറ്ററുകളും സീറ്റുകളും അണുവിമുക്തമാക്കാൻ നിർദേശം നൽകി. പരിശോധനാ സമയത്ത് സാമൂഹിക അകലം പാലിക്കാത്തവർക്കു താക്കീത് നൽകുകയും മുഖാവരണം ധരിക്കാത്തവരിൽ നിന്നു പിഴ ഈടാക്കുകയും ചെയ്തു. 

നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ആറ്റ്‌ലി പി.ജോൺ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജുവാൻ ഡി.മേരി, വിനേഷ് ജേക്കബ്, നഗരസഭാ ജീവനക്കാരായ ബിജുമോൻ മാത്യു, വിപിൻ തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും നടപടികൾ തുടരാനാണ് അധികൃതരുടെ തീരുമാനം.

ചുമട്ടുതൊഴിലാളികളിൽ കോവിഡ് വ്യാപിക്കുന്നു

നെടുങ്കണ്ടം ടൗണിലെ ചുമട്ടുതൊഴിലാളികളിൽ കോവിഡ് വ്യാപിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടി പട്ടം കോളനി മെഡിക്കൽ ഓഫിസർ ജില്ലാ മെഡിക്കൽ ഓഫിസർക്കു കത്തു നൽകി. നെടുങ്കണ്ടം ടൗണിലെ 6 ചുമട്ടുതൊഴിലാളികൾ കോവിഡ് സ്ഥിരീകരിച്ചു ചികിത്സയിലാണ്. പടിഞ്ഞാറേക്കവലയിലെയും സെൻട്രൽ ജംക്‌ഷനിലെയും ഇരുപതോളം തൊഴിലാളികൾ നിരീക്ഷണത്തിലാണ്.

രോഗബാധ തടയുന്നതിനായി ക്വാറന്റീൻ ചട്ടങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിക്കണമെന്നും ലഘു സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർക്കും പ്രദേശവാസികൾക്കും ഉടൻ ആന്റിജൻ ടെസ്റ്റ് നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com