ADVERTISEMENT

പീരുമേട് ∙ അപേക്ഷയിൽ പറയുന്ന സ്ഥലം കാണാനെത്തുമ്പോൾ വാഹനക്കൂലി, വഴിച്ചെലവ്, ഭൂമി അളന്നു തിട്ടപ്പെടുത്താൻ എത്തുന്ന സംഘത്തിനു സ്ഥലത്തിന്റെ അളവനുസരിച്ചു കൈമടക്ക്, പട്ടയത്തിനു അർഹതപ്പെട്ടവരുടെ പട്ടികയിൽ പേരു ഉൾപ്പെടുത്തുന്നതിനു പ്രത്യേകം കാണിക്ക, ഒടുവിൽ പട്ടയത്തിൽ ഒപ്പു വയ്ക്കുന്നതിനു മുൻപ് പ്രധാന ഉദ്യോഗസ്ഥരുടെ എണ്ണത്തിന് അനുസരിച്ച് തുക...പീരുമേട് ഭൂപതിവ് തഹസിൽദാർ കൈക്കൂലി കേസിൽ അറസ്റ്റിലായി പടിയിറങ്ങുമ്പോൾ കഴി‍ഞ്ഞ ഏതാനും നാളുകളായി ഈ ഓഫിസിൽ നടന്നുവന്ന ഇടപാടുകളെ സംബന്ധിച്ച അന്വേഷണത്തിൽ തെളിയുന്നത് ഇതാണ്.

വിലയ്ക്കനുസരിച്ച് കൈക്കൂലി

‘സെന്റിനു ഒരു ലക്ഷം വച്ചു കിട്ടുമല്ലോ ചേച്ചി പിന്നെ ഞങ്ങൾക്ക് 50,000 രൂപ തന്നാൽ എന്താ’. പട്ടയത്തിനു കൈക്കൂലി ആവശ്യപ്പെട്ട തഹസിൽദാർക്കെതിരെ പരാതിയുമായി വിജിലൻസിനെ സമീപിച്ച വീട്ടമ്മയോടു തഹസിൽദാരുടെ ചോദ്യം ഇതായിരുന്നു. ഇതു തന്നെയാണ് ഭൂമി പതിവ് ഓഫിസിൽ കാലങ്ങളായി നടന്നു വന്നിരുന്നതും.

പട്ടയത്തിനു അപേക്ഷ നൽകുന്നവർ എന്തിനും ഏതിനും പണം നൽകേണ്ട അവസ്ഥ. അപേക്ഷയിൽ പറയുന്ന സ്ഥലം കാണാനെത്തുമ്പോൾ തന്നെ നാട്ടിലെ ഭൂമിയുടെ വില മനസ്സിലാക്കിയെടുക്കും. പിന്നെ ഈ വിലയുടെ അടിസ്ഥാനത്തിലാണു വിലപേശൽ. വാഗമൺ, സത്രം, പാഞ്ചാലിമേട്, കുട്ടിക്കാനം, കുമളി, എന്നിങ്ങനെ വിനോദസ‍ഞ്ചാര കേന്ദ്രങ്ങളിൽ പട്ടയം നൽകാനാണ് ഉദ്യോഗസ്ഥർക്കു കൂടുതൽ താൽപര്യം. 

 ഇടനിലക്കാർ സജീവം

എൽഎ ഓഫിസിൽ പട്ടയം തേടി എത്തുന്നവരോടു കണക്കു പറഞ്ഞു കാശു വാങ്ങാനും ഇവ കൈമാറാനും ഇടനിലക്കാർ സജീവം. ഓഫിസിന്റെ സമീപത്തെ എംപ്ലോയ്മെന്റ് ഓഫിസ്,വ്യവസായ വകുപ്പ് ഓഫിസ് എന്നിവയുടെ ഇടനാഴികളിലാണ് വിലപേശലും ഇടപാടുകളും നടക്കുന്നത്. മുന്തിയ കാറുകളിൽ എത്തുന്നവർ മുതൽ സാധാരണക്കാർ വരെ ഇടനാഴിയിൽ വച്ചു തടിച്ച കവറുകൾ കൈമാറുന്നത് പതിവ് കാഴ്ചയായിരുന്നുവെന്നു മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാർ തന്നെ പറയുന്നു.

50 സെന്റിനു പട്ടയം ലഭിക്കുന്നതിനു 30,000 രൂപ ഇടനിലക്കാരനു നൽകേണ്ടി വന്നുവെന്നാണ് ഉപ്പുതറ സ്വദേശിയായ യുവാവിന്റെ വെളിപ്പെടുത്തൽ. ഇതു കൂടാതെ പട്ടയമേളയുടെ പന്തൽ, യാത്ര ചെലവ്, ഭക്ഷണം എന്നീ കാര്യങ്ങൾക്കു വേണ്ടി വലിയ തുക ചെലവാകുമെന്നു പറഞ്ഞു പിന്നെയും ഒരു വിഹിതം ചോദിച്ചു വാങ്ങി. വീണ്ടും 2000 രൂപ കൂടി താൻ നൽകിയെന്നു യുവാവ് പറഞ്ഞു. 

മുൻപും ആരോപണ വിധേയൻ

കൈക്കൂലി കേസിൽ അറസ്റ്റിലായ തഹസിൽദാർ ജൂസ് റാവുത്തർക്കെതിരെ മുൻപും ആരോപണങ്ങൾ ഉയർന്നിരുന്നു. പീരുമേട് വില്ലേജ് ഓഫിസർ, എൽഎ ഓഫിസിലെ ഡപ്യൂട്ടി തഹസിൽദാർ എന്നീ പദവികളിൽ ജോലി ചെയ്യുമ്പോൾ പണം നൽകാത്തവരുടെ ആവശ്യങ്ങൾ,അപേക്ഷകൾ എന്നിവ ബോധപൂർവം വൈകിപ്പിക്കുക,

വൻ തുകകൾ കൈക്കൂലിയായി ആവശ്യപ്പെടുക എന്നിങ്ങനെയായിരുന്നു പരാതികൾ. രാഷ്ട്രീയ ബന്ധങ്ങളും, ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയും ഉപയോഗിച്ചു നടപടികളിൽ നിന്ന് അന്ന് രക്ഷപ്പെടുകയായിരുന്നു. തഹസിൽദാരായി സ്ഥാനക്കയറ്റം ലഭിച്ചതിനു പിന്നാലെ ഇടുക്കിയിൽ തിരികെയെത്തിയ ജൂസ് റാവുത്തർ വകുപ്പു ഭരിക്കുന്ന നേതാവിനെ സ്വാധീനിച്ചും തന്റെ രോഗവും ആരോഗ്യാവസ്ഥയും വിവരിച്ചുമാണ് പീരുമേട്ടിൽ എൽഎ തഹസിൽദാർ കസേര സംഘടിപ്പിച്ചത്.

തഹസിൽദാരുടെ വീട്ടിലും പരിശോധന

കൈക്കൂലി കേസിൽ തഹസിൽദാർ ജൂസ് റാവുത്തർ പീരുമേട്ടിൽ പിടിയിലായതിനു പിന്നാലെ അദേഹത്തിന്റെ മണിമല പാലപ്രയിലെ വീട്ടിലും വിജിലൻസ് പരിശോധന നടത്തി. വിജിലൻസിന്റെ മറ്റൊരു സംഘമാണ് ഇവിടെ പരിശോധന നടത്തിയത്. ചില രേഖകൾ, ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ എന്നിവ ഇവിടെ നിന്നു കണ്ടെത്തി.

റിമാൻഡിൽ

ജൂസ് റാവുത്തറെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി . കോടതി ഇയാളെ റിമാൻഡ് ചെയ്തു കറുകുറ്റി കോവിഡ് സെന്ററിലേക്ക് അയച്ചു. ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com