ADVERTISEMENT

തൊടുപുഴ ∙ ജില്ലയിൽ കഴിഞ്ഞ 5 വർഷത്തിനിടെ തടഞ്ഞത് 60 ശൈശവ വിവാഹങ്ങൾ. ഈ കാലയളവിൽ ജില്ലയിൽ 12 ശൈശവ വിവാഹങ്ങൾ നടന്നതായാണു ഔദ്യോഗിക കണക്കുകൾ. തമിഴ് വംശജർ കൂടുതലുള്ള തോട്ടം മേഖലകളിലാണു ശൈശവ വിവാഹങ്ങൾ കൂടുതലായും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അധികൃതർക്കു വിവരം ലഭിച്ചുവെന്ന്  അറിഞ്ഞ് വധൂവരൻമാരെ തമിഴ്നാട്ടിൽ കൊണ്ടുപോയി വിവാഹം നടത്തിയ സംഭവങ്ങളും  ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിൽ നിന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടുദിവസം മുൻപ് നെടുങ്കണ്ടം മേഖലയിൽ നടക്കാനിരുന്ന ശൈശവ വിവാഹം, ശൈശവ വിവാഹ നിരോധന ഓഫിസറും  പൊലീസും ഇടപെട്ട് തടഞ്ഞിരുന്നു.

പങ്കെടുത്തവരും കുടുങ്ങും

വിവാഹം നടന്നാൽ വരൻ, വരന്റെയും വധുവിന്റെയും മാതാപിതാക്കൾ, വിവാഹം നടത്താൻ മുൻകൈ എടുത്ത വ്യക്തികൾ, വിവാഹം നടത്തിക്കൊടുത്ത മതപുരോഹിതർ, വിവാഹത്തിൽ പങ്കെടുത്ത വ്യക്തികൾ എന്നിവർക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം  കേസെടുക്കും. ശൈശവ വിവാഹം നടക്കാൻ പോകുന്നുവെന്ന് വിവരം ലഭിച്ചാൽ ജില്ലാ വനിതാ ശിശു വികസന ഓഫിസ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്,  ഐസിഡിഎസ് പ്രൊജക്ട് ഓഫിസുകൾ  എന്നിവിടങ്ങളിൽ അറിയിക്കാമെന്നു ജില്ലാ ശിശുസംരക്ഷണ ഓഫിസർ എം.ജി. ഗീത പറഞ്ഞു.   

വിവരം നൽകിയാൽ പാരിതോഷികം

ശൈശവ വിവാഹം തടയുന്നതിന്റെ ഭാഗമായി പൊതുജന പങ്കാളിത്തം കൊണ്ടുവരുന്നതിനു വിവരം നൽകുന്ന വ്യക്തിക്ക് 2,500 രൂപ നിരക്കിൽ പാരിതോഷികം നൽകുന്ന പദ്ധതിക്കു സർക്കാർ  അംഗീകാരം നൽകിയിട്ടുണ്ട്. വിവരം നൽകുന്നവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തില്ല. വ്യക്തമായ വിവരങ്ങൾ സഹിതം ശൈശവ വിവാഹം മുൻകൂട്ടി അറിയിക്കുകയും വിവരം സത്യമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ വ്യക്തിക്കു പാരിതോഷികം നൽകും. അതതു ബ്ലോക്കിലെ ശിശു വികസന പദ്ധതി ഓഫിസർമാരെയാണ് ശൈശവ വിവാഹ നിരോധന ഓഫിസർമാരായി നിയമിച്ചിട്ടുള്ളത്. ശൈശവ വിവാഹം നടക്കാൻ പോകുന്നുവെന്ന് വിവരം ലഭിച്ചാൽ ശൈശവ വിവാഹ നിരോധന ഓഫിസർ ആ കുടുംബത്തെ സന്ദർശിച്ച് കൗൺസലിങ് നൽകിയും കോടതിയിൽ നിന്ന് ഇടക്കാല ഉത്തരവ് സമ്പാദിച്ചും വിവാഹം തടയും.

വിവരങ്ങൾ അറിയിക്കാം

∙ ജില്ലാ ശിശുസംരക്ഷണ ഓഫിസർ–7025174038
∙ ജില്ലാ വനിതാ ശിശു വികസന ഓഫിസർ, തൊടുപുഴ–04862 200108
∙ ഐസിഡിഎസ് അടിമാലി– 04864 223966
∙ ഐസിഡിഎസ് അഴുത– 04869 233281
∙ ഐസിഡിഎസ് ദേവികുളം– 04865 264550
∙ ഐസിഡിഎസ് ഇളംദേശം– 04862 275864
∙ ഐസിഡിഎസ് ഇടുക്കി– 04862 236973
∙ ഐസിഡിഎസ് കട്ടപ്പന– 04868 252007
∙ ഐസിഡിഎസ് തൊടുപുഴ– 04862 221860

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com