ADVERTISEMENT

തൊടുപുഴ ∙ ‘‘പെരിയോർകളെ, തായ്‌മാർകളേ, വർത്തക നൻപറുകളേ, ഉങ്ക പൊന്നാന വാക്കുകളേ എന്നുടെ ചിഹ്നത്തിലെ മുദ്രയിട്ട് വെറ്റ്റി വര ചെയ്യുങ്കൾ...’’ ഇടുക്കിയിലെ അതിർത്തി മണ്ഡലങ്ങളിൽ സീറ്റുറച്ച വേട്പാളർകൾ ( സ്ഥാനാർഥികൾ ) മലയാളത്തിനൊപ്പം നല്ല സുന്ദരൻ തമിഴും പഠിച്ചു തുടങ്ങിയിട്ടുണ്ട്. ഇടുക്കി രാഷ്ട്രീയത്തിൽ തമിഴും കലർന്ന മണ്ഡലങ്ങളാണ് ദേവികുളം, ഉടുമ്പൻചോല, പീരുമേട് എന്നിവ. പത്തിലധികം പഞ്ചായത്തുകളിൽ തമിഴ് വംശജരാണ് 90 ശതമാനവും. മണ്ഡലക്കണക്കെടുത്താൽ ദേവികുളത്ത് 65 ശതമാനത്തോളവും ഉടുമ്പൻചോലയിൽ 22 ശതമാനവും പീരുമേട്ടിൽ 35 ശതമാനവും വരും. അതിനാൽ വോട്ട് ചോദ്യം മാത്രമല്ല ബാനറും പോസ്റ്ററും പ്രസംഗവുമെല്ലാം തമിഴിലും വേണ്ടിവരും. പര്യടനം തട്ടുപൊളിപ്പൻ തമിഴ് സ്റ്റൈലിലും.

തമിഴ് തേർതൽ

മൂന്നാർ, ദേവികുളം, മറയൂർ, കാന്തല്ലൂർ, വട്ടവട, വണ്ടിപ്പെരിയാർ, പള്ളിവാസൽ, ശാന്തൻപാറ, പീരുമേട്, കുമളി, നെടുങ്കണ്ടം എന്നിവിടങ്ങളിലെല്ലാം തമിഴിൽ പ്രചാരണം ഉണ്ടാവും. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പലയിടത്തും തമിഴ് പാർട്ടികളുടെ സ്ഥാനാർഥികൾ ഉണ്ടായിരുന്നു. ഡിഎംകെ, അണ്ണാ ഡിഎംകെ, നടൻ വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെ, ഡിഎംകെയുടെ സഖ്യകക്ഷി വിടുതലൈ ചിരുത്തൈ, കമലഹാസന്റെ മക്കൾ നീതിമയ്യം തുടങ്ങിയ പാർട്ടികൾക്കെല്ലാം ഇവിടങ്ങളിൽ അണികളുണ്ട്. ദേശീയതലത്തിൽ എൻഡിഎക്ക് ഒപ്പം നിൽക്കുന്ന അണ്ണാ ഡിഎംകെ കേരളത്തിലും എൻഡിഎയിലെത്തി ദേവികുളത്തു സ്ഥാനാർഥിയെ നിർത്തുമെന്ന് അഭ്യൂഹമുണ്ട്.

ദേവികുളം

കേരളത്തിലെ തമിഴ് മത്സരക്കാഴ്‌ച കൂടുതലും മൂന്നാർ ഉൾപ്പെടുന്ന ദേവികുളം മണ്ഡലത്തിലാണ് ചിന്നാറിൽ തുടങ്ങി കാന്തല്ലൂരും മറയൂരും മൂന്നാറും വട്ടവടയും രാജാക്കാട് ചിന്നക്കനാൽ അതിർത്തികളും വരെ തമിഴ് സ്വാധീന മേഖലയാണ്. തോട്ടം തൊഴിലാളികളാണ് അധികവും. ബ്രിട്ടിഷ് തേയില കമ്പനിയിൽ തൊഴിലാളികളായി എത്തിയവരുടെ പിൻതലമുറയാണ് ഇപ്പോൾ മൂന്നാറിലുള്ളത്. കേരളത്തിലെ ഏക ഭാഷാ ന്യൂനപക്ഷമണ്ഡലമാണ് ദേവികുളം.

യുഡിഎഫും എൽഡിഎഫും പല തവണകളായി വിജയിച്ച ഇവിടെ ജാതി രാഷ്ട്രീയമാണ് പ്രധാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളത്ത് അണ്ണാ ഡിഎംകെ സ്ഥാനാർഥി ആർ.എം.ധനലക്ഷ്മി 11,613 വോട്ടു നേടിയിരുന്നു. എൻഡിഎ സ്ഥാനാർഥിയെ പിന്തള്ളിയാണു ധനലക്ഷ്മി  മൂന്നാം സ്ഥാനത്ത് എത്തിയത്. എൽഡിഎഫ് സ്ഥാനാർഥി എസ്.രാജേന്ദ്രൻ 5,482 വോട്ടിനാണ് അന്നു ജയിച്ചത്.  ഇത്തവണ 2 മുന്നണികളും പുതുമുഖങ്ങളെയാണു രംഗത്തിറക്കുന്നത്. അണ്ണാ ഡിഎംകെയോടു ചേർന്നു നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് എൻഡിഎ. 

ഉടുമ്പൻചോല

അതിർത്തി മേഖലകളിൽ കൃഷിക്കാരായും ഏലത്തോട്ടങ്ങളിലെ തൊഴിലാളികളായും കുടിയേറിയ തമിഴ് വംശജരാണ് അധികവും. എൽഡിഎഫിനു വ്യക്തമായ ആധിപത്യമുള്ള മണ്ഡലത്തിൽ ഇരട്ടവോട്ടുകൾ (തമിഴ്നാട്ടിലും കേരളത്തിലും വോട്ടുള്ളവർ ) വൻതോതിലുണ്ടെന്ന് ആരോപണമുണ്ട്. മന്ത്രി എം.എം.മണി തന്നെ ഇത്തവണയും മത്സരത്തിനിറങ്ങും. യുഡിഎഫിൽ നിന്നു മുതിർന്ന നേതാക്കളിലൊരാൾ എതിരിടാൻ എത്തുമെന്നാണ് അറിവ്. ബിഡിജെഎസിനു സ്വാധീനമുള്ള മണ്ഡലത്തിൽ എൻഡിഎയും മുന്നേറ്റം പ്രതീക്ഷിക്കുന്നു.

പീരുമേട്

തോട്ടം മേഖലയെ ആശ്രയിച്ചാണു പീരുമേട്ടിലെ തമിഴ് വോട്ടുബാങ്ക്. അതിനാൽ തൊഴിലാളി സംഘടനാ പ്രവർത്തനത്തിലാണു പാർട്ടികൾ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. തൊഴിലാളി നേതാക്കളാണു പീരുമേട്ടിൽ നിന്നു ജയിച്ചവരിലേറെയും. വോട്ടർമാരിൽ പാതിയിലേറെ ഭാഗം കാർഷിക മേഖലയും കുടിയേറ്റ കർഷകരുമാണ്. എന്നാൽ ലയങ്ങൾ കേന്ദ്രീകരിച്ചുള്ള തമിഴ് വോട്ടർമാരാണു പീരുമേടിന്റെ രാഷ്ട്രീയം നിർണയിക്കുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com