ADVERTISEMENT

രാജകുമാരി∙ ശാന്തൻപാറ പുത്തടി റിജോഷ് വധ കേസിലെ പ്രതികളായ റിജോഷിന്റെ ഭാര്യ ലിജി (29), സുഹൃത്ത് തൃശൂർ ഇരിങ്ങാലക്കുട സ്വദേശി വസിം(32) എന്നിവർ ജാമ്യ വ്യവസ്ഥ പാലിക്കാൻ കഴിയാത്തതിനാൽ മുംബൈയിലെ ജയിലിൽ തുടരും. 2019 നവംബർ 8 ന് മുംബൈ പൻവേലിലെ ലോഡ്ജിൽ റിജോഷിന്റെ ഇളയ മകൾ 2 വയസ്സുകാരി ജൊവാനയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ വിചാരണ കാത്ത് മുംബൈയിലെ ജയിലിൽ കഴിയുന്ന ലിജിക്കും വസിമിനും ജാമ്യം അനുവദിക്കണമെങ്കിൽ മഹാരാഷ്ട്രയിൽ താമസക്കാരായ 2 പേർ ജാമ്യം നിൽക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. 

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ജയിലിലുള്ള പ്രതികളെ ജാമ്യത്തിൽ വിടുന്നതിന് കോടതി നടപടി സ്വീകരിച്ചു എങ്കിലും കോടതി നിർദേശം പാലിച്ച് ജാമ്യക്കാരെ ഹാജരാക്കാൻ കഴിയാത്തതിനാലാണ് ലിജിക്കും വസിമിനും ജാമ്യം ലഭിക്കാത്തത്. 2019 ഒക്ടോബർ 31 നാണ് ശാന്തൻപാറ പുത്തടിയിലെ ഫാംഹൗസിൽ വച്ച് ലിജിയും സുഹൃത്ത് വസിമും ചേർന്ന് ലിജിയുടെ ഭർത്താവ് റിജോഷിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടിയത്. 

കൃത്യത്തിനു ശേഷം റിജോഷിന്റെ ഇളയ മകൾ ജൊവാനയോടൊപ്പം മുംബൈയിലേക്ക് കടന്ന പ്രതികൾ പൊലീസ് പിടിക്കുമെന്ന് ഉറപ്പായപ്പോൾ പൻവേലിലെ ലോഡ്ജിൽ വച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ജൊവാനയ്ക്കു വിഷം നൽകിയ ശേഷം ലിജിയും വസിമും വിഷം കഴിച്ചു. ജൊവാന മരിച്ചെങ്കിലും അവശ നിലയിലായ ലിജിയെയും വസിമിനെയും ലോഡ്ജ് ജീവനക്കാർ സമീപത്തുള്ള ജെജെ ആശുപത്രിയിലെത്തിച്ചു. 2 മാസത്തെ ചികിത്സയ്ക്കു ശേഷം ഇരുവരുടെയും ആരോഗ്യനില പൂർവ സ്ഥിതിയിലായി. തുടർ‌ന്ന് ജൊവാനയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ മുംബൈ കോടതി ഇരുവരെയും റിമാൻഡ് ചെയ്തു. 

പ്രതികൾ അവിടെ ജയിലിൽ കഴിയുമ്പോൾ റിജോഷ് വധ കേസിൽ ശാന്തൻപാറ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 2020 ഫെബ്രുവരി 10ന് ഇവരെ മുംബൈ കോടതിയുടെ അനുമതിയോടെ അന്വേഷണ സംഘം നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി. തുടർന്ന് വീണ്ടും മുംബൈയിലേക്ക് കൊണ്ടു പോയി. റിജോഷ് വധ കേസിൽ പ്രതികൾ ജാമ്യം നേടിയെങ്കിലും മുംബൈ കോടതി ജാമ്യം അനുവദിക്കാത്തതിനാൽ പ്രതികൾ ജയിലിൽ തുടരുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com