ADVERTISEMENT

നെടുങ്കണ്ടം∙ നിർമാണം പൂർത്തിയാക്കി 10 വർഷമായിട്ടും കമ്മിഷനിങ് നടക്കാതെ ബിഎസ്എൻഎൽ ടവർ. റേഞ്ചില്ലാതെ ആയിരത്തിലധികം ഉപഭോക്താക്കൾ. ഓൺലൈൻ പഠനം മുടങ്ങി നൂറിലധികം വിദ്യാർഥികൾ. പഞ്ചായത്തിൽ ഒന്നാം വാർഡിൽ 10 വർഷം മുൻപു നിർമിച്ച ബിഎസ്എൻഎൽ ടവറാണ് ഉപയോഗശൂന്യമായത്. മുള്ളരിക്കുടി, പെരിഞ്ചാംകുട്ടി, ചെമ്പകപ്പാറ, പൊന്നാമല, ബഥേൽ, മേലേചിന്നാർ, ഈട്ടിത്തോപ്പ്, മഞ്ഞപ്പാറ മേഖലകളിലാണ് മൊബൈൽ സിഗ്നൽ ലഭിക്കാത്തത്.

ബിഎസ്എൻഎൽ സേവനം ആരംഭിച്ച കാലത്ത് മേഖലയിൽ റേഞ്ച് ഉണ്ടായിരുന്നു. ഇതിനു ശേഷമാണ് നെറ്റ്‌വർക് തകരാറിലായത്. ടവർ കമ്മിഷൻ ചെയ്യാത്തതിനാൽ ഉപകരണങ്ങൾ അടക്കം നശിക്കുന്ന നിലയിലാണ്. ലക്ഷക്കണക്കിനു രൂപ മുതൽമുടക്കിയാണ് ബിഎസ്എൻഎൽ ടവർ നിർമാണം പൂർത്തീകരിച്ചത്. പ്രദേശത്ത് മറ്റു കമ്പനികൾക്കും നെറ്റ്‌വർക്കില്ലെന്ന് നാട്ടുകാർ പരാതി പറയുന്നു. കോവിഡ് കാലത്ത് ഓൺലൈൻ പഠനം നടത്തുന്ന വിദ്യാർഥികളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

നിരന്തരമായി നെറ്റ്‌വർക് നഷ്ടപ്പെടുന്നതിനാൽ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. വീട്ടിലിരുന്ന് ഓൺലൈനിൽ ജോലി ചെയ്യുന്നവർക്കും നെറ്റ്‌വർക് ഇല്ലാത്തത് തിരിച്ചടിയായി. അടിയന്തരമായി ബിഎസ്എൻഎൽ ടവർ കമ്മിഷൻ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ മേഖലയിൽ നെറ്റ്‌വർക് തകരാറില്ലെന്നാണു ബിഎസ്എൻഎൽ ഓഫിസിൽ നിന്നു ലഭിക്കുന്ന വിശദീകരണം. പരാതി ഉയർന്ന സാഹചര്യത്തിൽ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

പ്രതിഷേധിച്ചു

ബിഎസ്എൻഎൽ ടവർ കമ്മിഷൻ ചെയ്യാത്തതിൽ യൂത്ത് ഫ്രണ്ട് (എം) പ്രതിഷേധിച്ചു. ബിഎസ്എൻഎല്ലിന്റെ കെടുകാര്യസ്ഥത കാരണം പ്രദേശവാസികൾ ബുദ്ധിമുട്ടുകയാണ്. അനാസ്ഥ അവസാനിപ്പിച്ച് ബിഎസ്എൻഎൽ ടവർ ഉടൻ കമ്മിഷൻ ചെയ്യണമെന്ന് യൂത്ത് ഫ്രണ്ട് (എം) ആവശ്യപ്പെട്ടു. പ്രതിഷേധത്തിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി തോമസ്, അനീഷ് കടുകൻമാക്കൽ, ഡാനി മമ്മൂട്ടിൽ, ടിജോ ഇടത്തിൽ, ആൽബിൻ എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com