ADVERTISEMENT

ചെറുതോണി ∙ ഇന്നലെ വരെ വീട്ടു മുറ്റത്തും തൊടിയിലുമൊക്കെ ഓടിച്ചാടി തുള്ളി കളിച്ചു നടന്നിരുന്ന ജഴ്സി പശുക്കിടാവ് മണിക്കുട്ടി പാൽ ചുരത്തിയതു കണ്ടപ്പോൾ വീട്ടുകാർക്ക് അദ്ഭുതം. ആദ്യം വെറുമൊരു തോന്നലാണെന്ന് കരുതി.  ഒന്നു കറന്നു നോക്കിയപ്പോൾ കിട്ടിയത് ഒരു ലീറ്റർ പാൽ . വൈകുന്നേരവും ഇതു തന്നെ ആവർത്തിച്ചു. ഇതോടെ നാട്ടിലും വീട്ടിലും സ്റ്റാറായി കൊച്ചു സുന്ദരി. ഒരു വയസ്സ് പൂർത്തിയായ  ജഴ്സി പശുക്കിടാവാണ് മണിക്കുട്ടി. അമ്മ മാളു പശുവിന്റെ മൂന്നാമത്തെ പ്രസവത്തിലേതാണ് ഇവൾ.

വാഴത്തോപ്പ് വഞ്ചിക്കവല കാനാട്ട് വിൻസന്റ് തോക്കുപാറയിലുള്ള ബന്ധുവീട്ടിൽ നിന്നും പത്തുമാസം മുൻപാണ് മണിക്കുട്ടിയെയും അമ്മ മാളുവിനെയും തന്റെ ഗോശാലയിലേക്ക് കൊണ്ടു വന്നത്. പശുക്കിടാവ് പാൽ ചുരത്തിയതോടെ മ‍ൃഗാശുപത്രിയിൽ എത്തി അധികൃതരെ വീട്ടുകാർ വിവരം ധരിപ്പിച്ചിരുന്നു. ഹോർമോൺ വ്യതിയാനം മൂലമുണ്ടാകുന്ന അപൂർവ പ്രതിഭാസമാണ്  എന്നാണ് ഡോക്ടർ പറഞ്ഞത്. എന്തായാലും  പാൽ ഇതുവരെ വീട്ടുകാർ രുചിച്ചു തുടങ്ങിയിട്ടില്ല.

ഡോക്ടർമാരുടെ വിദഗ്ധാഭിപ്രായത്തിന് കാത്തിരിക്കുകയാണ് ഇവർ. വിശേഷം  കേട്ട് അയൽവാസികൾ വന്നു തുടങ്ങിയതോടെ മണിക്കുട്ടിക്ക് അൽപം ഗമ കൂടിയിട്ടുണ്ടെന്ന് വിൻസന്റിന്റെ ഭാര്യ ഡെയ്സി പറയുന്നു. ഒന്നു വിളിച്ചാൽ ഓടി വന്നിരുന്ന കിടാവ്  മാളു പശുവിനോട് പോലും അടുപ്പം കാണിക്കുന്നില്ലത്രേ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com