ADVERTISEMENT

സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന് പാർക്കിങ് ഫീസായി മാത്രം 56.7 ലക്ഷം രൂപ നൽകിയെന്ന് വിവരാവകാശ രേഖ. നികുതിപ്പണം സർക്കാർ ഇങ്ങനെ പാഴാക്കി കളയുന്നത് ഇടുക്കിക്കാർ ആദ്യമായിട്ടല്ല കാണുന്നത്. ഇതാ സർക്കാരിന്റെ ഹെലികോപ്റ്ററിനെ വെല്ലുന്ന ചില ‘വമ്പൻ’ നടക്കാത്ത പദ്ധതികൾ...

മൂന്നാറിലെ ബജറ്റ് ഹോട്ടൽ

ടൂറിസം വകുപ്പ് വൻ തുക ചെലവിട്ട് മൂന്നാറിൽ നിർമിച്ച ബജറ്റ് ഹോട്ടൽ വർഷങ്ങളായി ആർക്കും പ്രയോജനപ്പെടാതെ കിടന്നു നശിക്കുകയാണ്.മൂന്നാറിൽ എത്തുന്ന ഇടത്തരക്കാരായ സന്ദർശർക്ക് കുറഞ്ഞ ചെലവിൽ താമസസൗകര്യം ഒരുക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു പദ്ധതി. 2006ൽ തറക്കല്ലിട്ട കെട്ടിടം 6 വർഷം കഴിഞ്ഞ് 2012ൽ ആണ് യഥാർഥ്യമായത്. നിർമാണം കഴിഞ്ഞപ്പോഴാണ് സഞ്ചാരികൾക്ക് ഇവിടെ എത്താൻ വഴി ഇല്ലെന്ന കാര്യം അധികൃതർ തിരിച്ചറിഞ്ഞത്. മൂന്നാർ എൻജിനീയറിങ് കോളജിന്റെ ക്യാംപസിലൂടെയുള്ള റോഡിലൂടെയാണ് നിർമാണ സമയത്ത് സാമഗ്രികൾ എത്തിച്ചിരുന്നത്. എന്നാൽ പിന്നീട് ഈ റോഡ് സ്ഥിരമായി വിട്ടുനൽകാൻ കോളജ് തയാറായില്ല. വഴി ഇല്ലാതായതോടെ 9 വർഷമായി ഹോട്ടൽ അടഞ്ഞുകിടക്കുന്നു.

 നിർമാണം പൂർത്തിയാക്കിയിട്ടും ഉദ്ഘാടനം ചെയ്യാത്ത  തൊടുപുഴ കെഎസ്ആർടിസി ഡിപ്പോ.
നിർമാണം പൂർത്തിയാക്കിയിട്ടും ഉദ്ഘാടനം ചെയ്യാത്ത തൊടുപുഴ കെഎസ്ആർടിസി ഡിപ്പോ.

തൊടുപുഴയിലെ പാലവും സ്റ്റാൻഡും

കോടികൾ മുടക്കി നിർമാണം നടത്തിയിട്ട് 5 വർഷം കഴിഞ്ഞിട്ടും തൊടുപുഴയിൽ 2 പദ്ധതികളാണ് ഉദ്ഘാടനം കാത്തുകിടക്കുന്നത്. 12 കോടി മുടക്കിയ കെഎസ്ആർടിസി സ്റ്റാൻഡും 6.5 കോടി മുടക്കിയ മാരിയികൽകടവ് പാലവുമാണ് നോക്കുകുത്തിയായി കിടക്കുന്നത്. ഇതിൽ കെഎസ്ആർടിസിയുടെ കുറെ പണികൾ തീർത്ത് അടുത്ത മാസം തുറക്കുമെന്ന് അധികാരികൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ അപ്രോച്ച് റോഡിന് സ്ഥലം എടുക്കാൻ കഴിയാത്തതിനാൽ ഇതുവരെ മാരിയൽകടവ് പാലത്തിന്റെ പ്രയോജനം നാട്ടുകാർക്ക് ലഭിക്കാൻ ഇനിയും ഏറെ നാൾ കാത്തിരിക്കേണ്ടി വരും.

  നിർമാണം പൂർത്തിയായിട്ടും അപ്രോച്ച് റോഡ് നിർമിക്കാത്ത  തൊടുപുഴ മാരിയിൽക്കടവ് പാലം.
നിർമാണം പൂർത്തിയായിട്ടും അപ്രോച്ച് റോഡ് നിർമിക്കാത്ത തൊടുപുഴ മാരിയിൽക്കടവ് പാലം.

ശീതകാല പച്ചക്കറി സംഭരണകേന്ദ്രം

ശീതകാല പച്ചക്കറി കൃഷിയുടെ കലവറയായ വട്ടവടയിൽ കർഷകരെ സഹായിക്കാൻ എന്ന പേരിൽ ഒരു കോടി ചെലവിട്ട് നിർമിച്ച സംഭരണ കേന്ദ്രം വർഷങ്ങൾ കഴിഞ്ഞിട്ടും കർഷകർക്ക് പ്രയോജനപ്പെടുന്നില്ല. സംസ്ഥാന ഹോർട്ടികൾചർ മിഷനാണ് ഇതിനായി തുക മുടക്കിയത്. 2014ൽ തുടങ്ങിയ നിർമാണ ജോലികൾ ഇഴഞ്ഞും ഇടയ്ക്ക് നിലച്ചും 5 വർഷമെടുത്ത് 2019ൽ ആണ് പൂർത്തീകരിച്ചത്. കർഷകർ ഉൽപാദിപ്പിക്കുന്ന കാർഷിക ഉൽപന്നങ്ങൾ ഇവിടെ സംഭരിക്കാനും കർഷർക്ക് നേരിട്ട് വിപണനം നടത്താനും അവർക്ക് ന്യായവില ഉറപ്പാക്കാനുമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. നിർമാണ സ്ഥലത്തെച്ചൊല്ലി തുടക്കം മുതൽ വിവാദത്തിലായ ഈ പദ്ധതി പണി തീർന്നെങ്കിലും ആർക്കും വേണ്ടാതെ കിടക്കുകയാണ്. നിലവിൽ ആരോഗ്യ വകുപ്പിലെ ജീവനക്കാർക്ക്     താൽക്കാലികമായി താമസിക്കാൻ വിട്ടുനൽകിയിരിക്കുകയാണ്.

  ശീതകാല പച്ചക്കറി സംഭരണകേന്ദ്രം.
ശീതകാല പച്ചക്കറി സംഭരണകേന്ദ്രം.

കിൻഫ്ര അപ്പാരൽ പാർക്ക്

കുളപ്പാറച്ചാലിൽ കോടികൾ മുടക്കി നിർമിച്ച കിൻഫ്ര അപ്പാരൽ പാർക്ക് സർക്കാരിന്റെ കോടികൾ നഷ്ടപ്പെടുത്തിയ ഒരു സ്ഥിരം സ്മാരകമാണ്. 2 നിലകളിലായി 40,000 സ്ക്വയർ ഫീറ്റ് വരുന്ന കെട്ടിടം നിർമിക്കുന്നതിനും അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും 6 കോടി രൂപയാണ് സർക്കാർ ചെലവാക്കിയത്. എന്നാൽ കെട്ടിടം നിർമിച്ചശേഷം കുറെ കാലത്തേക്ക് അധികൃതർ ഇവിടേക്കു തിരിഞ്ഞു നോക്കിയില്ല. 2 വർഷം മുൻപ് കോയമ്പത്തൂർ ആസ്ഥാനമായ വസ്ത്ര നിർമാണ കമ്പനി അപ്പാരൽ പാർക്ക് ഏറ്റെടുത്തു. ഇൗ കമ്പനി പല കാരണങ്ങളാൽ ഇവിടത്തെ വ്യവസായ യൂണിറ്റ് ഉപേക്ഷിച്ചു പോയി.

   ഒട്ടകത്തലമേട്ടിൽ കാടുകയറിക്കിടക്കുന്ന ജില്ലാ പഞ്ചായത്തിന്റെ കെട്ടിടങ്ങൾ.
ഒട്ടകത്തലമേട്ടിൽ കാടുകയറിക്കിടക്കുന്ന ജില്ലാ പഞ്ചായത്തിന്റെ കെട്ടിടങ്ങൾ.

ഒട്ടകത്തലമേട്ടിലെ ടൂറിസം കേന്ദ്രം

ലക്ഷങ്ങൾ മുടക്കി നിർമാണം നടത്തി ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും ഒട്ടകത്തലമേട്ടിലെ ടൂറിസം കേന്ദ്രം കാടുകയറി നശിക്കുകയാണ്. ജില്ലാ പഞ്ചായത്ത് 2 പതിറ്റാണ്ട് മുൻപ് വ്യവസായ കേന്ദ്രത്തിനായി കെട്ടിടം നിർമിച്ചു. അന്നത്തെ ഭരണസമിതിയുടെ കാലാവധി തീർന്നതോടെ പദ്ധതിയും അനിശ്ചിതത്വത്തിലായി. ഒരു ഭരണസമിതി കൂടെ കാലാവധി പൂർത്തീകരിച്ചെങ്കിലും ഈ കെട്ടിടം അനാഥമായിക്കിടന്നു. പിന്നീടു വന്ന ഭരണസമിതി അനാഥമായിക്കിടന്ന കെട്ടിടവും പരിസരപ്രദേശങ്ങളും വിനോദ സഞ്ചാര വികസനത്തിന് ഏറെ അനുയോജ്യമെന്നു കണ്ടതോടെ അതിനുള്ള നടപടികൾ ആരംഭിച്ചു. വാച്ച് ടവറും കൂടുതൽ കെട്ടിടങ്ങളുമുണ്ടായി. പക്ഷേ, വിനോദ സഞ്ചാര കേന്ദ്രം ഇനിയും സഞ്ചാരികൾക്കായി തുറക്കാനായിട്ടില്ല. ഇപ്പോൾ ഈ സ്ഥലം കാടുകയറിക്കിടക്കുകയാണ്.

English Summary: Failure projects in Idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com