ADVERTISEMENT

വണ്ണപ്പുറം ∙ മുള്ളരിങ്ങാട്‌ പാലത്തിനു താഴെ തോട്ടിൽ അവശനിലയിൽ കണ്ട കാരിക്കാട്ടുകുഴിയിൽ ക്രിസ്റ്റി എൽദോസ് മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെ മരിച്ച സംഭവത്തിൽ കൂടുതൽ ശാസ്ത്രീയ അന്വേഷണവുമായി പൊലീസ്. അപകട മരണത്തിൽ ദുരൂഹത ഉള്ളതിനാൽ പൊലീസിന്റെ ആവശ്യ പ്രകാരം കോട്ടയം മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം മേധാവി ഡോ. ലിസ ജോണിന്റെ നേതൃത്വത്തിൽ ഡോ.ദീപു, ഡോ.അശ്വതി എന്നിവർ മരണപ്പെട്ട ക്രിസ്റ്റി എൽദോസ് വീണ് കിടന്ന പാലത്തിലും താഴെ തോടും പരിശോധിച്ചു.

പാലത്തിന്റെ കൈവരിയിൽ ചാരി നിൽക്കുകയോ കയറി ഇരിക്കുകയോ ചെയ്തപ്പോൾ വീണതാകാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇവിടെ നിന്നും സാംപിൾ ശേഖരിച്ചിട്ടുണ്ട്. കാളിയാർ  എസ്എച്ച്ഒ എച്ച്.എൽ. ഹണിയുടെയും, സ്പെഷൽ ബ്രാഞ്ച് എസ്ഐ ബിജുമോന്റേയും നേതൃത്വത്തിൽ പൊലീസും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. അതേ സമയം മരിച്ച ക്രിസ്റ്റിയുടെയും കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെയും ഫോൺ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

ഇത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്. ന്യൂ ഇയർ ആഘോഷത്തിനിടെയാണ് ക്രിസ്റ്റി തോട്ടിലേക്ക് വീണത്. പിറ്റേന്ന് രാവിലെയാണ് ഇയാളെ അവശ നിലയിൽ തോട്ടിൽ കണ്ടെത്തിയത്. കഴുത്തിനൊപ്പം വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. അവശ നിലയിലായിരുന്ന ക്രിസ്റ്റിയെ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും 15ന് രാത്രി മരിച്ചു.

അപകടത്തിൽ ദുരൂഹത ഉള്ളതിനാലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ക്രിസ്റ്റി എൽദോസിന്റെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി മുള്ളരിങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കും മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാ പൊലീസ് മേധാവിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com