ADVERTISEMENT

തൃക്കരിപ്പൂർ ∙ കേരളത്തിലെ ദൈർഘ്യമേറിയ തീരദേശ പഞ്ചായത്തിന് കടലിനെ പ്രതിരോധിക്കാൻ പദ്ധതിയില്ല. 24 കി.മീറ്റർ കടൽത്തീരമുള്ള വലിയപറമ്പ് പഞ്ചായത്തിനാണ് ഈ ഗതികേട്. കവ്വായി കായലിനും കടലിനും മധ്യത്തിൽ പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ജില്ലയിലെ തെക്കൻ അതിർത്തിയാണ് ഈ പഞ്ചായത്ത്.ടൂറിസ്റ്റുകളുടെ മോഹ ദ്വീപ് ആണെങ്കിലും കടലിന്റെ സമ്മർദത്തിൽ ദുരിതപൂർണമാണ് ഇവിടെ കടലോര ജനതയുടെ ജീവിതം. മാനം കറുക്കുമ്പോൾ മനമാകെ ആശങ്കയാണ്. കരയിലേക്കു അലറിക്കുതിച്ചു പാഞ്ഞു കയറുന്ന കടൽ, തീരത്തെ ജനങ്ങളുടെ ജീവിതമെടുത്തു തിരിച്ചു പോകും. ഓരോ കാലവർഷവും കനത്ത നഷ്ടമാണുണ്ടാക്കുന്നത് കര കവർന്നും ഉപജീവന മാർഗ്ഗമായ തെങ്ങുകൾ പിഴുതെടുത്തും വീടുകൾക്ക് ഭീഷണി ഉയർത്തിയും കലി തുള്ളുന്ന കടലിനെ പ്രതിരോധിക്കാൻ പദ്ധതിയില്ല.

50 മുതൽ 500 മീറ്റർ വരെ മാത്രം കരയുള്ള പ്രദേശങ്ങളിൽ ഭീതി നിറഞ്ഞാണ് ജന ജീവിതം. പതിനായിരത്തിലേറെ ജനസംഖ്യയുണ്ട്. കടൽ സംരക്ഷണ ഭിത്തിയുണ്ടാക്കുന്നതിന് പദ്ധതി വേണമെന്ന് പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. വാഗ്ദാനത്തിനും കുറവില്ല. ഏറ്റവും ഒടുവിൽ 110 കോടി രൂപ ചെലവുള്ള ജിയോ ട്യൂബ് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ തെക്കൻ മേഖലയിൽ പൂന്തുറ, ശംഖുമുഖം തുടങ്ങിയ സ്ഥലങ്ങളിൽ നിലവിൽ ജിയോ ട്യൂബ് പദ്ധതിയുടെ നിർമാണം നടന്നു വരുന്നുണ്ട്.

അതിന്റെ ചുവട് പിടിച്ചാണ് വലിയപറമ്പിലും ഈ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുമോ എന്ന സന്ദേഹം ഉണ്ട്. അതേ സമയം ഈ പദ്ധതിക്കെതിരെ എതിർപ്പും ഉയർന്നിട്ടുണ്ട്. തീരത്തെ സംരക്ഷിക്കാൻ ഉതകില്ലെന്നും മൽസ്യത്തൊഴിലാളികൾക്ക് മീൻ പിടിത്തത്തിന് വിഘാതമുണ്ടാക്കുമെന്നും അഭിപ്രായമുണ്ട്. പഞ്ചായത്തിന്റെ വടക്കൻ തീരത്ത് നിലവിലുള്ള പുലിമുട്ട് പദ്ധതിയാണ് അഭികാമ്യമെന്ന അഭിപ്രായം ശക്തമാണ്. എന്നാൽ പരിസ്ഥിതി സൗഹൃദ പരമായ പദ്ധതിയാണ് ജിയോ ട്യൂബെന്ന അഭിപ്രായവും ശക്തം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com