ADVERTISEMENT

ചെറുവത്തൂർ ∙ പുഴയിൽ നിന്ന് ഉപ്പ്‌ വെള്ളം കരകവിഞ്ഞ് പറമ്പിലേക്ക് കയറി അച്ചാംതുരുത്തി ദ്വീപിലെ ഈച്ചരമാട്, പടിഞ്ഞാറെമാട് ഭാഗത്തെ ജനങ്ങൾ ദുരിതത്തിൽ. ഉപ്പ് വെള്ളം കയറിയതിനെ തുടർന്ന് ഇവർ വീട്ടാവശ്യത്തിന് ശുദ്ധീകരിച്ച് വെള്ളമെടുത്ത് ഉപയോഗിക്കുന്ന ശുദ്ധ ജലമുള്ള ചെറുകുളങ്ങളും തോടുകളും ഇനി തീരെ ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയിലാണ്. ഇതിലെ വെള്ളമാണ് നാട്ടുകാർ കുളിക്കുവാനും, അലക്കുവാനും, മറ്റ് പ്രാഥമിക കർമങ്ങൾ നടത്തുന്നതിനും ഉപയോഗിക്കുന്നത്. അടുത്ത മഴക്കാലം വന്നാൽ മാത്രമേ ഈ തോടുകളും, കുളങ്ങളും ഇനി ശുദ്ധജലം നിറഞ്ഞ് ഉപയോഗിക്കാൻ സാധിക്കൂ. 

kasargod-coconut-farm
ഉപ്പ് വെള്ളം കയറി നശിച്ച കാട്ടുതലയിലെ കാനായി മാധവിയുടെ തെങ്ങിൻ തോട്ടം.

പലരുടെയും പറമ്പിൽ നട്ടുവളർത്തിയ പച്ചക്കറി തൈകളും, ചെടികളും വെള്ളം കയറിയതിനാൽ പാടെ നശിച്ചിട്ടുണ്ട്. കടലിൽ നിന്ന് കയറി വരുന്ന ഉപ്പുവെള്ളം കാര്യങ്കോട് പുഴയിൽ നിർമിച്ച പാലായി ഷട്ടർ കം ബ്ര‌്‌ഡ്ജിൽ തട്ടി നിൽക്കുന്നതാണ് ഇപ്പോൾ ഇങ്ങനെ ഉപ്പുവെള്ളം കയറുന്നതിന് കാരണമായി പറയുന്നത്. ചെറുവത്തൂർ പഞ്ചായത്തിൽ തന്നെ ഏറ്റവും അധികം ശുദ്ധജല ക്ഷാമം അനുഭവിക്കുന്ന പ്രദേശമാണ് അച്ചാംതുരുത്തി.

ഇവിടെ കിണർ കുഴിച്ചാൽ ഉപ്പും, നഞ്ചും കലർന്ന വെള്ളം ലഭിക്കുന്നതിനാൽ ഭൂരിഭാഗം ജനങ്ങളും ശുദ്ധജലത്തിന് വേണ്ടി ആശ്രയിക്കുന്നത് രാജീവ് ഗാന്ധി ശുദ്ധജല പദ്ധതി, ജല അതോറിറ്റിയുടെ പദ്ധതി എന്നിവകളെയാണ്. എന്നാൽ രാജീവ് ഗാന്ധി ശുദ്ധജല പദ്ധതിയിൽ നിന്ന് വെള്ളം ലഭിക്കാത്തത് കാലങ്ങളേറെ ആയെന്ന് നാട്ടുകാർ പറയുന്നു. ജല അതോറിറ്റിയുടെ പദ്ധതിയിൽ നിന്ന് വെള്ളം ലഭിക്കുന്നത് ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യവും. പുഴ കരകവിയുന്ന സ്ഥലത്ത് ഉയരത്തിൽ കരിങ്കൽ ഭിത്തി നിർമിച്ച് കരയിലേക്ക് ഉപ്പ് വെള്ളം കയറുന്നത് തടയണം എന്നാണ് ആവശ്യം.

തടയണകളും നിർമിച്ചില്ല

ചീമേനി∙ വെളളപ്പൊക്കത്തിന്റെ പ്രതീതിയുണ്ടാക്കി പുഴകളിൽ നിന്ന് കരയിലേക്ക് ഉപ്പ് വെള്ളം കയറുന്നു. തീരദേശത്തെ തെങ്ങുകൾ നശിക്കുന്നു. ജനങ്ങൾക്ക് ദുരിതമാകുന്ന രീതിയിൽ ഉപ്പ് വെളളം കയറുന്നത് തടയുന്നതിന് വേണ്ടി തടയണകൾ നിർമിക്കണമെന്ന ആവശ്യവും നടപ്പിലായില്ല. ചെറുവത്തൂർ പഞ്ചായത്തിന്റെ തീരമേഖലകളായ മയിച്ച, കാട്ടുതല കയ്യൂർ–ചീമേനി പഞ്ചായത്തിലെ വെള്ളാട്ട്, ക്ലായിക്കോട്,രാമൻചിറ ഭാഗങ്ങളിലാണ് വ്യാപകമായ തോതിൽ പുഴയിൽ നിന്ന് കരകളിലേക്ക് ഉപ്പ് വെള്ളം കയറുന്നത്.

 തെങ്ങുകളെ നശിപ്പിക്കുന്ന തരത്തിലുള്ള ഉപ്പ് വെള്ളത്തിന്റെ വരവ് തീരദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കാട്ടുതലയിലെ കാനായി മാധവിയുടെ പറമ്പിലെ 30 ൽപരം തെങ്ങുകൾ വെള്ളം കയറി നശിച്ച് കഴിഞ്ഞു. ഇവിടെ തടയണ കെട്ടണമെന്ന ജനങ്ങളുടെ ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. എന്നാൽ തടയണ നിർമിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞതല്ലാതെ ഇത് വരെ നടപടിയുണ്ടായില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com