ADVERTISEMENT

ബദിയടുക്ക ∙ പൊതുമരാമത്ത് സെക്‌ഷൻ ഓഫിസ് പരിസരത്തു സൂക്ഷിച്ചിരുന്ന ലക്ഷം രൂപയുടെ മരത്തടികൾ ഭാഗികമായി കത്തി നശിച്ചു. അക്കേഷ്യ മരത്തടികൾക്കാണ് ഇന്നലെ ഉച്ചയ്ക്കു തീപിടച്ചത്. 3 വർഷമായി പലയിടങ്ങളിൽ നിന്നെത്തിച്ചു കൂട്ടിയിട്ടതാണിവ. പൊലീസ്, നാട്ടുകാർ, അഗ്നി രക്ഷാ സേന എന്നിവർ ചേർന്നാണു തീ അണച്ചത്. ചുറ്റുമതിലിനകത്താകെ കൂട്ടിയിട്ടിരിക്കുന്ന മരത്തടികൾ മുഴുവൻ കത്തുമോയെന്നായിരുന്നു ആളുകളുടെ പേടി. വിവിധ സ്ഥലങ്ങളിൽ നിന്നു വെള്ളമെത്തിച്ചും മണലിട്ടും മണ്ണുമാന്തി ഉപയോഗിച്ചു തടികൾ മാറ്റിയും ആണു തീ ആളിപടരുന്നത് തടയാനായത്. വിവിധ സ്ഥലങ്ങളിൽ തീപിടിത്തമുണ്ടായിരുന്നതിനാൽ അഗ്നി രക്ഷാസേന എത്താനും വൈകി. പകൽ ആയിരുന്നതിനാൽ വലിയ അത്യാഹിതം ഒഴിവായി. മരത്തടികൾ സൂക്ഷിച്ചിരിക്കുന്നതിനാൽ ചുറ്റുമതിലിനകത്ത് തീയിടാറില്ലെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു. 

മരത്തടികൾക്ക് വർഷങ്ങളുടെ പഴക്കം            

സെക്‌ഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നു വെട്ടിമാറ്റിയ മരത്തടികൾക്കാണ് തീപിടിച്ചത്. മഴയത്ത് റോഡുകളിലേക്ക് ചാഞ്ഞ മരങ്ങളും റോഡ് വീതികൂട്ടുമ്പോൾ വെട്ടിമാറ്റിയതുമായ മരത്തടികളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ വെട്ടിയിട്ട മരത്തടികൾ റോഡിൽ കിടന്നു നശിക്കുന്നു എന്നും മോഷണം പോകുന്നു എന്നും പരാതി ഉയർന്നതോടെയാണ് ഇവ ഇങ്ങനെ സൂക്ഷിക്കാൻ തുടങ്ങിയത്. വെട്ടിമാറ്റുന്ന മരത്തടികൾ വനം വകുപ്പ് അധികൃതരെത്തി അളവെടുത്ത് പൊതുമാരമത്ത് വകുപ്പിനു വിലയിട്ട് നൽകിയാലാണ് ലേലം ചെയ്തു വിൽക്കാനാകുക. ഇവിടെ 1 വർഷം മുതൽ 3 വർഷം വരെ പഴക്കമുള്ള മരത്തടികളുണ്ട്. ഉടനെ ലേലം ചെയ്തു വിറ്റിരുന്നെങ്കിൽ സർക്കാരിനു നല്ല തുക ലഭിക്കുമായിരുന്നു. എന്നാൽ അളവെടുപ്പു പൂർണമായിട്ടില്ലെന്ന് പൊതുമാരമത്ത് അധികൃതർ പറയുന്നു.

മരങ്ങൾ വെട്ടി മരത്തടികളാക്കി മാറ്റുന്നതിനു കൂലിയിനത്തിൽ കൂടുതൽ പണം ചെലവാകുന്നതിനാൽ മരത്തടികൾക്ക് വിലകൂടിയെന്ന കാരണം പറഞ്ഞ് ലേലത്തിന് ആളുകളെത്തുന്നില്ലെന്ന പരാതിയുമുയർന്നിട്ടുണ്ട്. പകരം അപകടാവസ്ഥയിലായ മരങ്ങൾ നിലവിവുള്ള അവസ്ഥയിൽ ലേലം ചെയ്താൽ മുറിച്ചുമാറ്റുന്ന ചെലവുകുറയുമെന്ന അഭിപ്രായമുയർന്നിട്ടുണ്ട്. ബേള, മായിലം കോടി എന്നിവിടങ്ങളിൽ വെട്ടിമാറ്റിയ മരത്തടികൾ മാറ്റാതെ റോഡരികിൽ നശിക്കുന്നാതായി പരാതി ഉയർന്നിരുന്നു.2 വർഷം മുൻപാണ് സെക്‌ഷൻ ഓഫിസിലെ ചുറ്റുമതിലിനകത്തേക്ക് മരത്തടികൾ മാറ്റാൻ തുടങ്ങിയത്. 3 വർഷം മുൻപ് മായിലം കോടിയിൽ വെട്ടിയ മരത്തടികൾ തീപിടിച്ചും റോഡ് വീതികൂട്ടിയപ്പോൾ മണ്ണിനടിയിൽപ്പെട്ടും നശിച്ചിരുന്നു. കോംപൗണ്ടിൽ കിടന്ന മരത്തടികളിൽ കുറെ ചിതലരിച്ചും മഴയത്തു നശിച്ചുമൊക്കെ നഷ്ടമായിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com