ADVERTISEMENT

കൊല്ലം∙ 10 മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് സിനിമാ തിയറ്ററുകൾ തുറക്കുന്നു. വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ബിഗ്ബജറ്റ് തമിഴ് ചിത്രം മാസ്റ്റർ ആണ് റിലീസിനെത്തുന്ന ആദ്യ ചിത്രം. കാത്തിരിപ്പ് അവസാനിച്ചതിന്റെ ആവേശത്തിലാണ് ജില്ലയിലെ സിനിമാ പ്രേമികൾ. തിയറ്റർ തൽക്കാലം തുറക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നതിനാൽ ഒറ്റ ദിവസത്തെ ഇടവേളയിൽ തിയറ്ററുകൾ പ്രവർത്തനക്ഷമമാക്കാനുള്ള തിരക്കിലായിരുന്നു ഉടമകളും ജീവനക്കാരും.

1 സീറ്റുകൾ വൃത്തിയാക്കുന്നു. 2 വിജയ് ഫാൻസുകാർ ഇന്നു റിലീസാവുന്ന ചിത്രത്തിന്റെ ഫ്ലക്സ് ഒട്ടിക്കുന്നു. ചിത്രം: മനോരമ

10 മാസം അടച്ചിട്ടതു മൂലം വന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിനാൽ ജില്ലയിലെ ചില തിയറ്ററുകൾ തൽക്കാലം തുറക്കില്ല. ഇന്ന് സിനിമയുള്ള തിയറ്ററുകളിൽ ഇന്നലെ വൈകിട്ടോടെ അണുനശീകരണം പൂർത്തിയാക്കി. പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും തിയറ്ററിലേക്ക് പ്രവേശനം. ശരീരോഷ്മാവ് പരിശോധിക്കാനുള്ള സംവിധാനവും സാനിറ്റൈസറും ഒരുക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഒന്നിടവിട്ട കസേരകളിൽ മാത്രമായിരിക്കും ഇരിക്കാൻ അനുവദിക്കുക. അല്ലാത്ത കസേരകൾ ഇരിക്കാനാവാത്ത വിധത്തിൽ കെട്ടി വയ്ക്കാനാണ് തീരുമാനം.

മാനദണ്ഡങ്ങൾ ലംഘിക്കുന്നുണ്ടോയെന്നുറപ്പു വരുത്താൻ ഇടയ്ക്കിടെ കർശന പരിശോധനയും ഉറപ്പുവരുത്തും. മാർച്ചിൽ കൂടുതൽ മലയാള സിനിമകൾ എത്തുന്നതോടെ പ്രതാപകാലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് തിയറ്ററുകൾ. വിനോദ നികുതി ഒഴിവാക്കിയതിനാൽ പകുതി ആളുകൾ എത്തിയാലും നഷ്ടമില്ലാതെ മുന്നോട്ടു പോകാനാകുമെന്നാണ് കരുതുന്നത്. അടച്ചിട്ട പല തിയറ്ററുകൾക്കും 5 ലക്ഷത്തിനു മുകളിലായിരുന്നു അടച്ചു തീർക്കാനുള്ള വൈദ്യുതി ബിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com