ADVERTISEMENT

കൊല്ലം ∙ ബൈപാസിലൂടെയുള്ള യാത്രയ്ക്ക് ഇന്നു മുതൽ ടോൾ നൽകണം. അനുവദിച്ചിരിക്കുന്നതിൽ കൂടുതൽ ഭാരം കയറ്റി വരുന്ന വാഹനങ്ങൾക്കു പത്തിരട്ടി ടോൾ ഫീസ് നൽകേണ്ടി വരും. ഇതിനു പുറമേ അധികമായുള്ള ലോഡ് ഒഴിവാക്കി യാത്ര തുടരേണ്ടിയും വരും. 352.05 കോടി രൂപ ചെലവഴിച്ചു നിർമിച്ച ബൈപാസിനു കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തുല്യവിഹിതമാണു മുടക്കിയിട്ടുള്ളത്. കേന്ദ്ര സർക്കാർ ചെലവിട്ട തുക ടോളായി പിരിച്ചെടുത്തു കഴിഞ്ഞാൽ ടോൾ നിരക്ക് 40 ശതമാനമാക്കി കുറയ്ക്കും. എന്നാൽ വർഷം തോറും ടോൾ നിരക്കു പുതുക്കുമെന്നതിനാൽ വാഹനയാത്രികർക്കു വലിയ ഇളവ് ലഭിക്കാൻ സാധ്യത കുറവായിരിക്കും.

നിരക്കുകൾ ഇങ്ങനെ

∙ കാർ, വാൻ, ലൈറ്റ് മോട്ടർ വാഹനങ്ങൾ എന്നിവയുടെ ഒരു ദിശയിലേക്കുള്ള യാത്രയ്ക്ക് 25 രൂപയാണ് നിരക്ക്. മടക്കയാത്ര ഉൾപ്പെടെ 35 രൂപ. ഈ വിഭാഗത്തിൽപെട്ട വാഹനങ്ങൾ പ്രതിമാസം 50 യാത്രകൾ മാത്രം നടത്തിയാൽ 780 രൂപ നൽകിയാൽ മതി. കൊല്ലം ജില്ലയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഈ വിഭാഗം വാഹനങ്ങൾക്ക് ഒരു യാത്രയ്ക്കു 10 രൂപയാണു ടോൾ.

∙ ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങൾ, ലൈറ്റ് ഗുഡ്സ് വെഹിക്കിൾ, മിനി ബസ് എന്നിവയ്ക്ക് ഒറ്റയാത്രയ്ക്ക് 40 രൂപയും മടക്കയാത്രയുണ്ടെങ്കിൽ 55 രൂപയും നൽകണം. ഒരു മാസത്തേക്ക് (50 യാത്രകൾക്ക്) ഈ വിഭാഗം വാഹനങ്ങൾക്ക് 1260 രൂപയാണ് ടോൾ. കൊല്ലത്ത് റജിസ്റ്റർ ചെയ്തിട്ടുള്ള ഈ വിഭാഗങ്ങളിലുള്ള വാഹനങ്ങൾക്ക് ഒരു യാത്രയ്ക്ക് 20 രൂപ ഈടാക്കും.

∙ ബസ്, ട്രക്ക് (ഇരട്ട ആക്സിൽ) എന്നിവയ്ക്ക് ഒരു ദിശയിലേക്കു മാത്രമുള്ള യാത്രയ്ക്ക് 80 രൂപയും മടക്കയാത്രയുണ്ടെങ്കിൽ 120 രൂപയുമാണ് ടോൾ. ഒരു മാസത്തേക്ക് 2640 രൂപ ഈടാക്കും. ഈ വിഭാഗത്തിലും കൊല്ലത്ത് റജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് ഒറ്റ യാത്രയ്ക്ക് 40 രൂപ.

∙ മൂന്ന് ആക്സിൽ ഉള്ള വാഹനങ്ങൾ ഒറ്റ യാത്രയ്ക്ക് 85 രൂപയും മടക്ക യാത്ര ഉണ്ടെങ്കിൽ 135 രൂപയും നൽകണം. ഒരു മാസ യാത്രയ്ക്ക് ഇത്തരം വാഹനങ്ങൾ 2880 രൂപയാണ് ടോൾ നൽകേണ്ടി വരിക. റജിസ്ട്രേഷൻ കൊല്ലം ജില്ലയിലേത് ആണെങ്കിൽ ഒരു യാത്രയ്ക്ക് 45 രൂപ.

∙ ഹെവി കൺസ്ട്രക്‌ഷൻ മെഷിനറികൾ, മണ്ണുമാന്തികൾ എന്നിവയ്ക്ക് ഒറ്റയാത്രയ്ക്ക് 125 രൂപയും മടക്കയാത്ര ഉണ്ടെങ്കിൽ‌ 185 രൂപയും കൊടുക്കണം. 50 യാത്രകൾ മാത്രം നടത്താവുന്ന പ്രതിമാസ പാക്കേജിൽ ഈ വിഭാഗത്തിനു 4140 രൂപയാണു ടോൾ. കൊല്ലം റജിസ്ട്രേഷനാണ് വാഹനത്തിനെങ്കിൽ ഒറ്റ യാത്രയ്ക്ക് 60 രൂപ.

∙ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഒറ്റ യാത്രയ്ക്ക് 150 രൂപ ടോൾ നൽകണം. മടക്കയാത്ര ഉണ്ടെങ്കിൽ 225 രൂപ. ഈ വിഭാഗത്തിൽപെട്ട വാഹനങ്ങൾ പ്രതിമാസം 50 യാത്രകൾ മാത്രം നടത്തിയാൽ 5040 രൂപ ടോൾ നൽകിയാൽ മതി. കൊല്ലം റജിസ്ട്രേഷനുള്ളവ ഒരു യാത്രയ്ക്ക് 75 രൂപ നൽകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com